വിഷ്ണു

അക്ഷരങ്ങൾകൊണ്ടൊരു ഓർമക്കൂട്

സാഹിത്യത്തോടൊപ്പം ജനസേവനവും ജീവകാരുണ്യപ്രവർത്തനങ്ങളും മറ്റുമായി നാടിനും നാട്ടുകാർക്കും പ്രിയങ്കരനായിരുന്ന വിഷ്ണുവിനെ മരണാനന്തരവും നാടിന്‍റെ സ്പന്ദനമാക്കി നിലനിർത്തുകയാണ് വിഷ്ണു വായനശാല ആൻഡ് ലൈബ്രറി

അക്ഷരങ്ങളെ സ്നേഹിച്ച് അകാലത്തിൽ വേർപിരിഞ്ഞ മകന് അക്ഷരങ്ങൾ കൊണ്ടൊരു ഓർമക്കൂട്. എഴുത്തിനെയും വായനയെയും ജീവനുതുല്യം പ്രണയിച്ച മകന്‍റെ ഓർമകളെ അക്ഷരവെളിച്ചമായി മറ്റുള്ളവർക്ക് പകരാൻ സ്വന്തം വീട്ടിൽ വായനശാല ഒരുക്കുകയാണ് തണ്ണീർമുക്കം സ്വദേശി പി.ജി. സത്യനും ഭാര്യ രാധികയും. സാഹിത്യത്തോടൊപ്പം ജനസേവനവും ജീവകാരുണ്യപ്രവർത്തനങ്ങളും മറ്റുമായി നാടിനും നാട്ടുകാർക്കും പ്രിയങ്കരനായിരുന്ന വിഷ്ണുവിനെ മരണാനന്തരവും നാടിന്‍റെ സ്പന്ദനമാക്കി നിലനിർത്തുകയാണ് വിഷ്ണു വായനശാല ആൻഡ് ലൈബ്രറി.

ഓർമകളുടെ കൂട്ട്

രാവിലെ ആറുമുതൽ രാത്രി 10.30വരെയാണ് ലൈബ്രറിയുടെ പ്രവർത്തനം. നിബന്ധനകളും നിയന്ത്രണങ്ങളുമില്ല. ആർക്കും എപ്പോൾ വേണമെങ്കിലും ഒത്തുചേരാം. പരസ്പരം സംസാരിച്ചും ടി.വി കണ്ടും പേപ്പർ വായിച്ചും കളിച്ചും ചിരിച്ചും ആരോഗ്യശീലം ഉറപ്പാക്കിയും വായനശീലമുള്ളവർ പുസ്തകം വാങ്ങിയും മടങ്ങുമ്പോൾ ആ അച്ഛനമ്മമാരുടെ മനസ്സുനിറയും.

വിഷ്ണുവിന് വായനയോടും എഴുത്തിനോടും വല്ലാത്ത താൽപര്യമായിരുന്നു. സമയംകിട്ടുമ്പോൾ കുറിച്ചുവെച്ച എഴുത്തും കവിതയുമൊന്നും ഇനിയും വെളിച്ചം കണ്ടിട്ടില്ല. വായനശീലത്തിനൊപ്പം ചിത്രകലയിലും ഫോട്ടോഗ്രഫിയിലും തന്‍റേതായ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട് അവൻ. സംസ്ഥാനതലത്തിൽ നടന്ന ഓൺലൈൻ ഫോട്ടോഗ്രഫി മത്സരത്തിൽ ഒന്നാംസ്ഥാനവും നേടി. 'ചുറ്റുമുള്ളവർ എപ്പോഴും അവന്‍റെ പേര് പറയണം, അങ്ങനെ അവന്റെ ഓർമകൾ നിലനിൽക്കണം' മാതാപിതാക്കളുടെ ഈ ആഗ്രഹമാണ് നാട്ടുകാരുടെ കൂട്ടായ്മയിലൂടെ 'വിഷ്ണു' ലൈബ്രറി പിറവിയെടുക്കാൻ കാരണം.

തണ്ണീർമുക്കം മണവേലിൽ വിഷ്ണു ലൈബ്രറി

കഴിഞ്ഞ ജൂലൈ 17ന് തുറന്ന ലൈബ്രറിയിൽ 1500ലധികം പുസ്തകങ്ങളുണ്ട്. ഇതിൽ വിഷ്ണുവിന്‍റെതന്നെ 100ലധികം പുസ്തകങ്ങൾ ഉൾപ്പെടും. വിദേശത്തുള്ള അവന്‍റെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്നാണ് പുസ്തകങ്ങൾ ശേഖരിച്ചത്. സ്വാശ്രയസംഘവും കുടുംബശ്രീയും ഇതിൽ പങ്കാളികളായി. കൂടുതലുമുള്ളത് ഇംഗ്ലീഷ് നോവലുകളും കഥകളുമാണ്. കുട്ടികളുടെ പ്രസിദ്ധീകരണങ്ങളും ചിത്രകഥകളും ഏറെയുണ്ട്. തകഴി, എസ്.കെ. പൊറ്റെക്കാട്ട്, കമല സുരയ്യ, എം.ടി. വാസുദേവൻനായർ, വൈക്കം മുഹമ്മദ് ബഷീർ അടക്കമുള്ള പ്രമുഖകരുടെ പുസ്തകങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ചേർത്തല നൈപുണ്യ കോളജിൽ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിനിയായ സഹോദരി ശ്രീവിദ്യയും ലൈബ്രറിയുടെ കൂടെ എപ്പോഴുമുണ്ട്.

