ഷാർജ: കൂടുമ്പോ ഇമ്പമുള്ളതാകണം കുടുംബം. കുടുംബത്തോടൊപ്പമുള്ള ഓരോ കൂടിച്ചേരലുകളും പ്രവാസിയെ സംബന്ധിച്ച് പറഞ്ഞറിയിക്കാനാവാത്ത അനുഭവമായിരിക്കുമെന്നുറപ്പാണ്. എന്നാൽ, പലപ്പോഴും പല കാരണങ്ങൾകൊണ്ട് കുടുംബജീവിതം ആസ്വദിക്കാനാവാത്തവരാണ് പ്രവാസികളിൽ കൂടുതൽ പേരും.
പ്രതിസന്ധികളിൽ ഒറ്റപ്പെട്ട് കുടുംബജീവിതം തകർന്നുപോയ അനേകം പ്രവാസികളുടെ ജീവിതകഥ നമ്മൾ കേട്ടുപഴകിയതാണ്. ഒരു നിമിഷം ഇവരെ ക്ഷമയോടെ കേൾക്കാനായാൽ പ്രശ്നങ്ങളെല്ലം അലിഞ്ഞില്ലാതാകും. ആരോടെങ്കിലും ഒന്ന് മനസ്സു തുറന്നാൽ തീരും എന്റെ പ്രശ്നങ്ങൾ എന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്.
എങ്കിൽ നിങ്ങളുടെ പ്രശ്നങ്ങളും ജീവിതാനുഭവങ്ങളും കേൾക്കാനും അത് കൂടുതൽ ആനന്ദകരമാക്കാനുമുള്ള ചില ടിപ്സുകളുമായി പ്രവാസി മണ്ണിലേക്കെത്തുകയാണ് പോൾ ആൻഡ് പേളി ഷോ. അനേകം ടി.വി പ്രോഗ്രാമുകളിലൂടെ മലയാളികൾക്ക് സുപരിചിതയായ അഭിനേത്രിയും ഗായികയുമായ പേളിയും പിതാവും പ്രചോദക പ്രഭാഷകനുമായ ഡോ. പോൾ മാണിയുമാണ് കുടുംബങ്ങളെ കൈയിലെടുക്കാൻ എത്തുന്നത്.
ഈ മാസം 19, 20, 21 തീയതികളിലായി ഷാർജ എക്സ്പോ സെന്ററിൽ ‘ഗൾഫ് മാധ്യമം’ അവതരിപ്പിക്കുന്ന മഹാമേളയായ കമോൺ കേരളയുടെ അഞ്ചാമത് എഡിഷനിലാണ് ഇരുവരും വീണ്ടും മരുപ്പച്ചയിലേക്ക് വിരുന്നെത്തുന്നത്. പോൾ ആൻഡ് പേളി ഷോ എന്ന് പേരിട്ടിരിക്കുന്ന പ്രോഗ്രാമിൽ സ്വന്തം ജീവിതാനുഭവങ്ങളിലൂടെ പ്രവാസി കുടുംബങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഇരുവരുമുണ്ടാകും.
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഇന്ത്യൻ വാണിജ്യ, സാംസ്കാരിക, വിനോദ സഞ്ചാര മേളയായ കമോൺ കേരളയുടെ സമാപന ദിവസമായ മേയ് 21നാണ് ഇരുവരുടേയും പരിപാടി അരങ്ങിലെത്തുക. സ്വജീവിതത്തിൽ സംഭവിച്ച രസകരമായ അമളികൾ പങ്കുവെച്ച് ചിരിയുടെ മാലപ്പടക്കം തീർക്കാൻ പേളിയും ചിരിയോടൊപ്പം ചിന്തിക്കാനുള്ള ടിപ്സുകൾ പങ്കുവെച്ച് ഡോ. പോളും കുടുംബസദസ്സിനൊപ്പം കമോൺ കേരള വേദിയിൽ നിറയും.
ശിഥിലമായിക്കൊണ്ടിരിക്കുന്ന അണുകുടുംബങ്ങളുടെ പ്രശ്നങ്ങൾ ഇവരുമായി തുറന്നു പങ്കുവെക്കാനുള്ള സുവർണാവസരമായിരിക്കും പോൾ ആൻഡ് പേളി ഷോ. പിതാവും മകളും ചേർന്ന് അവതരിപ്പിക്കുന്ന ലോകത്തിലെ ആദ്യ മോട്ടിവേഷൻ ഷോയായാണ് പോൾ ആൻഡ് പേളി ഷോ അറിയപ്പെടുന്നത്. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് www.cokuae.com എന്ന വെബ്സൈറ്റിൽ ഇന്ന് തന്നെ രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.