ദുബൈ: ദുബൈയിലെ ‘സ്കേറ്റർ ഗേൾ’ സാറ ആൻഗ്ലാഡിസിന് ബംഗളൂരുവിലും മെഡൽ തിളക്കം. ദേശീയ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത സാറ വെള്ളി മെഡലുമായാണ് മടങ്ങിയത്.
ദുബൈ അൽ വർഖ ജെംസ് സ്കൂളിലെ ഒന്നാം ഗ്രേഡ് വിദ്യാർഥിയാണ് സാറ. കോഴിക്കോട്ട് നടന്ന സംസ്ഥാന സ്കേറ്റ് ബോർഡിങ് ചാമ്പ്യൻഷിപ്പിലും വെള്ളി നേടിയിരുന്നു. ഇംഫാലിൽ നടന്ന വനിത ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഈ ഏഴു വയസ്സുകാരി മൂന്നാം സ്ഥാനവും സ്വന്തമാക്കി.
ദുബൈയിൽ പ്രവാസിയായ എറണാകുളം കളമശ്ശേരി സ്വദേശി ചിന്റു ഡേവിസിന്റെയും ആനി ഗ്രേഷ്യസിന്റെയും മകളായ സാറ കുട്ടിക്കാലം മുതൽ സ്കേറ്റർ ബോർഡിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന കുട്ടിയാണ്. മുതിർന്നവർക്കുപോലും പ്രയാസകരമായ അഭ്യാസങ്ങൾ സാറയുടെ സ്കേറ്റർ ബോർഡിൽ വിരിയും.
അഞ്ചാം വയസ്സു മുതൽ പരിശീലനം തുടങ്ങിയതാണ്. യൂട്യൂബിലും മറ്റും നോക്കിയാണ് നിയമങ്ങൾ പഠിച്ചെടുത്തത്. ഓൺലൈനിലൂടെ മാത്രം പഠിക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇൻസ്ട്രക്ടറുടെ സഹായം തേടി. മുതിർന്നവർക്കുപോലും എളുപ്പമല്ലാത്ത ഡ്രോപ് ഇൻ രീതിയും സാറ കൈവശപ്പെടുത്തി. ഇൻസ്റ്റയിലും ടിക്ടോക്കിലും നിരവധി ഫാൻസുള്ള താരംകൂടിയാണ് സാറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.