കൊച്ചി: മുള കൊണ്ടുള്ള പൂക്കള്‍ നിര്‍മിച്ച് ബാംബൂ ഫെസ്റ്റില്‍ ശ്രദ്ധയാകര്‍ഷിച്ച് വീട്ടമ്മ . വയനാട് സ്വദേശിനി ബേബി ലതയാണ് കലൂര്‍ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ബാംബൂ ഫെസ്റ്റില്‍ മുളകൊണ്ടുള്ള പൂക്കള്‍ നിര്‍മിക്കുന്നത്. തത്സമയ നിര്‍മാണവും പ്രദര്‍ശനവുമാണ് ഫെസ്റ്റിന്റെ ഭാഗമായി ബേബി ലത ചെയ്യുന്നത്.
വയനാട് തൃക്കേപ്പറ്റ സ്വദേശിയായ ഇവര്‍ പത്ത് വര്‍ഷമായി ബാംബൂ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ട്. ആദ്യ വര്‍ഷങ്ങളില്‍ ഡ്രൈ ഫ്ലവര്‍ നിര്‍മിക്കുന്ന യൂനിറ്റിനൊപ്പമായിരുന്നു മേളയില്‍ പങ്കെടുത്തിരുന്നത്. നാല് വര്‍ഷമായി സ്വന്തം നിലയിലാണ് ബേബി ലത മേളയുടെ ഭാഗമാകുന്നത്. ഒരു പൂവിന് 30 രൂപയാണ് വില. 500 രൂപ മുതല്‍ മുകളിലേക്കാണ് ഫ്ലവര്വേസിനും പൂക്കള്‍ക്കുമായി വരുന്ന വില. മുള ചെറുതായി മുറിച്ച് പുഴുങ്ങി ഉണക്കി കളര്‍ ചെയ്തെടുത്താണ് പൂക്കള്‍ നിര്‍മിക്കുന്നത്. പൂക്കള്‍ ഉണ്ടാക്കിയതിന് ശേഷം കളറില്‍ മുക്കുന്ന രീതിയും ഉപയോഗിക്കാറുണ്ടെന്ന് ബേബി ലത പറയുന്നു. ഫെസ്റ്റിന്റെ ഉദ്ഘാടന വേദി അലങ്കരിച്ചത് ബേബി ലത നിര്‍മിച്ച പൂക്കള്‍ കൊണ്ടാണ്. ഭര്‍ത്താവ് കിടപ്പിലായതിനാല്‍ ചികിത്സാച്ചെലവും മക്കളുടെ പഠനച്ചെലവും ഈ വീട്ടമ്മയാണ് കണ്ടെത്തുന്നത്. പി.ജിക്ക് പഠിക്കുന്ന മകളും പ്ലസ്ടുവിന് പഠിക്കുന്ന മകനുമാണ് ഇവര്‍ക്കുള്ളത്. ഡിസംബര്‍ നാലു വരെയാണ് ഫെസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.