മട്ടാഞ്ചേരി: ആറുവർഷം മുമ്പ് നൽകിയ വാക്കുപാലിക്കാൻ കഴിഞ്ഞ ചാരിതാർഥ്യത്തിലാണ് കൊച്ചിൻ കോളജ് അലുമ്നി അസോസിയേഷൻ അംഗങ്ങൾ. പൂർവ വിദ്യാർഥിയായ ഉണ്ണിമായയുടെ വിവാഹം മംഗളകരമായി നടന്നതിന്റെ ആഹ്ലാദമാണ് അംഗങ്ങൾക്ക്. എഴുപുന്ന ചിറയിൽ പറമ്പിൽ പരേതരായ സി.ആർ. ബാബു-രശ്മി ദമ്പതികളുടെ മകളാണ് ഉണ്ണിമായ.
2016ൽ കൊച്ചിൻ കോളജിൽ അവസാന വർഷ ബി.കോം വിദ്യാർഥിയായിരിക്കെയാണ് എഴുപുന്ന റെയിൽവേ സ്റ്റേഷന് സമീപത്തുവെച്ച് ഉണ്ണിമായക്കും അമ്മ രശ്മിക്കും പാമ്പുകടിയേറ്റത്. കടിയേറ്റ ദിവസം തന്നെ അമ്മ രശ്മി മരിച്ചു. സഹോദരൻ വിഷ്ണു അന്ന് ഐ.ടി.ഐ വിദ്യാർഥിയായിരുന്നു.
ഗുരുതരാവസ്ഥയിലായ ഉണ്ണിമായ തങ്ങളുടെ കോളജിലെ വിദ്യാർഥിയാണെന്ന് അറിഞ്ഞതോടെ ഉണ്ണിമായയുടെ ചികിത്സക്കും തുടർപഠനത്തിനും കൈത്താങ്ങായി പൂർവ വിദ്യാർഥി സംഘടന എത്തുകയായിരുന്നു. ഉണ്ണിമായയുടെ പിറന്നാൾ ദിനങ്ങളിലും ഓണം, വിഷു വിശേഷദിവസങ്ങളും അസോസിയേഷൻ അംഗങ്ങൾ വീട്ടിലെത്തി ആഘോഷമാക്കിയിരുന്നു.
വിവാഹം വരെയുള്ള സംരക്ഷണം ഏറ്റെടുക്കുകയാണെന്ന് അസോസിയേഷൻ ഭാരവാഹികൾ വാക്ക് നൽകുകയും ചെയ്തു. ഞായറാഴ്ച ശ്രീനാരായണ പുരം മഹാവിഷ്ണു ക്ഷേത്ര ഓഡിറ്റോറിയത്തിൽ ചേർത്തല കഞ്ഞിക്കുഴി തകിടി കണ്ടത്തിൽ അശോകൻ-അജിത ദമ്പതികളുടെ മകൻ അർജുൻ ഉണ്ണിമായയുടെ കഴുത്തിൽ താലി കെട്ടി. ഉണ്ണിമായയുടെ മാതാപിതാക്കൾ ജീവിച്ചിരിക്കെ ഉറപ്പിച്ച വിവാഹമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.