ജിദ്ദ: ‘ഗൾഫ് മാധ്യമ’വും ‘മീഫ്രണ്ട്’ ആപ്പും ഈ മാസം 24ന് ജിദ്ദ ഇക്വസ്ട്രിയൻ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ‘ഹാർമോണിയസ് കേരള’ ഒരുമയുടെ മഹോത്സവത്തിൽ വയലിൻ തന്ത്രികളിൽ മിന്നും പ്രകടനം കാഴ്ചവെക്കാൻ രൂപ രേവതിയുമെത്തുന്നു. സംഗീതജ്ഞയും വയലിനിസ്റ്റും ചലച്ചിത്ര പിന്നണിഗായികയുമാണ് എറണാകുളം സ്വദേശിയായ ഇൗ കലാകാരി.
എട്ടാം വയസ്സിൽ വയലിൻ പഠിച്ചു തുടങ്ങിയ രൂപ ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന വയലിനിസ്റ്റുകളിൽ ഒരാളാണ്. 2008ൽ ‘മാടമ്പി’ എന്ന സിനിമയിൽ പാടിയാണ് ചലച്ചിത്ര പിന്നണിയിലേക്ക് രൂപ രേവതിയുടെ അരങ്ങേറ്റം. പിന്നീട് തമിഴ്, കന്നട സിനിമകളിൽ നിരവധി ഗാനങ്ങൾ പാടി. ഒട്ടനവധി സംഗീത ആൽബങ്ങൾ പുറത്തിറക്കി.
നിരവധി സിനിമകളിൽ രൂപ വയലിൻകൊണ്ട് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട്. അമൃത ടി.വി സംഘടിപ്പിച്ച ‘സൂപ്പർ സ്റ്റാർ ഗ്ലോബൽ’ എന്ന മ്യൂസിക് റിയാലിന്റെ ഷോയിലെ വിജയിയാണ് രൂപ രേവതി. നിരവധി പുരസ്കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്.
ഗൾഫിലും മറ്റു രാജ്യങ്ങളിലും വിവിധ ഷോകളിൽ പെങ്കടുത്ത് വയലിൻ മാന്ത്രികതയാൽ സംഗീതാസ്വാദകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. ആസ്വാദനത്തിന്റെ അനിർവചനീയമായ അനുഭൂതിയാണ് സദസ്സിന് വയലിൻ തന്ത്രികളിലൂടെ ഇൗ കലാകാരി സമ്മാനിക്കുന്നത്. വിസ്മയം തീർക്കുന്ന രൂപയുടെ വയലിൻ പ്രകടനം പ്രേക്ഷകരുടെ ഹൃദയങ്ങളിൽ വലിയ സ്ഥാനം അവർക്ക് നേടിക്കൊടുത്തിട്ടുണ്ട്.
ഒരുമയുടെ ഉത്സവ വേദിയിലെത്തുന്ന കലാകാരന്മാരോടൊപ്പം മലയാളി സമൂഹത്തെ സംഗീതത്തിന്റെ ആസ്വാദന തേരിലേറ്റാൻ രൂപയും തന്ത്രികൾ മീട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.