ആഗസ്റ്റ് ആറ്

2021 ആഗസ്റ്റ് ആറിനാണ് വിഷ്ണുവിന്‍റെ ജീവനെടുത്ത അപകടമുണ്ടായത്. 25കാരനായ വിഷ്ണു രണ്ടുവർഷത്തോളം മെഷിനിസ്റ്റായി ജോലിചെയ്ത കലവൂർ കെ.എസ്.ഡി.പിയിലേക്ക് ബൈക്കിൽ സഞ്ചരിക്കവെ എതിരെ വന്ന ടാങ്കർലോറി ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ് വിഷ്ണു മരണത്തിന് കീഴടങ്ങി. പഠനകാലം മുതൽ ജീവകാരുണ്യപ്രവർത്തനത്തിലും സജീവമായിരുന്നു വിഷ്ണു. ആരെയും സഹായിക്കുന്ന മനസ്സ്. ചേർത്തല ബിഷപ് മൂർ ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു പത്താംതരംവരെ പഠിച്ചത്. പ്ലസ്ടു ചേർത്തല സെന്‍റ് ആന്‍റണീസ് സ്കൂളിലായിരുന്നു. പിന്നീട് ഐ.ടി.ഐ പൂർത്തിയാക്കിയ ശേഷമാണ് ജോലിക്കുകയറിയത്.

കൂടെ ആരോഗ്യരക്ഷയും

ലൈബ്രറിയിൽ ഒത്തുചേരുന്നവരുടെ 'കൂട്ടായ്മ' നാടിന്‍റെ വെളിച്ചമാണ്. ജീവിതശൈലി രോഗചികിത്സയും പാലിയേറ്റിവ്കെയർ പ്രവർത്തനവുമാണ് പ്രധാനം. എല്ലാമാസവും മൂന്നാമത്തെ ഞായറാഴ്ച ലൈബ്രറിയിൽ മെഡിക്കൽ ക്യാമ്പ് നടത്തുന്നുണ്ട്. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിലുള്ള പാലിയേറ്റിവ് കെയർ യൂനിറ്റ് ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം ഉറപ്പാക്കിയാണ് പരിപാടി നടത്തുന്നത്. വാർഡിൽ കിടപ്പുരോഗികളായവർക്ക് പരിചരണവും നൽകുന്നുണ്ട്.

അറംപറ്റിയ വാക്കുകൾ......

'അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന് അപ്പുറം നല്ലൊരു സുഹൃത്തുകൂടിയായിരുന്നു വിഷ്ണു. അപകടമുണ്ടാകുന്നതിന് ഒരാഴ്ച മുമ്പ് വീട്ടിലെ പ്രധാന ചർച്ച മരണത്തെക്കുറിച്ചായിരുന്നു. മരണശേഷം അനാവശ്യ സംസ്കാരച്ചടങ്ങുകൾ നടത്തരുതെന്ന് പ്രത്യേകം പറഞ്ഞിരുന്നു. വീട്ടിൽ മരണമുണ്ടായാൽ ഒന്നുരണ്ടു ദിവസം കഴിയുമ്പോൾ ബന്ധുക്കളുടെ ദുഃഖം മാറിയില്ലെങ്കിൽ ജീവിച്ചിരിക്കുന്നവർക്ക് ഒരുപാട് ബുദ്ധിമുട്ടുണ്ടാകുമെന്നായിരുന്നു എന്‍റെ വാദം.

ഇത് ശരിയാണെങ്കിലും പൂർണമായും യോജിക്കാൻ കഴിയില്ലെന്നായിരുന്നു വിഷ്ണുവിന്‍റെ മറുപടി. ഞാൻ മരിച്ചുപോയാൽ അച്ഛനും അമ്മക്കും രണ്ടുമൂന്ന് ദിവസംകൊണ്ട് ദുഃഖം മാറുമോയെന്ന മറുചോദ്യമാണ് അവൻ ചോദിച്ചത്. അത് അറംപറ്റുന്ന വാക്കായി മാറുമെന്ന് കരുതിയില്ല'' -സത്യൻ പറഞ്ഞുനിർത്തുന്നു.

വിഷ്ണുവിന്‍റെ ആഗ്രഹംപോലെ തന്നെ അനാവശ്യ ചടങ്ങുകൾ ഒഴിവാക്കിയാണ് സംസ്കാരം നടത്തിയത്. ചടങ്ങുകളിൽനിന്ന് കർമങ്ങൾ ഒഴിവാക്കിരുന്നു. പിന്നീട് ചിതാഭസ്മം നിമജ്ജനം ചെയ്തു. സംസ്കാരച്ചടങ്ങുകൾ ലളിതമാക്കിയപ്പോൾ മിച്ചംവന്ന തുക ജീവകാരുണ്യപ്രവർത്തനത്തിന് ചെലവിട്ടു, അവന്റെ ആഗ്രഹംപോലെ. ഇന്നും വിഷ്ണുവിന്റെ ഓർമകൾക്കു കൂട്ടായി അച്ഛനും അമ്മയും പെങ്ങളും ആ ലൈബ്രറിയിലുണ്ട്, അവന്റെ ആത്മാവുറങ്ങുന്ന ആ പുസ്തകങ്ങൾക്ക് കാവലായി.

Tags:    
News Summary - A memory of letters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.