ബ​സ്മ അ​ൽ-​ന​ഹ്ദി, അ​വ​ൾ ശി​ല​ക​ളി​ൽ വ​ര​ച്ച ചി​ത്ര​ങ്ങ​ൾ

നി​റം​മ​ങ്ങി​യ ജീ​വി​ത​ത്തെ 'ക​ള​റാ'​ക്കി ഉമ്മ​യും മ​ക​ളും

റിയാദ്: രോഗം നിഴലിലാക്കിയ ജീവിതത്തെ ദൃഢനിശ്ചയത്തിന്‍റെ നിറക്കൂട്ടുകൾ ചാലിച്ച് വീണ്ടെടുത്ത് ഒരു പെൺകൊടി. ബൗദ്ധികവും മാനസികവുമായ വെല്ലുവിളി സൃഷ്‌ടിക്കുന്ന ട്യൂബറസ് സ്ക്ലിറോസിസ് എന്ന അപൂർവ മസ്തിഷ്ക രോഗം ബാധിച്ച Basma al-Nahdi എന്ന സൗദി കലാകാരിയാണ് ഇരുളിലാണ്ട ജീവിതത്തെ 'കളറാ'ക്കിയത്. ജന്മനാ ഒരു വൃക്ക മാത്രമുള്ള ബസ്മക്ക് ഓക്സിജന്റെ സഹായത്തോടെയല്ലാതെ ശ്വസിക്കുക സാധ്യമല്ല.

ചിത്രരചനയിലും മറ്റ് കലകളിലും ജന്മവാസനയുണ്ടെങ്കിലും അനാരോഗ്യം സമ്മാനിച്ച ഏകാന്തതയിൽ ഒതുങ്ങിക്കൂടി കഴിയുകയായിരുന്നു കൗമാരം വരെയും. മകൾ ഒറ്റപ്പെട്ട് പോകുന്നതിൽ അതീവ ദുഃഖിതയായ ഉമ്മ സൗദയുടെ ദൃഢനിശ്ചയമാണ് ഇപ്പോൾ കാണുന്ന ബസ്മയുടെ 'കളറാ'യ ജീവിതം. ബസ്മയെ സമൂഹവുമായി ബന്ധിപ്പിക്കാനും വർണങ്ങളുടെ പുതിയ ലോകത്തേക്ക് കൊണ്ടുവരാനും ഉമ്മ മുൻകൈയെടുത്ത് അവളെ ചിത്രരചന പരിശീലിപ്പിച്ചു. ബ്രഷും നിറക്കൂട്ടുകളും ആ കൈകളിൽ പിടിപ്പിച്ചു.

അതിനായി പുതിയൊരു മീഡിയംതന്നെ തിരഞ്ഞെടുത്തു. ചെറിയ കല്ലുകളിൽ ചിത്രം വരക്കൽ. ശിലകളിലെ പെയിന്‍റിങ്. ആദ്യകാല നാഗരികതയിൽ ഉടലെടുത്തതാണ് 'റോക്ക് പെയിന്റിങ്'. അതിൽ കഴിവുതെളിയിക്കാനായിരുന്നു ഉമ്മയുടെയും മകളുടെയും തീരുമാനം. മരുഭൂമിയിൽ നിന്നും പെറുക്കിയെടുക്കുന്ന കല്ലുകൾ വൃത്തിയാക്കി അതിൽ മനോഹര ചിത്രങ്ങൾ വരക്കാൻ തുടങ്ങി. ഡൊമിനോകൾ, ഗെയിമുകളിലെയും കാർട്ടൂണുകളിലെയും രസകരമായ കഥാപാത്രങ്ങൾ, പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങൾ തുടങ്ങിയവ ഇങ്ങനെ കല്ലുകളിൽ വരച്ചുപിടിപ്പിച്ചു.

