ദുബൈ: മുതിർന്നവർപോലും മടിച്ചുനിൽക്കുന്ന സ്കൂബ ഡൈവിങ്ങിൽ ചരിത്രംകുറിച്ച് ദുബൈയിലെ സ്കൂൾ വിദ്യാർഥി. ബ്രിട്ടൻ സ്വദേശിയായ എല്ലി മേ ക്രെയ്ഗാണ് ആഴക്കടലിൽ മുങ്ങി ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ മാസ്റ്റർ സ്കൂബ ഡൈവർ എന്ന റെക്കോഡ് സ്വന്തമാക്കിയത്. 12 വയസ്സ് തികഞ്ഞ ദിവസമാണ് എല്ലി പരീക്ഷണത്തിനിറങ്ങിയത്. 2020 ഡിസംബറിൽ ലണ്ടനിലെ ടോബി മൊൺടിയെറോ 12 വയസ്സും ഒരു ദിവസവും പ്രായമുള്ളപ്പോൾ തീർത്ത റെക്കോഡാണ് തകർത്തത്. 15 വയസ്സ് തികയുമ്പോൾ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത സ്കൂബി ഡൈവറാകണമെന്നാണ് അടുത്ത ലക്ഷ്യം.
ഫുജൈറയിലായിരുന്നു എല്ലിയുടെ റെക്കോഡ് പരീക്ഷണം. രാവിലെ ഒമ്പതിന് തുടങ്ങിയ ഡൈവിങ് വൈകീട്ട് 5.30നാണ് സമാപിച്ചത്. സ്വിമ്മിങ്പൂളിലും കടലിലുമായാണ് ഡൈവിങ് നടത്തിയത്. പലവിധ പരീക്ഷണങ്ങളിലൂടെ കടന്നുപോയാണ് മാസ്റ്റർ സ്കൂബ ഡൈവറാകുന്നത്. നൂറിലേറെ മണിക്കൂർ പരിശീലനവും 50ൽ കൂടുതൽ ഡൈവുകളും ഇതിന് ആവശ്യമാണ്. എല്ലി ഇതിനകം 74 ഡൈവുകൾ പൂർത്തിയാക്കി.
ഫുജൈറയിലും മാലദ്വീപിലുമായിരുന്നു ഏറെയും. 21 കിലോമീറ്റർ ആഴക്കടലിൽ രക്ഷാപ്രവർത്തനം നടത്തുന്നതും ഇതിന്റെ ഭാഗമാണ്. കൊടുംതണുപ്പിലാണ് എല്ലി ആഴക്കടലിൽ മുങ്ങിയത്. ആഴക്കടലിലെത്തുമ്പോഴുള്ള മാനസികാവസ്ഥ ഉൾപ്പെടെ പരിഗണിച്ചാണ് മാസ്റ്റർ സ്കൂബ ഡൈവറായി പ്രഖ്യാപിക്കുന്നത്. ദുബൈ ഇംഗ്ലീഷ് സ്പീക്കിങ് കോളജ് വിദ്യാർഥിനിയാണ്. പത്താം വയസ്സിൽ സ്കൂബ ഡൈവിങ് ടെസ്റ്റ് പാസായി എല്ലി റെക്കോഡിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.