ജീരകശാല അരിമാവും മൊരിഞ്ഞ ബീഫുമായി ഒരു കൂട്ടുകെട്ട്

വീടിന്‍റെ അടുത്തുള്ള ഒരു വലിയ പുളിമരം. സഫ്നയുടെ റമദാന്‍ ഓർമകളില്‍ രസകരമായത് അതിന്‍റെ ചുവട്ടില്‍ ആണെന്ന് പറയാം. നോമ്പ് പകലുകളില്‍ വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് പുളി പറിക്കാന്‍പോകലാണ് കുട്ടിക്കാലത്തെ മുഖ്യവിനോദം. അന്നു  നോമ്പിന്‍റെ ഗൗരവം അത്രക്ക് അറിയില്ലല്ലോ. നോമ്പ് തുറന്നിട്ട് തിന്നാന്‍ ശേഖരിച്ചു വെക്കുന്ന പുളി ഉപയോഗപ്പെടാറില്ല എന്നു മാത്രം. എങ്കിലും പിറ്റേന്ന് വീണ്ടും പുളിഞ്ചുവട്ടില്‍ ഹാജര്‍!

ഉമ്മ ഉണ്ടാക്കാറുള്ള വിഭവങ്ങള്‍ തന്നെ ഏറ്റവും പ്രിയം. കല്യാണത്തിന് മുമ്പ് അതൊന്നും ഉണ്ടാക്കാന്‍ പഠിച്ചിരുന്നില്ല. ഇവിടെ വന്നപ്പോള്‍ ആദ്യം വലിയ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ എല്ലാം ഉണ്ടാക്കാന്‍ പഠിച്ചു. വയനാട് ആണ് സഫ്നയുടെ സ്വദേശം. ഭർത്താവ് നിസാര്‍ ഗൾഫാറിൽ ഉദ്യോഗസ്ഥനാണ്. മകന്‍ ഷാസ് ഒന്നാം ക്ലാസ് വിദ്യാർഥി. ബീഫ് അടുക്കുറൊട്ടിയാണ് സഫ്ന പരിചയപ്പെടുത്തുന്നത് .

ചേരുവകൾ:

  • ജീരകശാല അരി -ഒരു കപ്പ്
  • തേങ്ങ -കാൽ കപ്പ് 
  • ഏലക്ക, ഗ്രാമ്പൂ -രണ്ടു വീതം
  • ബീഫ് -കാൽ കിലോ 
  • സവാള -നാല് 
  • പച്ചമുളക് -നാല് 
  • ഇഞ്ചി -ഒരു കഷ്ണം  
  • വെളുത്തുള്ളി -നാല് അല്ലി 
  • കറിവേപ്പില -ആവശ്യത്തിന്
  • മുളകുപൊടി -രണ്ടു ടീസ് പൂൺ 
  • മഞ്ഞൾപ്പൊടി -കാൽ ടീസ് പൂൺ
  • കുരുമുളകുപൊടി -അര ടീസ് പൂൺ 
  • ഗരം മസാല -ഒരു ടീസ് പൂൺ 
  • ഉപ്പ്, എണ്ണ, നെയ്യ് -ആവശ്യത്തിന്

തയാറാക്കുന്നവിധം: 

അരി രണ്ടു മണിക്കൂർ വെള്ളത്തിൽ കുതിർത്തിയ ശേഷം തേങ്ങാ, ഗ്രാമ്പൂ, ഏലക്ക ചേർത്ത് അരച്ചെടുക്കുക. കട്ടി അധികം വേണ്ട. ബീഫ് ഉപ്പും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് മിൻസ് ചെയ്യുക. ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള വഴറ്റുക. പച്ചമുളക് അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും വഴറ്റി പച്ചമണം മാറുമ്പോൾ മഞ്ഞള്‍പ്പൊടിയും കുരുമുളകുപൊടിയും ഗരം മസാലയും ചേർത്ത് മിൻസ് ചെയ്ത ബീഫ് ഇട്ടു നന്നായി വരട്ടുക. അപ്പച്ചെമ്പിൽവെള്ളം തിളപ്പിക്കുക. അതിന്‍റെ തട്ടിലേക്കു നെയ്യ് പുരട്ടിയ ഒരു കിണ്ണം ഇറക്കിവച്ച് ഒരു തവി മാവ് ഒഴിക്കുക. ഇതിനു മീതെ മസാല തൂകുക. അടച്ചു വച്ച് അഞ്ചു മിനിറ്റു വേവിച്ച ശേഷം മീതെ നെയ്യ് തൂകി മാവു ഒഴിക്കുക. പിന്നെയും മസാല ഇടുക. ഇങ്ങനെ രണ്ടോ മൂന്നോ ലയര്‍ ഉണ്ടാക്കി അടച്ചുവച്ചു വേവിച്ചെടുക്കുക. തണുത്ത ശേഷം മുറിച്ചു വിളമ്പുക.

തയാറാക്കിയത്: ഹേമ സോപാനം

Tags:    
News Summary - ramadan special dishes geerakasala rice and beef fry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.