ദുബൈ: ഈ വർഷത്തെ ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിന്റെ അന്തിമ പട്ടികയിൽ മലയാളികളുടെ അഭിമാനമായി ഇടുക്കി തൊടുപുഴ സ്വദേശി ജിൻസി ജെറിയും. 2,50,000 ഡോളർ സമ്മാനത്തുകയുള്ള പുരസ്കാരത്തിന് പരിഗണിക്കുന്ന 10 പേരിലാണ് അയർലൻഡിലെ ആശുപത്രിയിലെ നഴ്സായ ജിൻസിയും തിരഞ്ഞെടുക്കപ്പെട്ടത്.
202 രാജ്യങ്ങളില്‍ നിന്നുള്ള 52,000ത്തിലധികം എന്‍ട്രികളില്‍നിന്നാണ് അന്തിമ പട്ടിക പ്രഖ്യാപിച്ചത്. അന്താരാഷ്ട്ര നഴ്സസ് ദിനമായ മേയ് 12ന് ലണ്ടനില്‍ നടക്കുന്ന ചടങ്ങില്‍ ജേതാവാകുന്ന നഴ്സിന് 2,50,000 ഡോളർ സമ്മാനം നല്‍കും.തൊടുപുഴ സ്വദേശി പരേതനായ ജേക്കബിന്റെയും ചിന്നമ്മ ജേക്കബിന്റെയും മകളായ ജിൻസി അയർലൻഡിലെ മേറ്റർ മീസെറകോഡിയ യൂനിവേഴ്സിറ്റി ആശുപത്രിയിലെ നഴ്സിങ് ഫോർ ഇൻഫക്ഷൻ പ്രിവൻഷൻ ആൻഡ് കൺട്രോൾ വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടറാണ്.
22 വർഷമായി ആതുര സേവനത്തിൽ സജീവമായ ജിൻസി കോവിഡ് സമയത്തുൾപ്പെടെ നടത്തിയ സേവനങ്ങൾ പരിഗണിച്ചാണ് അന്തിമ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നാലു വർഷത്തിനിടെ മെഡിക്കൽ മേഖലയിലെ നൂതന കണ്ടുപിടിത്തത്തിന്റെ ഭാഗമായ ജിൻസി ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിച്ചെടുക്കുകയും ചെയ്തു. ഐ.ടി എൻജിനീയറായ ജെറി സെബാസ്റ്റ്യനാണ് ഭർത്താവ്.
മക്കൾ: ക്രിസ്, ഡാരൻ, ഡാനിയേൽ. ജിൻസിയുടെ റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. പൊതുജനങ്ങളുടെ വോട്ടിന്റെകൂടി അടിസ്ഥാനത്തിലാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്. https://www.asterguardians.com/top-10-finalists-2023 എന്ന ലിങ്ക് വഴിയാണ് വോട്ട് ചെയ്യേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.