വർഷാന്ത്യം അടുക്കുമ്പോൾ അവരുടെ കൈയിൽ കേക്ക് മാത്രമല്ല, നക്ഷത്ര വിളക്കുമുണ്ടാവും. വീടിന്റെ മുൻഭാഗത്ത് ഒരു കോണിൽ രാത്രിയുടെ ഭംഗി പതിന്മടങ്ങായി മാറ്റുന്ന നക്ഷത്ര വിളക്ക് തൂങ്ങിക്കഴിഞ്ഞാൽ പുതുവർഷാരംഭത്തിന്റെ സൂചനയായി. ജാതിഭേദമന്യേ എല്ലാവരും നക്ഷത്ര വിളക്കുകൾ തെളിയിച്ചും, ബന്ധുമിത്രാദികൾക്ക് കേക്കുകൾ വിതരണം ചെയ്തും കടന്നുപോവുന്ന ഡിസംബർ.
വർഷങ്ങൾക്കുമുമ്പാണ്, വർണങ്ങളത്രയും നിറഞ്ഞു നിന്ന കുട്ടിക്കാലം. ഡിസംബർ ആരംഭിച്ചാൽ ക്രിസ്മസ് കേക്കുമായ് എത്തുന്ന കുഞ്ഞളിയൻമാരെ (ചേച്ചിമാരുടെ ഭർത്താക്കന്മാർ) പ്രതീക്ഷിച്ച് ഞങ്ങൾ കുട്ടികൾ കണ്ണും നട്ടിരിക്കുന്ന കാലം. അങ്ങനെയിരിക്കവെ നക്ഷത്രത്തിളക്കത്തിൽ എവിടെയോ ഉണ്ണിയേശു പിറന്നതിന്റെ ആഘോഷാരവങ്ങൾ പൊങ്ങി ഒഴുകാൻ തുടങ്ങും. ക്രിസ്മസ് വന്നെത്തിയിരിക്കുന്നു. ആ തണുപ്പാർന്ന നക്ഷത്രരാവുകളിൽ പിന്നീട് പുതുവർഷത്തിനായുള്ള കാത്തിരിപ്പാണ്. അപ്പോഴും കേക്ക് എത്തുമല്ലോ.
അങ്ങനെയൊരു ദിനത്തിലാണ് തലശ്ശേരി കേക്കിന്റെ കഥ കേട്ടത്. ഇന്ത്യയിലെ ആദ്യ ക്രിസ്മസ് കേക്കും തലശ്ശേരിയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ബ്രിട്ടീഷുകാരുടെ അധീനതയിൽ തലശ്ശേരിയും എത്തിയ കാലം. അന്ന് മർഡോക്ക് ബ്രൗൺ എന്ന ബ്രിട്ടീഷുകാരനായ കറുപ്പത്തോട്ട വ്യാപാരിക്ക് അവരുടെ നാട്ടിലെ സ്വാദിഷ്ടമായ ക്രിസ്മസ് കേക്ക് മിസ് ചെയ്യുന്നുണ്ടായിരുന്നു പോലും.
അപ്പത്തരങ്ങൾക്ക് അന്നേ പേരുകേട്ട നാട്ടിൽ - തലശ്ശേരി റോയൽ ബിസ്കറ്റ് ഫാക്ടറി ഉടമ ‘മമ്പള്ളി ബാപ്പു’ അനായാസം കേക്ക് ചുട്ടുകൊടുത്തു. അത് സായിപ്പിന് വലിയ ഇഷ്ടവുമായി. അങ്ങനെയാണ് ഇന്ത്യയിലെ ആദ്യ ക്രിസ്മസ് കേക്ക് പിറവിയെടുത്ത ‘കേക്കിന്റെ നാടായി’ തലശ്ശേരി മാറിയത്.
വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും നാട്ടിൽനിന്ന് അതിന്റെ അലയടികൾ മാഞ്ഞില്ല. ഡിസംബറിൽ വീട്ടിലേക്ക് വരുന്ന (ഭാര്യവീട്) ഒരു പുതിയാപ്പിളയും കേക്കില്ലാതെ വരാറില്ല. കൊണ്ടുവരുന്ന കേക്കിന്റെ വലുപ്പത്തിന് ആനുപാതികമായിരിക്കും അവരുടെ വലുപ്പച്ചെറുപ്പം അളക്കുന്നതെന്ന് തോന്നിപ്പോവും.
അങ്ങനെ പുതുവർഷത്തലേന്നും കേക്കുമായി അളിയൻമാരെത്തും. അവരുടെ കൈയിൽനിന്ന് കേക്ക് വാങ്ങിത്തിന്നാണ് പുതുവർഷം ഞങ്ങൾ ആരംഭിച്ചിരുന്നത്. അവരുടെ കൈയിൽ ഒരു നക്ഷത്ര വിളക്കുമുണ്ടാവും. ഡിസംബറും പുതുവർഷവും കഴിഞ്ഞ് പെരുന്നാളും, ഓണവും വിഷുവും ആഘോഷിക്കുന്നതുവരെ ആ നക്ഷത്ര വിളക്കുകൾ വീടിന്റെ കോണിൽ പ്രകാശിച്ചുകൊണ്ടിരിക്കും. സമയത്തിന് ദ്രാവക സ്വഭാവമാണെന്ന് പറയാറുണ്ട്.
അതിന്റെ ചലനം വലിയ വേഗത്തിലാണെങ്കിലും സാവധാനത്തിലാണ് നമുക്ക് അനുഭവപ്പെടുക. ദിവസങ്ങളും അങ്ങനെ കടന്നുപോകുന്നു. ഒരു പുതുവർഷത്തിന്റെ വാതിൽപടിയിൽ നിൽക്കവെ ഉള്ളിൽ, പഴയൊരു വീടിന്റെ ഉമ്മറ കോണിലെ നക്ഷത്രവിളക്ക് ഇപ്പോഴും പ്രകാശിച്ചുനിൽക്കുന്നത് അതുകൊണ്ടാകാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.