റഷ അൽ-ഖുറേഷി

റിയാദിൽനിന്ന് ജിദ്ദയിലേക്ക് ഒട്ടകസവാരിക്കിറങ്ങി സൗദി യുവതി

ജിദ്ദ: സൗദി തലസ്ഥാനമായ റിയാദിൽനിന്ന് രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രദേശമായ ഹിജാസിലേക്ക് (ജിദ്ദ) ഒട്ടകപ്പുറത്തേറി യാത്ര തുടരുന്ന സൗദി വനിത ശ്രദ്ധേയയാവുന്നു. സ്വന്തമായി ഒട്ടകമുള്ള റഷ അൽ-ഖുറേഷിയാണ് ഇക്കഴിഞ്ഞ ബുധനാഴ്ച റിയാദിൽനിന്ന് ജിദ്ദയിലേക്ക് യാത്ര ആരംഭിച്ചത്. കഴിഞ്ഞ ഡിസംബറിൽ റിയാദിൽ നടന്ന കിങ് അബ്ദുൽ അസീസ് ഒട്ടകയോട്ട മത്സരത്തിൽ പങ്കെടുത്ത അവർ പരാജയപ്പെട്ടാൽ റിയാദിൽനിന്നും സ്വദേശമായ ജിദ്ദയിലേക്ക് ഒട്ടകപ്പുറത്തേറിതന്നെ മടങ്ങുമെന്ന് ശപഥം ചെയ്തിരുന്നു. പരാജയപ്പെട്ട സാഹചര്യത്തിൽ ശപഥം പാലിക്കാനാണ് ഇപ്പോൾ യാത്ര ആരംഭിച്ചത്.

മത്സരത്തിൽ തോറ്റതിന് ശേഷം യാത്രക്കായുള്ള തയാറെടുപ്പിന്റെയും അതിനാവശ്യമായ അനുമതികൾ സംഘടിപ്പിക്കുന്നതിന്റെയും തിരക്കിലായിരുന്നു അവർ. 20 ദിവസം നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിക്കുന്ന യാത്രയിൽ ഓരോ 50 കിലോമീറ്ററിനിടയിലുമായി 14 സ്ഥലങ്ങളിൽ ഇവർ വിശ്രമത്തിനായി തമ്പടിക്കും. അൽഖസിം പ്രവിശ്യയിലേക്കുള്ള യാത്രമധ്യേ വെള്ളിയാഴ്ച അൽ-ഹെഫ്‌നയിൽ എത്തി.

യാത്രയുടെ ബുദ്ധിമുട്ടുകൾക്കിടയിലും മരുഭൂമിയിൽ ഒട്ടകപ്പുറത്ത് യാത്ര ചെയ്ത തന്റെ പൂർവികരുടെ ജീവിതത്തെക്കുറിച്ചുള്ള മൂർത്തമായ പാഠമാണ് തന്നെ ആവേശത്തോടെയുള്ള ഈ യാത്രക്ക് പ്രേരിപ്പിക്കുന്നതെന്ന് അവർ പറഞ്ഞു. 'താൻ മരുഭൂമിയുടെ മകളാണ്. ഒട്ടകങ്ങളെ സ്നേഹിച്ചാണ് വളർന്നത്. എല്ലാ മേഖലകളിലും ഇപ്പോൾ സ്ത്രീകൾക്ക് പ്രവർത്തിച്ചു വിജയിക്കാൻ സാധിക്കുന്നുണ്ട്. ഒട്ടകങ്ങളെ വളർത്തുന്നതിലും അവയുടെ പരിപാലനത്തിലും സ്ത്രീകൾക്കും വിജയിക്കാനാവുമെന്ന് തെളിയിക്കുകകൂടിയാണ് തന്റെ ലക്ഷ്യം' -അൽ ഖുറേഷി പറഞ്ഞു.

പിന്നിട്ട വഴികളിലെല്ലാം തനിക്ക് പൊതുജനങ്ങളിൽനിന്നും നല്ല പിന്തുണ ലഭിക്കുന്നതായും യാത്രക്കുള്ള പൂർണസുരക്ഷ അധികൃതർ ഒരുക്കുന്നുണ്ടെന്നും അവർ പറഞ്ഞു. പൂർവികരുടെ പൈതൃകം പ്രചരിപ്പിക്കുന്നതോടൊപ്പം ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്‌സിൽ പ്രവേശിക്കണമെന്ന ആഗ്രഹമുണ്ടെന്നും റാഷ അൽ-ഖുറേഷി കൂട്ടിച്ചേർത്തു.ഡിസംബറിൽ നടന്ന ഒട്ടകമത്സരത്തിൽ ഗൾഫ് രാജ്യങ്ങൾ, അമേരിക്ക, റഷ്യ, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്നെത്തിയ ഒട്ടകയുടമകൾ പങ്കെടുത്തിരുന്നു. 5,000ത്തോളം യുവതീയുവാക്കൾക്ക് ജോലി നൽകാൻ കഴിഞ്ഞ ഈ മേളയിൽ ദിനംപ്രതി ലക്ഷം വിനോദസഞ്ചാരികൾ കാഴ്ചക്കാരായി എത്തിയിരുന്നു.

Tags:    
News Summary - A Saudi woman went on a camel ride from Riyadh to Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.