കട്ടപ്പന: കണ്ണമ്പടി-കട്ടപ്പന റൂട്ടിലോടുന്ന 'കളിത്തോഴൻ' ബസിൽ ബെല്ലടിക്കാൻ ഇനി കരുത്തിന്റെ വളയിട്ട കൈകൾ. ഹൈറേഞ്ചിലെ ആദ്യ സ്വകാര്യ ബസ് വനിത കണ്ടക്ടർ എന്ന ബഹുമതി ഇനി രജനി സന്തോഷിന് സ്വന്തം. അർപ്പണബോധമാണ് ഏതു ജോലിയെയും പൂർണതയിൽ എത്തിക്കുന്നത് എന്നതിന്റെ ഉത്തമ മാതൃക കൂടിയാണ് രജനി.
സ്വകാര്യ സ്ഥാപനത്തിലേ സെയിൽസ് വിഭാഗം ജോലിയിൽനിന്നാണ് വന്മാവ് ഉപ്പുതറ ഒറ്റപ്ലാക്കൽ സന്തോഷിന്റെ ഭാര്യ രജനി (40) കണ്ടക്റുടെ വേഷം അണിയാൻ എത്തിയത്. അതും ഏറെ വെല്ലുവിളികളെ അതിജീവിച്ച്. ആറുമാസം മുമ്പ് കണ്ടക്ടർ ലൈസൻസ് സമ്പാദിച്ചെങ്കിലും ഇടക്കുണ്ടായ ചെറിയ അപകടത്തെത്തുടർന്ന് വിശ്രമത്തിലായതിനാൽ ജോലിക്ക് കയറാൻ വൈകി.
കണ്ണമ്പടിയിൽനിന്ന് ഉപ്പുതറ വഴി മൂന്നുചാൽ ഓടുന്ന ബസിൽ ഓരോ ട്രിപ്പിലും നല്ല തിരക്കാണ്. എന്നാൽ, തന്റെ സേവനത്തിൽ രജനി ഒരു വീഴ്ചയും വരുത്താറില്ല. സ്ത്രീകളും വിദ്യാർഥികളും കുട്ടികളുമടങ്ങുന്ന യാത്രക്കാർക്ക് സുരക്ഷയുടെ കവചം ഒരുക്കുന്ന സഹോദരി കൂടിയാണ് ഈ കണ്ടക്ടർ.
കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പൂർണപിന്തുണ രജനിക്ക് ഇരട്ടി കരുത്ത് പകർന്നുനൽകുന്നു. കണ്ടക്ടറായി പരിശീലിക്കുന്ന സമയത്ത് വിപരീത അഭിപ്രായങ്ങൾ ഉയർന്നെങ്കിലും അവയെല്ലാം അതിജീവിച്ചാണ് രജനി ടിക്കറ്റ് മെഷീൻ കൈയിലെടുത്തത്. അങ്ങനെ ഉപ്പുതറക്കാരുടെ കണ്ടക്ടർ ചേച്ചി എന്ന് അറിയപ്പെട്ട് തുടങ്ങി. സഹപ്രവർത്തകരും യാത്രക്കാരും പൂർണ പ്രോത്സാഹനവുമായി രജനിക്കൊപ്പമുണ്ട്.
ജനകീയ രക്തദാനസേനയുടെ ജില്ല ചീഫ് കോഓഡിനേറ്റർ കൂടിയാണ്. ഭർത്താവ് സന്തോഷ് കർഷകനാണ്. കണ്ണമ്പടി വനത്തിലൂടെ കട്ടപ്പന നഗരത്തിലേക്ക് പായുന്ന ബസിൽ ചിരിമായാത്ത മുഖവുമായി ഈ കണ്ടക്ടർ ചേച്ചി ഓരോ യാത്രക്കാരനെയും കാത്തിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.