വള്ളിക്കുന്ന്: ലോകകപ്പ് ഫുട്ബാൾ ഫൈനലിൽ പരാജിതരായപ്പോൾ കണ്ണീരൊഴുക്കിയ ഫ്രഞ്ച് ആരാധകരുടെ കൂട്ടത്തിൽ ഫ്രാൻസ്വോയിസും ഉണ്ടായിരുന്നു. കളിയാവേശം കൊടുമ്പിരിക്കൊണ്ട കേരളത്തിലെ കാൽപന്ത് കമ്പക്കാർക്കിടയിൽ നിന്നാണ് ഈ ഫ്രഞ്ച് വനിത കലാശപ്പോരാട്ടം കണ്ടത്. ഒറ്റക്കുള്ള യാത്രയിലൂടെ ആനന്ദം കണ്ടെത്തുന്ന ഫ്രാൻസ്വോയിസ് കഴിഞ്ഞ ഒരു മാസത്തോളമായി വള്ളിക്കുന്നിലെ ബാലാതിരുത്തിയിലാണ് താമസം.
നാലുപതിറ്റാണ്ട് ജോലി ചെയ്ത് വിരമിച്ച ശേഷം നാട് ചുറ്റുകയാണ് ഇവർ. വയസ്സ് 66 പിന്നിട്ടു. കേരളത്തിൽ ഇത് മൂന്നാം തവണയാണ് വരുന്നത്. കോഴിക്കോട്ടെ ഹോട്ടലിലായിരുന്നു താമസം. കടലുണ്ടിയിലെ കണ്ടൽക്കാടുകൾക്കിടയിൽ ഒരു ദിവസത്തെ തോണിയാത്രക്കെത്തിയതായിരുന്നു. പുഴയും കണ്ടലും രുചികരമായ ഭക്ഷണവും ഇഷ്ടപ്പെട്ടതോടെ ബാലാതിരുത്തിയിലെ മിയാമി ഹോം സ്റ്റേയിൽ താമസമാക്കി. ദിവസവും 10 കി.മീ. ദൂരത്തോളം നടക്കും. പരിചിതരായ നാട്ടുകാർ തന്നെ ‘മദാമ്മ എംബാപ്പെ’ എന്നാണ് വിളിക്കുന്നതെന്ന് ഫ്രാൻസ്വോയിസ് ചിരിയോടെ പറയുന്നു.
പുഴയും പൊതുവിടങ്ങളും മാലിന്യം തള്ളി വൃത്തികേടായിക്കിടക്കുന്നത് കാണുമ്പോഴാണ് ഇവർക്ക് സങ്കടം. ഫ്രാൻസിലെ തെക്കൻ പ്രവിശ്യയിലെ നിമിസ് നഗരമാണ് ജന്മനാട്. അവിവാഹിതയാണ്. ഇൻഷുറൻസ് കമ്പനിയിലായിരുന്നു ജോലി. ചൈന, കംബോഡിയ, വിയറ്റ്നാം, ജർമനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലൊക്കെ യാത്ര ചെയ്തിട്ടുണ്ട്. ഇതിന് മുമ്പ് വർക്കലയിലും കൊല്ലത്തുമായിരുന്നു താമസം. ഇവിടെ വന്ന് കഴിച്ചതിൽ ഇഷ്ട ഭക്ഷണം നെയ്റോസ്റ്റാണ്. പണ്ട് മാംസാഹാരിയായിരുന്നു. ഇപ്പോൾ സസ്യഭക്ഷണമാണ് കൂടുതൽ പ്രിയം. അലോപ്പതിയും ആയുർവേദവും ഒരുമിപ്പിച്ചുള്ള ചികിത്സാരീതി കേരളം വികസിപ്പിക്കണമെന്നാണ് ഫ്രാൻസ്വോയിസിന്റെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.