സമോസയുടെ സ്ക്വയര്‍ കസിൻ, മെക്കാബ്

ഒമാനില്‍ വളര്‍ന്ന സിയയുടെ റമദാന്‍ ഓര്‍മകളില്‍ തെളിയുന്ന ഫ്രെയിമുകളിലെല്ലാം മസ്കത്ത് നിറയുന്നു. ബിസിനസുകാരനായ അനസിന്‍റെയും ഷൈമയുടെ യും അഞ്ചു മക്കളില്‍ മൂത്തയാള്‍ ആയതു കൊണ്ടുതന്നെ ഉമ്മയുടെ വലംകൈയായി നിന്ന്​പാചകം കണ്ടു പഠിച്ചു. ജ്യൂസ് ഉണ്ടാക്കാന്‍ മിടുക്കനായിരുന്നതു കൊണ്ട് ആങ്ങളയായിരുന്നു നോമ്പുകാലത്ത് ജ്യൂസ് മേക്കര്‍! അഞ്ചു മക്കളുടെ അഞ്ചു തരം രുചികളെയും തൃപ്തിപ്പെടുത്തുന്ന ഉമ്മ അയൽക്കാർക്ക്​വേണ്ടിയും വിഭവങ്ങള്‍ ഒരുക്കിയിരുന്നു. ഉപ്പയുടെ സഹോദരനും കുടുംബവും ഇവിടെ തന്നെ ഉണ്ടായിരുന്നതു കൊണ്ട് ഒരുമിച്ചായിരുന്നു നോമ്പുതുറ. കുട്ടികളെല്ലാം കൂടി തിമിർക്കുന്ന ബഹളം കൊണ്ട് പലപ്പോഴും അയൽപക്കത്തെ ഒമാനി കുടുംബം പരാതിയുമായി ഉമ്മയുടെ അടുത്തെത്തും.

നോമ്പുതുറ കഴിഞ്ഞു ചിലപ്പോള്‍ ഷോപ്പിങ്ങ്​ അല്ലെങ്കില്‍ വെറുതെ ചുറ്റിയടിക്കൽ, നാട്ടില്‍ നിന്ന് ഉമ്മുമ്മയും അങ്കിളും വരുന്ന നോമ്പ് കാലങ്ങളില്‍ പകല്‍ ഓരോ സ്ഥലങ്ങള്‍ കാണാന്‍ പോകൽ, ഈദിന് ട്രിപ്പ് പോകേണ്ട സ്ഥലത്തെ ചൊല്ലി ഉമ്മയുടെ പിന്നാലെ നടന്നു ശല്യപ്പെടുത്തൽ, അങ്ങനെ ഒട്ടേറെ നിറമുള്ള ഓർമകൾ‍. ഇന്നിപ്പോള്‍ കുടുംബജീവിതവും അമ്മയെന്ന ഉത്തരവാദിത്തവും ഒക്കെയായി നോമ്പുകാലം പാടേ മാറിപ്പോയെന്ന്​പറയുന്ന സിയ സി.എക്ക് പഠിക്കാനായി മാതാപിതാക്കൾക്കൊപ്പം താമസിക്കുന്നു. ഭർത്താവ് അനീസ് ബംഗളൂരുവില്‍ ഡെല്‍ കമ്പനിയില്‍ ഐ.ടി എഞ്ചിനീയർ‍. ഒരു വയസ്സുകാരന്‍ സയ്ബിലാന്‍ ആണ് മകന്‍. പച്ചക്കറികള്‍ ആരോഗ്യത്തിന് ഒഴിച്ചുകൂടാന്‍ പറ്റാത്തതാണെന്ന് ഓർമിപ്പിക്കുന്ന ഒരു വെജ് കം നോണ്‍ വെജ് വിഭവം, മെക്കാബ് ആണ് സിയ പങ്കുവെക്കുന്നത്.

