മറയൂർ: വർഷങ്ങളായി പ്രകൃതിദത്തമായ മറയൂർ ചന്ദനക്കാടിന് സംരക്ഷണമൊരുക്കുന്ന ഒരുപറ്റം വനിതകളുണ്ട്. വന്യമൃഗങ്ങൾക്കിടയിൽ കൊടും തണുപ്പും പ്രതികൂല കാലാവസ്ഥയും അതിജീവിച്ചാണ് ചന്ദനക്കാട്ടിൽ ഇവർ തങ്ങളുടെ ദൗത്യം നിറവേറ്റുന്നത്. മുരുകേശ്വരി, ദിവ്യ, പ്രശാന്തി, സീത, അഖില, ചിത്രാദേവി എന്നിവർ ഇവരിൽ ചിലർ മാത്രം. ഡി.എഫ്.ഒയുടെ കീഴിൽ മറയൂർ, കാന്തല്ലൂർ എന്നീ രണ്ട് റേഞ്ചുകളിലായി 11 വനിതകളാണ് ജോലിനോക്കുന്നത്.
കേരളത്തിൽതന്നെ ഏറ്റവും കുറഞ്ഞ വിസ്തീർണമുള്ള വനമാണെങ്കിലും കേരളത്തിന് വനത്തിലൂടെ തനത് സമ്പത്ത് എന്ന നിലയിൽ വർഷംതോറും പൊതുഖജനാവിലേക്ക് നൂറു കോടിയിലധികം രൂപ വരുമാനം നൽകുന്ന മേഖലയാണ് മറയൂർ. 2005ന് മുമ്പ് മറയൂർ എന്ന് കേട്ടാൽ ചന്ദനക്കൊള്ളയും കൊലപാതകങ്ങളും വെടിവെപ്പും കാട്ടുകൊള്ളകളുമാണ് നിറഞ്ഞിരുന്നത്. ഇന്ന് ഇതിനൊക്കെ കുറവ് വന്നിട്ടുണ്ടെങ്കിലും സുരക്ഷ ജോലികളുടെ കാര്യത്തിൽ ഒരു മാറ്റവുമില്ല. കാട്ടുപോത്തും കാട്ടാനകളും കടുവ ഉൾപ്പെടെ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള വനത്തിൽ രാത്രി കിലോമീറ്ററുകൾ നടന്നാണ് ചന്ദന സംരക്ഷണത്തിൽ ഇവർ ഏർപ്പെടുന്നത്.
വനം വാച്ചർ മുരുകേശ്വരി 2000ലാണ് ജോലിയിൽ പ്രവേശിക്കുന്നത്. അന്ന് പ്രദേശത്ത് ചന്ദനമോഷണം വ്യാപകമായിരുന്നു. 20 വർഷത്തെ അനുഭവത്തിൽ ഭയമെന്നൊന്നില്ലാതായതായി ഇവർ പറയുന്നു. പ്രശാന്തി ബീറ്റ് ഫോറസ്റ്റ് ഓഫിസറായി ജോലിയിൽ പ്രവേശിച്ചിട്ട് അഞ്ചുവർഷമായി. 2019ലാണ് മറയൂരിൽ എത്തുന്നത്. ഒരു രാത്രി പരമാവധി ഒന്ന് രണ്ടോ മണിക്കൂർ ഇടവിട്ട നേരങ്ങളിൽ കാവൽ ഷെഡിനുള്ളിൽ ഉണ്ടാകും. വൈകീട്ട് ആറിന് വനത്തിൽ നടപ്പ് തുടങ്ങി രാവിലെ ആറുവരെ വിശ്രമം ഇല്ലാതെയാണ് ജോലി ചെയ്യുന്നത്. രാത്രി 15 മുതൽ 20 കിലോമീറ്റർ വരെ നടക്കുമെന്ന് ഇവർ പറയുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫിസറായ ദിവ്യ മറയൂരിൽ എത്തിയിട്ട് നാല് മാസമായി.
മൂന്നുവർഷം വള്ളക്കടവ് റേഞ്ചിലായിരുന്നു. കാടിന്റെ പരിചയമുള്ള വാച്ചർമാരുടെ സഹായത്തോടെ ഏത് മൃഗങ്ങൾ സമീപം ഉണ്ടെങ്കിലും അതറിയാനുള്ള കഴിവ് നേടിയെടുത്തതായി ഇവർ പറയുന്നു. ഫോറസ്റ്റ് വാച്ചറായ സീത എട്ടുവർഷമായി ജോലിയിൽ പ്രവേശിച്ചിട്ട്. ചിന്നാർ, ലക്കം, മറയൂർ കാടുകളിലുമായി സംരക്ഷണ ജോലിയിൽനിന്ന് ലഭിച്ച അനുഭവം ഏറെയാണെന്ന് ഇവർ പറയുന്നു. ഇപ്പോൾ പയസ് നഗർ കാടുമായി ബന്ധപ്പെട്ട് കിടക്കുന്ന ചെക്ക് പോസ്റ്റിലാണ് ജോലി.
ചിന്നാർ വന്യജീവി സങ്കേതത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ അഖില അതിർത്തി ചെക്ക് പോസ്റ്റിലാണ്. രാത്രിയും പകലുമാണ് ജോലി. ചിന്നാർ സാങ്കേതത്തിൽ ഫോറസ്റ്റ് വാച്ചറാണ് ചിത്രാദേവി. ഇവരുടെ ഭർത്താവ് നാഗരാജ് 24 വർഷം താൽക്കാലിക വാച്ചറായി ജോലി ചെയ്തിരുന്നു. നാലുവർഷം മുമ്പ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതേ തുടർന്നാണ് ചിത്രാദേവിക്ക് ജോലി ലഭിക്കുന്നത്. ചന്ദന സംരക്ഷണത്തിനാണ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്ന് ഇവർ പറയുന്നു. വനം വകുപ്പിൽനിന്ന് എല്ലാ സഹകരണങ്ങളും ഉള്ളതാണ് ഈ ജോലിയിൽ തുടർന്നുപോകാനുള്ള കാരണമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.