അമ്പലപ്പുഴ: പ്രായത്തിന്റെ അവശതകൾ അലട്ടുന്നുണ്ടെങ്കിലും ശാന്തിഭവൻ മക്കളുടെ 'മേരിയമ്മ'ക്ക് വിശ്രമം അസാധ്യമാണ്. സ്നേഹം മാത്രമാണ് പ്രതിഫലമെന്ന് ഉറപ്പാക്കി രാപ്പകൽ അഗതികൾക്കായി അവർ അധ്വാനിക്കുന്നു. 25 വർഷമായി മുടങ്ങാതെ അന്തേവാസികൾക്ക് ഭക്ഷണം ഒരുക്കുന്നതിനൊപ്പം അവരുടെ സംരക്ഷണത്തിനും മറ്റ് കാര്യങ്ങൾക്കും മേരിയമ്മ തന്നെയാണ് മുന്നിലുണ്ടാവുക.
പുന്നപ്ര പറവൂരിൽ തോട്ടുങ്കൽ അരളപ്പൻ-സാറാമ്മ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് മേരി. 65 വയസ്സായി. അച്ഛനും അമ്മയും മത്സ്യത്തൊഴിലാളികളായിരുന്നു. കുടുംബത്തിലെ ദുഃഖങ്ങളും ദുരിതങ്ങളും വിശപ്പിന്റെ വിലയും അനുഭവിച്ചാണ് വളർന്നത്. അതുകൊണ്ടുതന്നെ ശാന്തിഭവനിൽ തളർന്നെത്തുന്നവരുടെ വിശപ്പിന്റെ വിളി അടുക്കളയിൽ നിൽക്കുന്ന മേരിയുടെ ചെവികൾ അതിവേഗമറിയും.
1974 ലാണ് മാത്യു ആൽബിനുമായുള്ള വിവാഹം. വിവാഹശേഷമുള്ള കുടുംബ ജീവിതത്തിനിടയിലും നിരവധി പ്രതിസന്ധികൾ നേരിടേണ്ടിവന്നിട്ടുണ്ട്. അവിടെയും തളരാതെ മക്കളെ പോറ്റാൻ ഒറ്റക്ക് ജീവിതത്തോട് പൊരുതി. കൈവിടാതുള്ള പ്രാർഥനയാണ് തന്നെ പ്രതിസന്ധികളിൽ തളർത്താതിരുന്നതെന്ന് മേരി പറയുന്നു.
പുലർച്ച അടുക്കളയിൽ കയറിയാൽ 180ഓളം പേർക്കുള്ള പ്രഭാതഭക്ഷണം രാവിലെ എട്ടോടെ തയാറാകണം. ഉച്ചഭക്ഷണം ഒരു മണിക്ക് പാത്രങ്ങളിൽ വിളമ്പിയിരിക്കും. മീനോ ഇറച്ചിയോ ഊണിനൊപ്പം നിർബന്ധമായും ഉണ്ടാകും. മീനും ഇറച്ചിയും കഴിക്കാത്തവർക്ക് ശുദ്ധമായ പച്ചക്കറി കറികളും ഉണ്ടാകും. ഇതിനുശേഷം രണ്ടുമണിക്കൂറോളം മാത്രമാണ് വിശ്രമം. അടുക്കളയോട് ചേർന്ന സ്റ്റോർ മുറിയിലെ ഒറ്റപ്പലക ബെഞ്ചിലാണ് മയക്കം.
പിന്നീട് നാലുമണിക്കുള്ള ചെറുകടിയും ചായയും നൽകാനുള്ള ഒരുക്കങ്ങൾക്ക് എഴുന്നേറ്റാൽ എട്ടുമണിക്കുള്ള അത്താഴവും വിളമ്പിയശേഷമേ ആ ദിവസത്തെ സേവനത്തിന്റെ വിളക്കണയൂ. സഹായത്തിന് മറ്റുള്ളവർ ഉണ്ടെങ്കിലും മേരിയുടെ കൈകൾ എല്ലായിടത്തും എത്തണമെന്ന നിർബന്ധവും ഒരു കുറവും വരരുതെന്ന ശാഠ്യവുമാണ് അക്ഷീണ ഓട്ടത്തിന് പിന്നിൽ. സ്ത്രീകളായ അന്തേവാസികളുടെ പരിചരണവും മേൽനോട്ടവും എല്ലാം മേരിയമ്മ നേരിട്ടുതന്നെയാണ്. ഉറ്റവർ ഉപേക്ഷിച്ചെങ്കിലും മേരിയുടെ തണലിൽ ഈ ശാന്തിതീരത്ത് ഇവർ സന്തുഷ്ടരാണ്. ശാന്തിഭവനിലെ അന്തേവാസികളുടെ 'അമ്മ'കൂടിയാണ് മേരി.
1997 ജനുവരി 30നാണ് ബ്രദർ മാത്യു ആൽബിൻ തെരുവിൽ അലയുന്നവർക്ക് അഭയകേന്ദ്രമായി പുന്നപ്രയിൽ സർവോദയ ശാന്തി ഭവൻ ആരംഭിച്ചത്. മാത്യു ആൽബിന് ഉറച്ച പിന്തുണ നൽകി ഭർത്താവിനൊപ്പം മേരി നിന്നു. അന്നുമുതൽ ഇവിടെ അഭയം തേടുന്നവർക്ക് മേരി പോറ്റമ്മയാണ്. കൈകാലുകൾ നഷ്ടപ്പെട്ട അഗതികളെ മക്കളെപ്പോലെയാണ് നോക്കുന്നത്. ഇവരെ പല്ലുതേപ്പിക്കുന്നതും കുളിപ്പിച്ച് വസ്ത്രങ്ങൾ അണിയിച്ച് ശുശ്രൂഷകൾ നടത്തുന്നതും മേരിതന്നെ. അവയവങ്ങൾ നഷ്ടപ്പെട്ടവർക്ക് കുഞ്ഞുമക്കൾക്കെന്നപോലെ ആഹാരം വാരിക്കൊടുക്കാനും മേരിതന്നെ വേണം.
സംതൃപ്തിയോടുള്ള അവരുടെ ചിരി മാത്രമാണ് മേരിയുടെ 'കൂലി'. ഇവരുടെ പ്രവർത്തനങ്ങൾ അറിഞ്ഞ് പല സംഘടനകളും അനുമോദനവുമായെത്തിയെങ്കിലും അതെല്ലാം ഇവിടുത്തെ അന്തേവാസികളായ മക്കൾക്ക് അവകാശപ്പെട്ടതാണെന്നാണ് മേരിയമ്മ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.