വരച്ചതൊക്കെ കണ്ടവർക്കെല്ലാം ഇഷ്ടമായി. അത് പ്രിയപ്പെട്ടവർക്കും സുഹൃത്തുക്കൾക്കും പിറന്നാൾ ഉൾപ്പെടെയുള്ള വിശേഷ ദിവസങ്ങളിൽ സമ്മാനമായി അവൾ നൽകാൻ തുടങ്ങി. സമ്മാനം സ്വീകരിക്കുന്നവരുടെ പ്രതികരണങ്ങൾ ആശ്ചര്യപ്പെടുത്തുന്നതും തുടരാൻ പ്രചോദനം നൽകുന്നതുമായിരുന്നെന്ന് സൗദ പറയുന്നു. സൃഷ്ടികൾക്ക് ആവശ്യക്കാർ ഏറിയതോടെ വരച്ചതൊക്കെ വിൽക്കാൻ 'ഡെസേർട്ട് സ്റ്റോൺസ്' എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചു.

തുടർന്ന് പ്രാദേശിക വിപണിയിലും പെയിന്റിങ്ങുകളെത്തിച്ചു. വരച്ചുകൂട്ടുന്നതൊക്കെ അതിവേഗം വിറ്റുപോവുകയും ആവശ്യക്കാർ വർധിക്കുകയും ചെയ്തതോടെ നിത്യജോലിയായി അതു മാറി. പ്രേരണയും പിന്തുണയും നൽകാൻ പ്രാദേശിക തലത്തിൽ സാമൂഹികപ്രവർത്തകരും മുന്നോട്ടു വന്നു. അതോടെ നല്ല തിരക്കിലായി ഉമ്മയും മകളും.

തിരക്കുകൾക്കിടയിലും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ജിദ്ദയിലെ 'ആർട്ടി കഫേ'യിൽ റോക്ക് പെയിന്‍റിങ് വർക്ക് ഷോപ്പുകൾ നടത്തുന്നതിനും സമയം കണ്ടത്തുന്നുണ്ട്. പെയിന്റ് ചെയ്യുന്നതിനും വരക്കാനും കഴിവുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ കണ്ടെത്തി അവരുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കാനും തുടർന്ന് തൊഴിൽ നൽകാൻ കഴിയുന്ന ഒരു പ്രാദേശിക വ്യവസായമാക്കി വളർത്താനും സൗദ ലക്ഷ്യമിടുന്നുണ്ട്.

ഇതിനായി സൗദിയിലെ മറ്റു കലാകാരന്മാരുമായി സഹകരിക്കാനുള്ള ശ്രമവും നടത്തിവരുന്നുണ്ട്. നിലവിലെ ചെറിയ പദ്ധതി അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിന് സൗദി ടൂറിസം അതോറിറ്റിയുടെയോ സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെരിറ്റേജിന്‍റെയോ പിന്തുണ പ്രതീക്ഷിക്കുകയാണിപ്പോൾ. സൗദിയിൽ ടൂറിസം പച്ചപിടിച്ചുവരുന്ന പുതിയ സാഹചര്യത്തിൽ വിവിധ ഭാഗങ്ങളിൽനിന്ന് കല്ലുകളെത്തിച്ച് രാജ്യത്തിന്റെ പൈതൃകം കൊത്തി വിദേശികൾക്ക് സമ്മാനിക്കാനുള്ള പദ്ധതിയും ആലോചിക്കുന്നതായി ബസ്മയും മാതാവും കൂട്ടിച്ചേർത്തു. പ്രത്യാശയുടെയുടെയും പ്രതീക്ഷയുടെയും നിറങ്ങളും ചിത്രങ്ങളുമാണ് ബസ്മയുടെ പെയിന്റിങ്ങിലൂടെ പരക്കുന്നത്. കുറവുകളെ വളർച്ചയിലേക്കുള്ള ചവിട്ടുപടികളായി കാണാൻ കഴിഞ്ഞ ഈ ഉമ്മയും മകളും മാതൃകയാവുകയാണ്.

Tags:    
News Summary - Mother and daughter make the dull life colorful'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.