പെൺപാവക്കൂത്തിന് ആദ്യമായി കേരളത്തിന് പുറത്ത് വേദി

ഒറ്റപ്പാലം: പുരുഷകേസരികൾ കൈയടക്കിയിരുന്ന തോൽപ്പാവക്കൂത്തിന് പുതുഭാഷ്യം രചിച്ച് വിജയിച്ച പെൺപാവക്കൂത്തിന് കേരളത്തിന് പുറത്തും അംഗീകാരം. ബംഗളൂരുവിൽ നടന്ന അന്തർദേശീയ പാവകളി മേളയിലാണ് വനിതകളുടെ നേതൃത്വത്തിലുള്ള കൂത്ത് സംഘം കൈയടി നേടിയത്. ചരിത്രത്തിൽ ആദ്യമായാണ് വനിതകളുടെ സമ്പൂർണ പങ്കാളിത്തത്തിൽ പ്രകടനം കാഴ്ചവെക്കുന്നത്.

കൂനത്തറയിലെ തോൽപ്പാവക്കൂത്ത് ആചാര്യൻ രാമചന്ദ്ര പുലവരുടെ മാർഗനിർദേശത്തിൽ മകൾ രജിതയുടെ സംവിധാനത്തിലാണ് ഇത് ഒരുക്കിയത്. സംസ്ഥാന സർക്കാറിന്റെ സ്ത്രീ സുരക്ഷ പദ്ധതിയുടെ ഭാഗമായി ചിട്ടപ്പെടുത്തിയ കലാരൂപം 2021 ഡിസംബർ 25 നാണ് ആദ്യമായി അരങ്ങിലെത്തിയത്.

തുടർന്ന് നിരവധി വേദികളും അവസരങ്ങളും ലഭിച്ചു. കാലിക പ്രസക്തിയുള്ള വിഷയങ്ങളുണ്ടായിരുന്നിട്ടും പാവകളിമേളയിൽ നിന്നുണ്ടായ നിർദേശം പരമ്പാരാഗത രീതിയിലുള്ള വിഷയത്തിലെ കൂത്ത് അവതരണമായിരുന്നു. കമ്പരാമായണം ഇതിവൃത്തമാക്കി ഇവർ സീതായനമെന്ന പേരിലാണ് കലാരൂപം രംഗത്തെത്തിച്ചത്.

പരമ്പരാഗത ചിട്ടവട്ടങ്ങൾ വിട്ട് പെൺ പാവക്കൂത്ത് അവതരണത്തെ രൂക്ഷമായി വിമർശിച്ചവരും പരിഹസിച്ചവരുമുണ്ടായിരുന്നു. എന്നാൽ കൂത്ത് അവതരണത്തിൽ പുരുഷനിൽ നിന്നും ഒട്ടും പിറകിലല്ല ഇവരെന്ന് ഓരോ വേദിയും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

ചെണ്ട, ഇലത്താളം, ചിലങ്ക, പാട്ട്, പാവകളി എന്നിവ പൂർണമായി കൈകാര്യം ചെയ്തത് വനിതകളാണെന്ന പ്രത്യേകത കൂടി ഇതിനുണ്ട്. രാമചന്ദ്ര പുലവരുടെ ഭാര്യ രാജലക്ഷ്മി, അശ്വതി, ദീപ, നിത്യ, നിവേദ്യ, ദേവു, മഞ്ജു തുടങ്ങിയവരും അവതരണത്തിൽ പങ്കാളിയായി.

ദേവീക്ഷേത്രങ്ങളുടെ കൂത്തുമാടങ്ങളിൽ പരിമിതപ്പെട്ടിരുന്ന തോൽപ്പാവക്കുത്തിനെ സമൂഹത്തിന്റെ പുറംലോകത്തെത്തിക്കാൻ നിരവധി പരീക്ഷണങ്ങൾക്ക് നേതൃത്വം നൽകിയ കലാകാരനാണ് പത്മശ്രീ ബഹുമതി നേടിയ രാമചന്ദ്ര പുലവർ.

Tags:    
News Summary - For the first time, the venue outside Kerala is for penpavakooth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.