ചേരുവകള്‍: 

  • സമോസ ഷീറ്റ് -10
  • ചുവന്ന കാബേജ് -ചെറിയ ഒന്നിന്‍റെ പകുതി
  • ഫ്രോസണ്‍ കോണ്‍ -മുക്കാൽ കപ്പ്
  • കാരറ്റ് ചെറുത് -രണ്ട്​
  • മുട്ട -രണ്ട്​
  • ബീഫ് -അര കിലോ 
  • മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
  • ഗ്രീന്‍ ചില്ലി സോസ് -ഒന്നര ടേബിൾ സ്പൂൺ
  • മയോനീസ് -രണ്ട്​ടേബിൾസ്പൂൺ
  • ഓയിൽ -ഒരു ടേബിൾ സ്പൂൺ
  • പാപ്രിക്ക -രണ്ട്, മൂന്ന് നുള്ള് 
  • ചുവന്ന കാപ്സിക്കം -ഒരെണ്ണം (ക്യൂബ്സ് ആക്കിയത്)
  • കുരുമുളകുപൊടി -അര ടീസ്പൂണ്‍
  • ഷാഹി ഗരം മസാല -അര ടീസ്പൂ ണ്‍
  • ഉപ്പ് -ആവശ്യത്തിന്
  • മൈദ വെളളത്തില്‍ കലക്കി പേസ്റ്റ്​ആക്കിയത്

തയാറാക്കുന്ന വിധം: 

പ്രഷര്‍ കുക്കറില്‍ ഇറച്ചി മഞ്ഞൾപൊടിയും ഗരം മസാലയും ഉപ്പും ചേർത്ത് വേ വിച്ചെടുത്ത് പൊടിച്ചുവെക്കുക. കാബേജ് നീളത്തില്‍ അരിയുക. കാരറ്റ് വലിപ്പത്തില്‍ ഗ്രേറ്റ് ചെയ്യുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി കോണ്‍, ഉപ്പും കുരുമുളകും അൽപം ചില്ലി സോസും ചേർത്ത് വഴറ്റുക. ഒരു ബൗളിൽ മുട്ട പൊട്ടിച്ച്​ഒഴിച്ച് ഉപ്പും കുരുമുളകും അരിഞ്ഞ കാപ്സിക്കവും പാപ്രിക്കയും ചേർത്ത ശേഷം അതുപയോഗിച്ച്​മുട്ട ചിക്കിയത് ഉണ്ടാക്കുക. ഇനി ഇറച്ചി പൊടിച്ചതും, പച്ചക്കറികള്‍ അരിഞ്ഞതും, മുട്ട ചിക്കിയതും എല്ലാം യോജിപ്പിച്ച് വെക്കുക. രുചി നോക്കി പോരാത്ത ഉപ്പോ എരിവോ ചേർക്കാം. ഇനി രണ്ടു സമോസ ഷീറ്റ് എടുക്കുക. ഒന്ന് ഒന്നിന് മുകളിലായി എൽ ഷേപ്പില്‍ വച്ച ശേഷം രണ്ടു ഷീറ്റും ചേരുന്ന ഭാഗം മൈദ പേസ്റ്റ്​ തേച്ചു ഒട്ടിക്കുക. ഒന്നര ടേബിള്‍ സ്പൂ ണ്‍ ഫില്ലിംഗ് വച്ച ശേഷം മുകളിലേക്കു നിൽക്കുന്ന ഷീറ്റിന്‍റെ തുമ്പ് താഴേക്കും വശത്തേക്കുള്ള ഷീറ്റിന്‍റെ തുമ്പ് ഇടത്തേക്കും മടക്കുക. ഫില്ലിങ്ങിനെ മൂടിയ ശേഷം ബാക്കി നിൽക്കുന്ന തുമ്പുകള്‍ താഴേക്ക് കൂടി മടക്കേണ്ടി വരും. മൈദ പേസ്റ്റ്​വച്ച് തുമ്പുകള്‍ ഭദ്രമായി ഒട്ടിച്ചു കഴിയുമ്പോള്‍ ചതുരത്തിലുള്ള ഒരു പലഹാരമാകും. രണ്ടു വശവും ഗോൾഡൻ ബ്രൗൺ ആകും വര എണ്ണയില്‍ ഫ്രൈ ചെയ്തു കഴിഞ്ഞാല്‍ മെക്കാബ് റെഡി.

തയാറാക്കിയത്: ഹേമ സോപാനം

Tags:    
News Summary - ramadan special dishes veg cum non veg dish samoosa meccab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.