സലിക്കിപ്പോൾ നാടകമല്ല ജീവിതമാണ് വലുത്. കലാകാരൻകൂടിയായിരുന്ന ഭർത്താവ് കിടപ്പിലായതോടെ നൃത്താധ്യാപികയായ സലി കുടുംബം പുലർത്താൻ വഴിവക്കിൽ കക്കയിറച്ചി വിൽക്കുകയാണ്. മുഹമ്മ പഞ്ചായത്ത് രണ്ടാം വാർഡ് പുത്തനങ്ങാടി വാഴപ്പളളി വെളിയിൽ കോളനിയിൽ അപ്പുക്കുട്ടെൻറ ഭാര്യ സലിയാണ് (59) പട്ടിണി അകറ്റാനും ഭർത്താവിെൻറ ചികിത്സക്കുമായി കലാജീവിതത്തിന് തിരശ്ശീലയിട്ടത്.
മറിയ കമ്യൂണിക്കേഷൻസ്, ആലപ്പുഴ അനഘ തിയറ്റർ, വൈക്കം ഭാരതി, കോട്ടയം അപ്സര തുടങ്ങി വിവിധ ബാേല ട്രൂപ്പുകളിൽ നിരവധി വർഷങ്ങളോളം അരങ്ങുതകർത്ത ഈ കലാകാരി വൈക്കം കുടവെച്ചൂർ ദേവിവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ താൽക്കാലിക നൃത്താധ്യാപികകൂടിയായിരുന്നു. നാഗസ്വര കുഴലൂത്തുകാരൻകൂടിയായ ഭർത്താവ് അപ്പുക്കുട്ടന് 2018ൽ ഹൃദയാഘാതമുണ്ടായതോടെ സ്കൂളിൽ ജോലിക്ക് പോകാൻ കഴിയാതെവന്നു.
സ്കൂൾ അധികൃതർ മറ്റൊരാളെ നിയമിച്ചതോടെ സലിയുടെ കുടുംബത്തിെൻറ ചുവടും പിഴച്ചു. പിന്നീട് നാടകവും ബാേലയുമായിരുന്നു ഈ കുടുംബത്തിനുണ്ടായിരുന്ന വരുമാനം. പ്രളയശേഷം ബാേല വേദികളിൽനിന്നുള്ള വരുമാനവും ഇല്ലാതായതോടെയാണ് സലി റോഡരികിൽ കക്കയിറച്ചി വിൽപന ആരംഭിച്ചത്. തളർന്ന് കിടപ്പിലായ ഭർത്താവിന് മരുന്നിനുമാത്രം മാസം മൂവായിരത്തിലധികം രൂപ കണ്ടെത്തണം.
മുഹമ്മയിൽ നിന്ന് അമ്പലപ്പുഴ കച്ചേരി മുക്കിലെത്തി ഡിവൈഡറിൽ ഇരുന്നാണ് സലി കക്കയിറച്ചി വിൽക്കുന്നത്. മക്കളില്ലാത്ത സലിക്ക് കുടുംബം പുലർത്താൻ പതിറ്റാണ്ടുകൾ കൊണ്ടുനടന്ന കലാജീവിതത്തിലെ ചിലങ്കയാണ് അഴിക്കേണ്ടിവന്നത്. കലാകാരന്മാർക്ക് സർക്കാർ നൽകുന്ന ഒരുസഹായവും ഇവർക്ക് ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.