മേലാറ്റൂർ: കേരളത്തിന് അഭിമാനകരമായ നേട്ടം സമ്മാനിച്ച് മേലാറ്റൂർ എടപ്പറ്റ സ്വദേശിനി ഫാത്തിമ അന്‍ഷി. കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയത്തിന്‍റെ ദേശീയ ശ്രേഷ്ഠ ദിവ്യാംഗ് ബാലിക പുരസ്കാരം ഡൽഹിയിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍നിന്ന് ഈ കൊച്ചുമിടുക്കി ഏറ്റുവാങ്ങി. ബഹുമുഖ പ്രതിഭയായ ഫാത്തിമ അൻഷി ഇതിനകം നിരവധി വേദികളിലും മത്സരങ്ങളിലും തന്‍റെ കഴിവ് പ്രകടിപ്പിച്ച് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
ജന്മന 100 ശതമാനം കാഴ്ചപരിമിതിയുള്ള അൻഷി മൂന്ന് വയസ്സുമുതൽ സംഗീതത്തിലും ഉപകരണ സംഗീതത്തിലും താൽപര്യം കാണിച്ച് തുടങ്ങി. പത്താം ക്ലാസ് പരീക്ഷ ആരുടെയും സഹായമില്ലാതെ എഴുതി മികച്ച വിജയമാണ് കൈവരിച്ചത്. മകള്‍ നേടിയ ദേശീയ പുരസ്‌കാരത്തിന്‍റെ നിറവില്‍ ഏറെ അഭിമാനത്തിലും സന്തോഷത്തിലുമാണ് രക്ഷിതാക്കളായ അബ്ദുൽ ബാരിയും ഷംലയും.
രണ്ടാം ക്ലാസ് മുതൽ കലോത്സവങ്ങളിൽ വിജയിച്ചുവരുന്ന അൻഷി (2015-2022) തുടർച്ചയായ ആറുവർഷം സ്പെഷൽ സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിലും ഉപകരണ സംഗീതത്തിലും വിജയിച്ചുവരുന്നു. 2018, 2019 എന്നീ വർഷങ്ങളിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ മികച്ച വിജയം കൈവരിച്ചു.
പന്ത്, അറ്റ് വൺസ് എന്നീ സിനിമകളിൽ പിന്നണി പാടാൻ അവസരമുണ്ടായി. 12ഓളം വിദേശ ഭാഷകൾ പഠിച്ചുവരുന്നു. നിരവധി പാട്ടുകൾക്ക് സ്വന്തമായി സംഗീതം ചെയ്തിട്ടുണ്ട്. യേശുദാസ്, ചിത്ര ഉൾപ്പെടെ നിരവധി പ്രമുഖരിൽനിന്നും പുരസ്കാരം ഏറ്റുവാങ്ങാൻ അവസരമുണ്ടായി. സംസ്ഥാന സർക്കാറിന്‍റെ പ്രഥമ ഉജ്ജ്വല ബാല്യം അവാർഡ് ജേതാവ് കൂടിയാണ് അൻഷി.
2020-21ലെ എസ്.എസ്.എൽ.സി പരീക്ഷ കമ്പ്യൂട്ടറിന്‍റെ സഹായത്തിൽ സ്വയം എഴുതി മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. തുടർന്ന് പ്ലസ് വൺ പരീക്ഷ കമ്പ്യൂട്ടറിന്‍റെ സഹായത്തിൽ സ്വയം എഴുതി മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി ഹയർ സെക്കൻഡറിയിൽ ആദ്യ വിദ്യാർഥിയായി ചരിത്രത്തിന്‍റെ ഭാഗമായി. മേലാറ്റൂർ ആർ.എം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.