അബൂദബി: റീമിനും റിഹാമിനും ഇത്തവണത്തെ നാട്ടിലേക്കുള്ള യാത്ര കുടുംബവുമൊന്നിച്ചുള്ള വെറും പതിവ് വെക്കേഷന് ട്രിപ് ആയിരുന്നില്ല. വലിയൊരു ആഗ്രഹ സാക്ഷാത്കാരം കൂടിയായിരുന്നു അത്. രണ്ടുവര്‍ഷത്തോളം അതീവ ശ്രദ്ധയോടെ പരിപാലിച്ചുവന്ന നീണ്ട് ഇടതൂര്‍ന്ന മുടി അർബുദ ബാധിതർക്ക് നല്‍കുകയായിരുന്നു ഇരുവരും.
ഹെയര്‍ ഫോര്‍ ഹോപ് ഇന്ത്യയും മറ്റും കീമോ ചെയ്യുന്നവര്‍ക്കായി മുടി നല്കാന് കാമ്പയിനുകളും വിവിധ ബോധവത്കരണ പരിപാടികളും എല്ലാ വര്‍ഷവും നടത്താറുണ്ട്. ഇത്തരത്തിലുള്ള പ്രചോദനങ്ങള്‍ ഉള്‍ക്കൊണ്ടാണ്, കൃത്യമായ നിര്‍ദേശങ്ങളും നിബന്ധനകളും പാലിച്ച് ഇരുവരും കാന്‍സര്‍ രോഗികള്‍ക്ക് മുടി നല്‍കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്. കുടുംബം ഒന്നായി തീരുമാനത്തെ പ്രോല്സാഹിപ്പിച്ചതോടെ ആവേശമായി. മുടി കൊഴിയാതെയും പൊട്ടിപ്പോവാതെയുമിരിക്കാനുള്ള ഹോം റെമഡികള്‍ തയാറാക്കി. രണ്ടുവര്‍ഷത്തോളമാണ് മുടി വളര്‍ത്തിയത്. ഇക്കഴിഞ്ഞ അവധിക്കാലത്ത് തൃശൂര്‍ അമല ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് മുടി മുറിച്ച് കൈമാറി. അനുമോദന സര്‍ട്ടിഫിക്കറ്റും ഇരുവരും ഏറ്റുവാങ്ങി.
കോവിഡ് കാലയളവില്‍ വീട്ടില്‍ ഇരുന്നതിനാല്‍ മുടിക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കാന്‍ സാധിച്ചെന്ന് റീമും റിഹാമും പറയുന്നു. ഗള്‍ഫ് മേഖലകളില്‍ മുടി മുറിച്ചുവാങ്ങി ആവശ്യക്കാരില്‍ എത്തിച്ചുനല്‍കുന്ന ജീവകാരുണ്യ സംഘടനകളുണ്ട്. എന്നാല്‍, കോവിഡ് മഹാമാരിയുടെ ഘട്ടത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങളൊക്കെ കുറഞ്ഞിരുന്നു. കാന്‍സര്‍ ബാധിച്ച് മുടി നഷ്ടപ്പെട്ട പരിചയത്തിലുള്ളയാള്ക്ക് മുടി കൊടുക്കാനായിരുന്നു ശ്രമവും ആഗ്രഹവും. എന്നാല്‍, യാത്രാവിലക്കുകളും മറ്റും ഉണ്ടായിരുന്നതിനാല്‍ നല്‍കാനായില്ല. പിന്നീട് നാട്ടിലെത്തിയപ്പോള്‍ ബ്യൂട്ടി പാര്‍ലറില്‍നിന്ന് കൃത്യമായ അളവില്‍ മുടി മുറിച്ച് പ്രത്യേകം പാക്ക് ചെയ്ത് ആശുപത്രിയില്‍ എത്തിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്കു കൈമാറുകയായിരുന്നു. വ്യക്തമായ ലക്ഷ്യത്തോടെ മുടി വളര്‍ത്തിയതിനാല്‍ അതീവ ശ്രദ്ധ കൊടുക്കേണ്ടിയിരുന്നു.
അതുകൊണ്ടുതന്നെ മുറിച്ചുനല്‍കിയപ്പോള്‍, മറ്റൊരാളെ സഹായിക്കാന്‍ ലഭിച്ച അവസരത്തില്‍ അതിയായ സന്തോഷവും സംതൃപ്തിയും അനുഭവപ്പെട്ടതായും ഇരുവരും കൂട്ടിച്ചേര്‍ത്തു. യു.എ.ഇയിലെ മാധ്യമപ്രവര്‍ത്തകനായ തൃശൂര്‍ ചിറമനങ്ങാട് നെല്ലപ്പറമ്പില് വീട്ടില്‍ എന്‍.എം. അബൂബക്കറിന്റെയും നിഷാന അബൂബക്കറിന്റെയും മക്കളാണ് ഇരുവരും. സഹോദരന് റനീം അബൂബക്കര്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. അബൂദബി മോഡല്‍ സ്കൂളില്‍ റീം ഏഴാം ക്ലാസിലും റിഹാം അഞ്ചാം ക്ലാസിലുമാണ് പഠിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.