ആലപ്പുഴ: ഹരിത വി. കുമാർ കലക്ടറായി എത്തിയതോടെ ആലപ്പുഴ ജില്ലയുടെ ‘ഭരണം’ വനിതകളുടെ കൈകളിലായി. കലക്ടറെ കൂടാതെ ഡെപ്യൂട്ടി കലക്ടർ ആശ സി. എബ്രഹാം, ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി എന്നിവരാണ് ജില്ലതല പദവികൾ വഹിക്കുന്ന മറ്റുള്ളവർ. ഭരണകേന്ദ്രമായ ആലപ്പുഴ നഗരസഭ അധ്യക്ഷ സൗമ്യാരാജും ഇവർക്കൊപ്പമുണ്ട്. കെ. റോസ്, മിനി ആന്റണി, ആർ. ഗിരിജ, വീണ എസ്. മാധവൻ, ടി.വി. അനുപമ, ഡോ. അദീല അബ്ദുല്ല, എം. അഞ്ജന, ഡോ. രേണുരാജ് എന്നിവർക്കുശേഷം ജില്ലയിലെത്തുന്ന വനിത കലക്ടറാണ് ഹരിത വി. കുമാർ.
നർത്തകിയും പിന്നണി ഗായികയുമാണ് ഹരിത. കർണാടക സംഗീതം, ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിലെല്ലാം ചെറുപ്പംമുതൽ മിടുക്കുകാട്ടി. സിവിൽ സർവിസ് ലക്ഷ്യത്തിനായി സോഫ്റ്റ്വെയർ എൻജിനീയർ ജോലി ഉപേക്ഷിച്ചു. ഏഴുവർഷത്തെ പരിശ്രമത്തിനൊടുവിൽ 2012ൽ ഐ.എ.എസ് ഒന്നാം റാങ്കോടെ സ്വന്തമാക്കി. തൃശൂർ കലക്ടറായിരിക്കെ ഒട്ടേറെ വേദികളിൽ പാടിയിട്ടുണ്ട്. ‘കരുണ’ സിനിമയിലും പാടിയിട്ടുണ്ട്. സംഗീത സംവിധായകൻ ജോൺസണെക്കുറിച്ച് നടത്തിയ ചെറുപ്രസംഗം വൈറലായിരുന്നു.
ജില്ല പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ കോഴിക്കോട് ഈസ്റ്റ് ഹിൽ സ്വദേശിനിയാണ്. 2015 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയാണ്. സിവിൽ സർവിസ് പരീക്ഷയിൽ 111ാം റാങ്കായിരുന്നു. ഐ.പി.എസ് പട്ടികയിൽ ഒന്നാമതായി. കേരള കാഡറിൽ വയനാട്ടിലായിരുന്നു തുടക്കം. വുമൺ സെൽ എസ്.പി, ഭീകരവിരുദ്ധ സേന മേധാവി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ മികച്ച ഡെപ്യൂട്ടി കലക്ടർ റവന്യൂ പുരസ്കാരം നേടിയാണ് ഡെപ്യൂട്ടി കലക്ടർ ആശ സി. എബ്രഹാമിന്റെ തിളക്കം. 2016-2018ൽ അമ്പലപ്പുഴ തഹസില്‍ദാറായിരുന്നു. 2019ല്‍ ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കലക്ടറായി. 2020 മുതല്‍ ആലപ്പുഴ ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടറാണ്. 2021ല്‍ കോട്ടയം എ.ഡി.എം ആയിരുന്നു.
ഏറെക്കാലമായി ജനങ്ങൾക്കിടയിൽനിന്നുള്ള പ്രവർത്തനത്തിന്റെ തുടർച്ചയായാണ് കെ.ജി. രാജേശ്വരിയെ തേടി ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമെത്തിയത്. 28ാം വയസ്സിലാണ് ജനപ്രതിനിധിയാകുന്നത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ല പഞ്ചായത്ത് ആര്യാട് ഡിവിഷനിൽനിന്ന് വിജയിച്ച് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷയായിരുന്നു. ആലപ്പുഴ നഗരസഭ അധ്യക്ഷ സൗമ്യരാജ് (ഇന്ദു ടീച്ചർ) പൊതുപ്രവർത്തനരംഗത്ത് സജീവമാണ്. ഇരവുകാട് ടെമ്പിൾ ഓഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ, കേരള കർഷക സംഘം ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇവരെക്കൂടാതെ രണ്ട് വനിത എം.എൽ.എമാരും ജില്ലയിൽനിന്നുണ്ട്.
യു. പ്രതിഭയും ദലീമയും. ചേർത്തല (ഷേർളി ഭാർഗവൻ), കായംകുളം (പി. ശശികല), ചെങ്ങന്നൂർ (സൂസമ്മ എബ്രഹാം) എന്നിവിടങ്ങളിലും വനിതകളാണ് നഗരസഭ ഭരിക്കുന്നത്. ജില്ല സപ്ലൈ ഓഫിസർ, ജില്ല മൃഗസംരക്ഷണ ഓഫിസർ, ജില്ല മെഡിക്കൽ ഓഫിസർ, ജില്ല എൻവയൺമെന്റൽ എൻജിനീയർ, ജില്ല സോയിൽ സർവേ ഓഫിസർ തുടങ്ങിയ പ്രധാന തസ്തികകളിലും വനിതകളാണുള്ളത്. ജില്ലയിലെ പകുതിയോളം പഞ്ചായത്തുകളിലും വനിതഭരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.