ഷാർജ: സ്ത്രീ ശാക്തീകരണത്തിന് പേരുകേട്ട ഒരു രാജ്യത്ത് സ്ത്രീകൾക്ക് എന്ത് നേടാനാകും എന്നതിന്റെ ഉദാഹരണമാണ് ഷാർജ പൊലീസിലെ കേണൽ മോന സുരൂർ അൽ ഷുവൈഹി. സേനയുടെ ‘സന്തോഷത്തിന്റെ അംബാസഡർ’ എന്ന പദവിയിലാണ് കേണൽ അൽ ഷുവൈഹി എത്തിനിൽക്കുന്നത്. ഇമാറാത്തി സ്ത്രീകളുടെ ആധികാരികതയുടെയും അറബ് മൂല്യങ്ങളുടെയും ഏറ്റവും വലിയ തെളിവാണ് ഓഫിസർ എന്ന നിലയിൽ ഷുവൈഹിയുടെ യാത്ര.
മൂന്ന് മക്കളുടെ അമ്മയായ കേണൽ അൽ ഷുവൈഹി 31 വർഷത്തെ പൊലീസ് ജോലിയിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ചുള്ള ധാരണ തിരുത്തിയെഴുതിക്കൊണ്ടിരിക്കുകയാണ്. 1991ൽ യു.എ.ഇ സർവകലാശാലയിൽനിന്ന് ബയോളജിയിൽ ബിരുദം നേടിയശേഷം സെക്കൻഡ് ലെഫ്റ്റനന്റായി സേനയിൽ ചേർന്നു. പ്രത്യേക സൈനിക പരിശീലനം പാസായശേഷം ആദ്യമായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിലും ഫോറൻസിക് ലാബിലും ജോലിയിൽ പ്രവേശിച്ചു. അവിടെ വിദഗ്ധസഹായിയായി ആറുവർഷം ജോലിചെയ്തു.
എന്നാൽ, പൊലീസ് ജോലിയോടുള്ള ഷുവൈഹിയുടെ അഭിനിവേശം അവരുടെ സ്വപ്നങ്ങൾ നിറവേറ്റുന്നതിലേക്ക് അവരെ നയിച്ചു. 1997ൽ ശിക്ഷാ പുനരധിവാസ സ്ഥാപനങ്ങളുടെ വകുപ്പിലേക്ക് മാറി. രണ്ടുവർഷത്തിനുശേഷം 1999ൽ വനിത ജയിൽ ബ്രാഞ്ചിന്റെ ഡയറക്ടറായി നിയമിതയായി. അക്കാലത്ത് ആ സ്ഥാനം വഹിക്കുന്ന ആദ്യത്തെ വനിത ഓഫിസറായിരുന്നു ഷുവൈഹി. 2019ൽ സോഷ്യൽ സപ്പോർട്ട് ഡിപ്പാർട്മെന്റ് ഡയറക്ടറായും നിയമിതയായി.
സംസ്ഥാന ജയിലുകളിൽ പെട്ടെന്നുള്ള ഇടപെടലുകൾക്കായി വനിത സേനയെ ആദ്യമായി വളർത്തിയെടുത്തത് ഷുവൈഹിയാണ്. തടവുകാരുടെ ക്വാളിറ്റി ഓഫ് ലൈഫ് ടീമിന്റെ മേധാവി കൂടിയാണ് അവർ. അന്തേവാസികളുടെ കുട്ടികളെ പരിപാലിക്കുന്നതിനായി രാജ്യത്തെ ആദ്യത്തെ പ്രോജക്ടായ ‘ദാർ അൽ അമൻ’ സ്ഥാപിച്ചതും ഷുവൈഹിയാണ്. ഇന്ന് പുനരധിവാസ സ്ഥാപനങ്ങളിൽ 450 പുരുഷന്മാരെയും സ്ത്രീകളെയും നിയന്ത്രിക്കുന്നത് ഇവരാണ്.
31 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ആഭ്യന്തര മന്ത്രാലയത്തിൽനിന്നും മറ്റുമായി 15 അവാർഡുകളും സ്വന്തമാക്കി. അമ്മ എന്ന നിലയിലും സ്ത്രീ എന്ന നിലയിലും കേണൽ അൽ ഷുവൈഹി വെല്ലുവിളികളെ മറികടന്ന് യു.എ.ഇയുടെ അഭിമാനമായി മാറിയിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.