നാദാപുരം: ലൈഫ് മിഷൻ ഉൾപ്പെടെ പാവപ്പെട്ടവർക്ക് വീട് നിർമിച്ചുനൽകുന്നതിന് പദ്ധതികൾ നിരവധിയാണ്, എന്നാൽ, ഇവയിലൊന്നും പരിഗണിക്കപ്പെടാതെ, റേഷൻ കാർഡുപോലുമില്ലാതെ നിരാലംബരായി ഒരു കുടുംബം. മരുന്നു വാങ്ങിക്കുന്നതിനോ പോലും മാർഗമില്ലാതെ കഴിയുന്ന ഇവർക്ക് സഹായഹസ്തവുമായി ആരുമെത്തുന്നില്ലെന്നത് ഇവരുടെ സങ്കടം ഇരട്ടിപ്പിക്കുന്നു.
നരിപ്പറ്റ പഞ്ചായത്തിൽപെട്ട വിലങ്ങാട് വാളുക്ക് റോഡിൽ കൂളിക്കാവിലെ ഷാജി (38), ഭാര്യ ഷീബ (36), മകൻ യദുകൃഷ്ണ(10) എന്നിവരാണ് പ്രതീക്ഷകൾ നഷ്ടപ്പെട്ട് കഴിയുന്നത്. വിലങ്ങാട് പുഴയുമായി ചേരുന്ന വാളുക്കിലെ ചെറുപുഴക്ക് കരയിൽ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു നിർമിച്ച ഷെഡിലാണ് ഇവർ താമസിക്കുന്നത്. മഴ തിമിർത്തുപെയ്താൽ പുഴയിലെ വെള്ളം താഴുന്നതുവരെ വീടിനു സമീപത്തെ റോഡാണ് ഇവർക്ക് അഭയം.
മഴ ശക്തമായാൽ പുഴയിലെ വെള്ളം ഇവരുടെ തറനിരപ്പു വരെ ഉയരും. പാറക്കൂട്ടങ്ങൾക്ക് മുകളിൽ നിൽക്കുന്ന തറഭാഗം ഏതു നിമിഷവും മഴവെളളത്തോടൊപ്പം പുഴയിൽ പതിക്കാവുന്ന നിലയിലാണ്. പത്തു വയസ്സുള്ള മകൻ യദുകൃഷ്ണ വിലങ്ങാട് സ്കൂളിൽ നാലാം ക്ലാസിലാണ് പഠിക്കുന്നത്. അപസ്മാര രോഗത്തിന്ചികിത്സയിലായതിനാൽ കോവിഡിനുശേഷം സ്കൂളിൽ പോയിട്ടേയില്ല. തണുപ്പും, പൊടിപടലവും തീരെ പാടില്ല. ആശാരിപ്പണി ചെയ്താണ് ഷാജി കുടുംബം പുലർത്തിയിരുന്നത്.
മൂന്നുവർഷം മുമ്പ് വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലായതോടെ വരുമാനവും നിലച്ചു. മകനും ഷാജിക്കുമായി മാസത്തിൽ മരുന്നിനു മാത്രം അയ്യായിരത്തോളം രൂപ വേണം. വീടിനായി ഇവർ പഞ്ചായത്തടക്കമുള്ള പല ഏജൻസികളെയും സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം.അതി ദരിദ്ര ചുറ്റുപാടിൽ കഴിയുന്ന ഇവർക്ക് സ്വന്തമായി റേഷൻ കാർഡില്ല.
താമസിക്കുന്ന കൂരക്ക് വീട്ടു നമ്പറില്ലാത്തതാണ് റേഷൻ കാർഡ് ലഭിക്കാൻ തടസ്സമായി നിൽക്കുന്നത്. റേഷൻ കാർഡ് ഇല്ലാത്തതിനാൽ സർക്കാർ തലത്തിലുള്ള ഒരു ആനുകൂല്യത്തിനും അപേക്ഷിക്കാനും കഴിഞ്ഞിട്ടില്ല. സമീപത്തെ ഒരു ഓട്ടോ ഡ്രൈവർ മാസത്തിൽ എത്തിച്ചു നൽകുന്ന ചില്ലറ സഹായം മാത്രമാണ് ഇവരുടെ ഏക ആശ്വാസം.
25 വർഷങ്ങൾ മുമ്പ് വിലങ്ങാട് ആലി മൂലയിൽ നിന്നാണ് ഇവർ ഇവിടെ എത്തിയത്. വീടിനു തൊട്ടു മുകളിൽ മലയോര ഹൈവേയുടെ നിർമാണത്തിന്റെ ആരവം നടക്കുമ്പോഴും കയറിക്കിടക്കാൻ സുരക്ഷിതമായ ഒരിടം എന്ന സ്വപ്നം പേറുകയാണ് ഈ കുടുംബം. സമീപത്തുതന്നെ സമാന സ്ഥിതിയിൽ സഹോദരൻ സുരേഷ് ബാബു, ഭാര്യ സനില മകൻ അഭിരാം എന്നിവരും അപകടം പിടിച്ച സ്ഥലത്ത് ഭീതിയോടെ കഴിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.