കൊച്ചി: ചിത്രകലയോടുള്ള സ്നേഹംകൊണ്ടാണ് എഴുപുന്ന സ്വദേശി സെലിൻ ജേക്കബ് കഴിഞ്ഞ ബിനാലെയിൽ വളന്റിയറായി എത്തിയതെങ്കിൽ ഇക്കുറി ആവിഷ്കാരങ്ങളുമായാണ് പങ്കെടുക്കുന്നത്. യുവകലാ പ്രവർത്തകർ അണിനിരക്കുന്ന സ്റ്റുഡന്റ്സ് ബിനാലെയിലാണ് സെലിന്റെ സൃഷ്ടികൾ. തിരുവനന്തപുരം ഗവ. ഫൈൻ ആർട്സ് കോളജിൽനിന്ന് ശിൽപകലയിൽ ബിരുദാനന്തര ബിരുദം നേടിയ സെലിന്റെ വിഷയം ശലഭങ്ങളുടെ പരിസരമാണ്. ശലഭങ്ങളുടെ നിറംതൊട്ട് ആവാസവ്യവസ്ഥയും നിലനിൽപും യുവകലാകാരിയുടെ നിരീക്ഷണത്തിൽ ഉൾപ്പെടുന്നു.
മാറുന്ന ചുറ്റുപാടിൽ ജീവിതം നിലനിർത്തുന്ന ശലഭങ്ങളാണ് തന്റെ പ്രമേയമെന്ന് സെലിൻ വിശദീകരിക്കുന്നു. ഏഴു പെയിന്റിങ്ങും ഒരു ഇൻസ്റ്റലേഷനുമാണ് സെലിൻ ബിനാലെയിൽ അവതരിപ്പിച്ചിട്ടുള്ളത്. പൊതുവിഷയം ശലഭം തന്നെ. ഇൻസ്റ്റലേഷനു പേര് ‘ഫീൽ ദ മൊമന്റ്’.
തന്റെ ബാല്യകാല അനുഭവമാണ് സെലിൻ അനാവരണം ചെയ്യുന്നത്. ഒരു നിശ്ചിതകാലത്ത് വീടിനു ചുറ്റുമുള്ള മരങ്ങളിൽ ചൊറിയൻപുഴു പുറ്റുപോലെ വരും. വെയിൽ മൂക്കുമ്പോൾ അവ താഴെക്ക് നൂലിൽ ഊർന്നിറങ്ങും. നമ്മെ സ്പർശിച്ചാൽ പിന്നെ വല്ലാത്ത ചൊറിച്ചിലാണ്. കളിക്കാൻപോലും പറ്റാതിരുന്ന ആ കാലവും അവസ്ഥയുമാണ് ഫീൽ ദ മൊമന്റ് എന്ന ഇൻസ്റ്റലേഷനിൽ.
പെരുകുന്ന ചൊറിയൻ പുഴുവാണ് സെലിൻ സൃഷ്ടിക്കുന്നതെന്നതിനാൽ ബിനാലെക്കാലത്തോളം സെലിന്റെ സൃഷ്ടിയൊരുക്കലും തുടരും. ഓരോ ദിവസവും ചൊറിയൻ പുഴുവിനെ മെനയുകയാണ് യുവകലാകാരി.മട്ടാഞ്ചേരി ട്രിവാൻഡ്രം വെയർഹൗസിലാണ് ലോഹക്കമ്പിയും മറ്റുമുപയോഗിച്ചുള്ള പ്രതിഷ്ഠാപനം.ശലഭങ്ങളുടെ വിശദാംശങ്ങൾ പ്രമേയമായ സെലിന്റെ ഏഴു പെയിന്റിംഗുകൾ മട്ടാഞ്ചേരി വി.കെ.എൽ വെയർഹൗസിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.