കണ്ണുകെട്ടി വിട്ടാലും ലിയാന ഡേവിഡ് സുന്ദരമായി കീബോഡ് വായിക്കും. അതാണ് ലിയാനയും സംഗീതോപകരണങ്ങളും തമ്മിലെ ആത്മബന്ധം. കീബോഡിന്‍റെ ഓരോ തുടിപ്പും അവൾക്ക് മനപാഠമാണ്. പഠിച്ച് പഠിച്ച് 10ാം വയസിൽ തന്നെ മറ്റുള്ളവരെ പഠിപ്പിക്കാനുള്ള യോഗ്യത നേടിയിരിക്കുകയാണ് ഈ കുട്ടി അധ്യാപിക.
അച്ഛനാണ് ഗുരു
അച്ഛൻ ഗുരു, ചേച്ചി മാതൃക, അമ്മയുടെ പിന്തുണ... ഇതാണ് ലിയാന ഡേവിസിനെ 10ാം വയസിൽ തന്നെ ലണ്ടനിലെ ട്രിനിറ്റി കോളജിൽനിന്ന് ഇലക്ട്രോണിക് കീബോർഡിൽ എട്ടാം ഗ്രേഡ് യോഗ്യത നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ വിദ്യാർഥിയാക്കിയത്. ലോകത്തിൽ തന്നെ ഇത്ര ചെറു പ്രായത്തിൽ എട്ടാം ഗ്രേഡ് യോഗ്യത മറികടന്ന കുട്ടികളുണ്ടാവില്ല.
യു.എ.ഇയിൽ സംഗീതാധ്യാപകനായ ഡേവിഡ് രാജിന്‍റെ വഴിയിലൂടെയാണ് ലിയാനയുടെയും ചേച്ചി ഡയാനയുടെയും യാത്ര. ട്രിനിറ്റി ഗ്രേഡ് എക്സാമിനായി കീബോഡ്, ഡ്രംസ്, വയലിൻ, പിയാനോ തുടങ്ങിയവയെല്ലാം പഠിപ്പിക്കുന്ന അധ്യാപകനാണ് ഡേവിഡ്. സംസാരിച്ച് തുടങ്ങിയ പ്രായം മുതൽ ലിയാനയിലും സംഗീത വഴിയിലേക്കുള്ള ലക്ഷണങ്ങൾ കണ്ടിരുന്നതായി ഷാർജ യൂനിവേഴ്സിറ്റി അധ്യാപികയായ ഡോ. ലീന ഡേവിഡ് പറയുന്നു. ഗിറ്റാർ, കീബോർഡ്, വയലിൻ എന്നിയവാണ് ലിയാനയുടെ പ്രിയ കൂട്ടുകാർ. സിനിമ പാട്ടുകളും ക്രിസ്തീയ ഭക്തിഗാനങ്ങളുമാണ് കൂടുതലായും വായിക്കുന്നത്.
യു.എ.ഇ ദേശീയ ഗാനവും മറ്റ് പാട്ടുകളുമെല്ലാം ലിയാനയുടെ വാദ്യോപകരണങ്ങളിൽ നിന്ന് സുന്ദരമായ നാദത്തോടെ കേൾക്കാൻ കഴിയും. ഒരുപാട്ട് കേട്ടാൽ പത്ത് മിനിറ്റിനുള്ളിൽ അത് ഉൾക്കൊള്ളാൻ കഴിയുന്നു എന്നതാണ് ലിയാനയുടെ വേഗത. നോട്സിന്റെ ആവശ്യം പോലുമില്ല. വേണ്ടിവന്നാൽ സ്വന്തമായി നോട്സ് തയാറാക്കാനും ലിയാനക്കും ഡയാനക്കുമറിയാം. കണ്ണുകെട്ടി സംഗീതോപകരണങ്ങൾ വായിക്കുന്ന ലിയാനക്ക് ഇതിനിടയിൽ മാത്സിന്റെ അഡീഷൻ നൽകിയാലും കൃത്യമായി ഉത്തരം പറയും.
എട്ടാം ഗ്രേഡ് യോഗ്യത നേടിയതോടെ ലിയാനക്ക് സ്വന്തമായി മറ്റുള്ളവരെ പഠിപ്പിക്കാൻ കഴിയും. മാത്രമല്ല, യൂനിവേഴ്സിറ്റി പ്രവേശനങ്ങൾക്ക് പ്രത്യേക പോയന്‍റുകളും ലഭിക്കും. ലെവൽ -3 ടീച്ചിങ് ഗ്രേഡിലേക്ക് മാറിയ ലിയാനക്ക് പാഠങ്ങൾ പകർന്നുനൽകാനുള്ള കഴിവുണ്ടെങ്കിലും നിലവിൽ അധ്യാപനത്തിലേക്ക് മാറുന്നില്ല. ഗിന്നസ് വേൾഡ് റെക്കോഡിൽ ഈ ഇനത്തിൽ യംഗസ്റ്റ് എന്ന വിഭാഗം ഇല്ലാത്തതുകൊണ്ടാണ് ലിയാനക്ക് റെക്കോഡ് പുസ്തകത്തിൽ ഇടംനേടാൻ കഴിയാതെ പോയത്. 2012ൽ 11 വയസുകാരിയാണ് ഈ ഇനത്തിൽ മുൻപ് ലോകറെക്കോഡ് സ്ഥാപിച്ചിരുന്നത്. അത് മറികടക്കുന്ന പ്രകടനമാണ് ലിയാന പത്താം വയസിൽ നടത്തിയത്.
മൂന്നര വയസിൽ തുടങ്ങിയതാണ് സംഗീത പഠനം. ആറര വർഷം നീണ്ട പരിശീലനത്തിനൊടുവിലാണ് ലിയാനന സംഗീത അധ്യാപികയാവാൻ കഴിയുന്ന യോഗ്യത നേടിയെടുത്തത്. ഡയാന നേരത്തേ ഗിറ്റാറിൽ ട്രിനിറ്റി കോളജിൽ നിന്ന് എട്ടാം ഗ്രേഡ് നേടിയിട്ടുണ്ട്. വയലിനിൽ ആറാം ഗ്രേഡും ഡ്രംസിൽ അഞ്ചാം ഗ്രേഡും സ്വന്തമാക്കി. പത്താംക്ലാസ് വിദ്യാർഥിയായ ചേച്ചിയുടെ കൂടി പിന്തുണയിലാണ് ഷാർജ ജെംസ് വെസ്റ്റ്മിനിസ്റ്റർ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനായായ ലിയാന അപൂർ നേട്ടം കൈവരിച്ചത്. തിരുവനന്തപുരം സ്വദേശിയായ ഡേവിഡും കുടുംബവും 2014 മുതൽ യു.എ.ഇയിലുണ്ട്. dayana leyana എന്ന യൂ ട്യൂബ് ചാനൽ വഴി ചെറിയ രീതിയിൽ സാമൂഹിക മാധ്യമങ്ങളിലേക്കും എത്തിയിട്ടുണ്ട് ഈ കൊച്ചുമിടുക്കികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.