ദമ്മാം: നിയമക്കുരുക്ക് അഴിച്ച് ആറു വർഷത്തെ പ്രവാസത്തിന്റെ കഷ്ടപ്പാടുകൾ മറികടന്നു നാട്ടിലേക്ക് മടങ്ങാൻ തമിഴ്നാട് സ്വദേശിനിക്ക് ഇന്ത്യൻ എംബസിയും നവയുഗം സാംസ്കാരികവേദിയും തുണയായി. തമിഴ്നാട് സ്വദേശിനിയായ മദീന ബീവിയാണ് നാടണഞ്ഞത്. ആറുവർഷം മുമ്പാണ് ഇവർ റിയാദിലെ സ്വദേശിയുടെ വീട്ടിൽ ജോലിക്കെത്തിയത്.
സ്പോൺസർ ഇഖാമ എടുത്തുകൊടുക്കുകയോ സമയത്ത് ശമ്പളം നൽകുകയോ ചെയ്തില്ല. ശമ്പള കുടിശ്ശിക ഒരു വർഷത്തിലധികമായപ്പോൾ അവർ ആ വീട്ടിൽനിന്നും ഒളിച്ചോടി റിയാദിലെ ഇന്ത്യൻ എംബസിയിൽ അഭയം തേടി. എംബസി ഷെൽട്ടറിൽ രണ്ടു മാസം കിടന്നെങ്കിലും പ്രശ്നപരിഹാരം ഉണ്ടായില്ല. ഇഖാമ എടുക്കാത്തതിനാലും ഹുറൂബ് അല്ലാത്തതുകൊണ്ടും ഫൈനൽ എക്സിറ്റ് ലഭിക്കുന്നതിൽ നിയമതടസ്സം നേരിട്ടു.
എംബസി നവയുഗം വൈസ് പ്രസിഡന്റും ജീവകാരുണ്യ പ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനെ ബന്ധപ്പെട്ട്, ദമ്മാമിൽ ഫൈനൽ എക്സിറ്റിന് ശ്രമിക്കാൻ നിർദേശിച്ചു. ഇതനുസരിച്ചു എംബസി മദീനയെ ദമ്മാമിലേക്ക് അയച്ചു. പൊലീസിൽ റിപ്പോർട്ട് ചെയ്ത ഇവരെ ദമ്മാം വനിത അഭയകേന്ദ്രത്തിൽ എത്തിച്ചു. രണ്ടുമാസം നീണ്ട പരിശ്രമത്തിനൊടുവിൽ, വനിത അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് ലഭിച്ചു. തുടർന്ന് ഇന്ത്യൻ എംബസി വഴി വിമാന ടിക്കറ്റ് ലഭിച്ചതോടെ നിയമനടപടി പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.