കാഞ്ഞിരപ്പള്ളിയിലെ തേങ്ങാച്ചോറും ബീഫ് പിരളനും 

ഇക്കുറി നോമ്പുകാലവും പെരുനാളും നാട്ടില്‍ ചെലവിടുന്ന സന്തോഷത്തിലാണ് നീതുവും കുടുംബവും. നാട്ടിലെ നോമ്പ് കാലം മക്കളും പരിചയപ്പെടട്ടെ എന്നു പറയുന്ന നീതു ഒപ്പം പഴയ നോമ്പുകാല ഓർമകളിലേക്ക്​ തനിക്കൊരു മടക്കയാത്ര ആവാമല്ലോ എന്നും കരുതുന്നു. കുട്ടിക്കാലത്ത് നോമ്പ് ആകാന്‍ കാത്തിരിക്കും. ഉമ്മയും ഉമ്മൂമ്മയും നല്ല രുചിയോടെ പാചകം ചെയ്യുന്നവരും കാഞ്ഞിരപ്പള്ളിയുടെ സൽക്കാര പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന കൂട്ടത്തിലും ആയിരുന്നു.

എന്നും വ്യത്യസ്തമായ നോമ്പ്തുറ വിഭവങ്ങള്‍ ഉണ്ടാക്കിത്തരും. ഇതിനു പുറമേ ബന്ധുവീടുകളില്‍ നോമ്പുതുറക്ക്​ വിളിക്കുന്ന സന്തോഷം വേറെയും. കുട്ടികൾക്ക്​ എല്ലായിടത്തും സ്പെഷല്‍ പരിഗണന ആണല്ലോ. പത്തനംതിട്ട സ്വദേശിയാണ് ഭർത്താവ് ഷഫീക്ക്. ബിൽഡിങ് കോൺട്രാക്ടിങ് മേഖലയില്‍ ബിസിനസാണ്. മകള്‍ സഫ പതിനൊന്നിലും മകന്‍ സയാന്‍ അഞ്ചിലും പഠിക്കുന്നു. കാഞ്ഞിരപ്പള്ളിക്കാരുടെ നോമ്പുകാല കോമ്പിനേഷനായ തേങ്ങാ ചോറും ബീഫ് പിരളനുമാണ് ഇന്നത്തെ ഇഫ്താര്‍ വിഭവം.

1. തേങ്ങാച്ചോര്‍

ചേരുവകള്‍: 

  • കുത്തരി/തവിടില്ലാത്ത പുഴുക്കലരി -ഒരു നാഴി 
  • തേങ്ങാപ്പാല്‍ -രണ്ടു നാഴി 
  • പെരുംജീരകപ്പൊടി -ഒരു ടീസ്പൂണ്‍ 
  • കറുവപ്പട്ട ഒരു കഷണം
  • ചെറിയ ഉള്ളി വട്ടത്തില്‍ അരിഞ്ഞത് -എട്ട്​ എണ്ണം 
  • മഞ്ഞൾപ്പൊടി -മുക്കാൽ ടീസ്പൂണ്‍ 
  • കറിവേപ്പില -കുറച്ച് 
  • വെ ളിച്ചെണ്ണ -2 ടേബ്ൾസ്​പൂൺ

തയാറാക്കുന്ന വിധം: 

പ്രഷര്‍ കുക്കര്‍ അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി അരിഞ്ഞതും കറിവേപ്പിലയും മൊരിക്കുക. അതിലേക്കു തേങ്ങാപ്പാല്‍ ഒഴിക്കുക. മഞ്ഞൾപ്പെടിയും പട്ടയും പെരുംജീരകപ്പൊടിയും ചേർക്കണം. കഴുകി വച്ചിരിക്കുന്ന അരി ഇട്ടിളക്കി ആവശ്യത്തിന് ഉപ്പും ചേർത്ത്​ കുക്കര്‍ അടക്കുക. ഒരു വിസില്‍ വന്നാല്‍ തീ കുറച്ചു 15 മിനിട്ട് വേവിക്കണം. നല്ല വേവുള്ള അരി ആണെങ്കില്‍ കുറച്ചു സമയം കൂടിവെക്കാം.

2. ബീഫ് പിരളന്‍ 

ചേരുവകള്‍: 

  • ബീഫ് -ഒരു കിലോ 
  • സവാള വലുത് -രണ്ട്​ എണ്ണം
  • ഇഞ്ചിവലിയ -ഒരു കഷണം
  • വെ ളുത്തുള്ളി -ഒരു കുടം
  • ചെറിയ ഉള്ളി -അമ്പത് ഗ്രാം 
  • പച്ച മുളക് -അഞ്ചെണ്ണം
  • തേങ്ങാകൊത്ത് -കുറച്ച്
  • കശ്മീരി മുളകുപൊടി -ഒന്നര ടീസ്പൂണ്‍
  • സാദാ മുളകുപൊടി -ഒരു ടീസ്​പൂൺ
  • ഷാഹി മല്ലിപ്പൊടി -രണ്ടര ടീസ്​പൂൺ
  • മഞ്ഞൾപ്പൊടി -കാൽ ടീസ്​പൂൺ
  • പെരുംജീരകപ്പൊടി -1 ടീസ്​പൂൺ 
  • പട്ട, ഗ്രാമ്പൂ, ഏലക്ക പൊ ടിച്ചത് -ഒരു ടീസ്​പൂൺ
  • വെളിച്ചെണ്ണ -മൂന്ന് ടേബ്ൾ സ്​പൂൺ
  • ഉലുവ -ആവശ്യത്തിന്

തയാറാക്കുന്ന വിധം: 

എണ്ണ ചൂടാക്കി ഉലുവ പൊട്ടിച്ച് സവാള വഴറ്റുക. പിന്നീട് ഇഞ്ചി വെളുത്തുള്ളി പേസ്​റ്റും പച്ചമുളകും ചെറിയ ഉള്ളിയും കൂടി ചതച്ചതും ചേ ർക്കണം. എല്ലാം നന്നായി വഴറ്റി പൊടികള്‍ ചേർത്ത്​ മൂപ്പിക്കണം. അതിലേക്ക്​ തേങ്ങാകൊത്തും ചേർക്കാം. പിന്നെ ബീഫ് ചേർത്ത്​ ചെറിയ തീയില്‍ വേവിക്കണം. ഇറച്ചിയില്‍ നിന്ന് വെള്ളം ഇറങ്ങി വരുമ്പോള്‍ രണ്ടു ഗ്ലാസ് ചൂട് വെള്ളം കൂടി ചേർത്ത്​ ഇടക്കിടെ ഇളക്കി നന്നായി വേവിക്കുക. വെന്താല്‍ കറിവേപ്പില ചേർത്ത്​ കുറച്ചു നേരം കൂടെ വച്ചിട്ട് ഇറക്കാം.

തയാറാക്കിയത്: ഹേമ സോപാനം 

Tags:    
News Summary - ramadan special dishes kanjirappally model thenga choru and beef kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.