ദുബൈ: ദുബൈ വുഡ്ലം പാർക്ക് സ്കൂളിലെ അധ്യാപികയായ ജിഷി കഴിഞ്ഞമാസം വരെ ക്രസന്റ് സ്കൂളിലായിരുന്നു. ഈ സ്കൂളിലെ ഓരോ രക്ഷിതാവിനും പരിചിത മുഖമാണ് ജിഷിയുടേത്. മക്കളുടെ കാര്യത്തിൽ അതിയായ ശ്രദ്ധ പുലർത്തിയിരുന്നയാളാണ് ജിഷിയെന്ന് രക്ഷിതാവായ കോഴിക്കോട് മേപ്പയൂർ സ്വദേശി ആർ.കെ. നജീബ് പറയുന്നു. കഴിഞ്ഞമാസം മകനെ കാണാൻ അവിടെ പോയപ്പോൾ ടീച്ചറിനെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നുവെന്നും നജീബ് ഓർമിക്കുന്നു.
രക്ഷിതാക്കളും കുട്ടികളും ജിഷിയുടെ വേർപാടിന്റെ ആഘാതത്തിലാണെന്ന് സഹ അധ്യാപികയായിരുന്ന അർച്ചന പ്രവീൺ പറഞ്ഞു. നാലു വർഷമായി ജിഷിയെ അടുത്തറിയാം. വളരെ പ്രഷനലായ ജിഷി കഠിനാധ്വാനിയും പുതിയ കാര്യങ്ങൾ പഠിക്കാൻ അതീവ തൽപരയുമായിരുന്നു. ഞാൻ നാട്ടിൽ പോയ സമയത്ത് എന്റെ ജോലികൾ പലതും ഏറ്റെടുത്ത് ചെയ്തു. മറ്റൊരു സ്കൂളിലേക്ക് പോകുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്താൻ ഞങ്ങളെല്ലാവരും ശ്രമിച്ചിരുന്നു. പോസിറ്റിവും നെഗറ്റിവും ആയ അഭിപ്രായങ്ങളെല്ലാം ഒരേപോലെ ഉൾക്കൊണ്ടിരുന്നു. കോവിഡ് കാലത്ത് പോലും ഉത്തരവാദിത്തമുള്ള അധ്യാപിക എന്ന നിലയിൽ തന്റെ കർത്തവ്യം നിർവഹിച്ചിരുന്നുവെന്നും അർച്ചന ഓർമിക്കുന്നു.
എല്ലാവരോടും അടുത്ത ചങ്ങാത്തം പുലർത്തുന്നയാളാണ് റിജേഷെന്ന് അദ്ദേഹത്തിന്റെ നാട്ടുകാരനും സുഹൃത്തുമായ മൻസൂർ അലി പറഞ്ഞു. സംഭവം നടന്നയുടൻ റിജേഷ് അപകടത്തിൽപെട്ടതായി സൂചന ലഭിച്ചിരുന്നു. പരിക്കേറ്റവരെ എത്തിക്കാൻ സാധ്യതയുള്ള ആശുപത്രികളിലെല്ലാം തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, കണ്ടെത്തനായില്ല. ഒടുവിലാണ് ദുബൈയിലെ പൊലീസ് മോർച്ചറിയിൽ മൃതദേഹം കണ്ടെത്തിയത്-മൻസൂർ അലി പറഞ്ഞു. ദേര അൽറാസ് മേഖലയിലുള്ളവർക്ക് സുപരിചിതനാണ് റിജേഷ്. അടുത്തുള്ള സ്ഥാപനങ്ങളിലുള്ളവരുമായും സഹപ്രവർത്തകരുമായും മികച്ച ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. താമസസ്ഥലത്തിന് തൊട്ടടുത്ത് തന്നെയായിരുന്നു ഓഫിസും. ഇരുവരുടെയും വേർപാടിന്റെ ആഘാതത്തിലാണ് ഇവരെല്ലാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.