വെള്ളാങ്ങല്ലൂർ (തൃശൂർ): തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി ഐ.സി.യുവിന് മുന്നിലെ മടുപ്പിക്കുന്ന ദിനങ്ങൾക്ക് വിട. അവിനാശിപ്പോൾ ക്ലാസ് ടീച്ചർ ധന്യയുടെ വീട്ടിലാണ് താമസം. സഹപാഠിയായ ടീച്ചറുടെ മകൻ ജോസഫിനൊപ്പമാണ് സഹവാസം. പഠനത്തിലും കളിയിലും ഊണിലും ഉറക്കിലും അവർ ഒന്നിച്ചാണ്. തിങ്കളാഴ്ച വെള്ളാങ്ങല്ലൂർ ജി.യു.പി സ്കൂൾ വിട്ടപ്പോൾ ധന്യ ടീച്ചറും മകനും അവനെ ഒപ്പം കൂട്ടുകയായിരുന്നു. വീട്ടിൽ എത്തിയ അതിഥിയെ പൊയ്യയിൽ ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടറായി ജോലിചെയ്യുന്ന ഗൃഹനാഥൻ ജെയിംസും മകൾ ആൻ റോസും ഇരുകൈ നീട്ടി സ്വീകരിച്ചു.
10 ദിവസമായി ഐ.സി.യുവിൽ കഴിയുന്ന പിതാവ് ശിവദാസിന്റെ കാര്യങ്ങൾ നോക്കുന്ന മാതാവ് സുനിതയ്ക്ക് ഒപ്പമായിരുന്നു അവൻ. വീട്ടിൽ മറ്റാരുമില്ലാത്തതിനാൽ നാലാം ക്ലാസുകാരന് ആശുപത്രി തന്നെയായിരുന്നു അഭയം. അതിനിടെ സ്കൂളിലെ പ്രധാനാധ്യാപിക എ.കെ. ഷീബക്കും മുതിർന്ന അധ്യാപിക ഷീല പോളിക്കുമൊപ്പം അവന്റെ പിതാവിനെ കാണാൻ ക്ലാസ് ടീച്ചറും പോയിരുന്നു. അന്ന് അവനെ വീട്ടിലേക്ക് ക്ഷണിച്ചുവെങ്കിലും വരാൻ കൂട്ടാക്കിയില്ല. പിന്നീട് അവന്റെ അമ്മ ടീച്ചറെ വിളിച്ച് വരാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.
തിങ്കളാഴ്ച അവനെ സ്കൂളിൽ കൊണ്ടാക്കിയ മാതാവ് ആശുപത്രിയിലേക്ക് മടങ്ങി. കോവിഡിന് പിന്നാലെ ശ്വാസകോശം ചുരുങ്ങുന്ന രോഗം മൂലം ബുദ്ധിമുട്ടുകയായിരുന്നു വെൽഡിങ് പണിക്കാരനായ ശിവദാസൻ. ജോലിക്ക് പോകാനാവാതെ വന്നപ്പോൾ വാടകവീട്ടിൽ നിന്ന് പോരേണ്ടിവന്നു. സുനിത വീട്ടുജോലി ചെയ്താണ് കുടുംബം പോറ്റിയിരുന്നത്. അതേസമയം, രോഗം കടുത്തതോടെ ശിവദാസിനെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതോടെ പത്തുവയസ്സുകാരൻ അവിനാശിന്റെ പഠിപ്പും ജീവിതവും വഴിമുട്ടി. ഈ അവസ്ഥയിലാണ് സ്കൂൾ അധികൃതരും ക്ലാസ് ടീച്ചറുടെ കുടുംബവും അവന് താങ്ങും തണലുമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.