കോഴിക്കോട്: പ്രതിസന്ധികൾക്കെല്ലാം അവധിപറഞ്ഞ് സാബിറ ടീച്ചർ അന്തർദേശീയ മാസ്റ്റേഴ്സ് മത്സരത്തിന് ദക്ഷിണ കൊറിയയിലേക്ക്. ഈ മാസം 12ന് ദക്ഷിണ കൊറിയയിൽ നടക്കുന്ന ഏഷ്യ- പസഫിക് മാസ്റ്റേഴ്സ് ഗെയിംസിനാണ് ഇന്ത്യയെ പ്രതിനിധാനംചെയ്ത് പുതിയങ്ങാടി സ്വദേശിനി പണ്ടാരത്തിൽ സാബിറ യാത്രതിരിക്കുന്നത്.
ലോങ്ജംപ്, ഹൈജംപ്, 100 മീറ്റർ ഓട്ടം എന്നീ വ്യക്തിയിനങ്ങളിലും ബാസ്കറ്റ്ബാൾ, 4 x100 മീറ്റർ റിലേ എന്നിവയിലും പങ്കെടുക്കുന്നുണ്ട്. സാമ്പത്തിക പ്രയാസവും മികച്ച പരിശീലനത്തിന്റെ അഭാവവുമെല്ലാം മറികടന്നാണ് ഇവർ ഈ മാസം ഒമ്പതിന് പുറപ്പെടുക. സംസ്ഥാനത്തുനിന്ന് ഫുട്ബാൾ, ബാസ്കറ്റ്ബാൾ ഉൾപ്പെടെയുള്ള മത്സരങ്ങൾക്ക് അമ്പതോളം പേർ ടീമിലുണ്ട്.
ഉത്തർപ്രദേശിലെ വാരാണസിയിൽനിന്ന് കൈ നിറയെ മെഡലുകളുമായാണ് സാബിറ നാട്ടിലേക്ക് പോന്നത്. ബനാറസ് ഹിന്ദു യൂനിവേഴ്സിറ്റിയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് ഗെയിംസ് അത്‌ലറ്റിക്സിൽ മത്സരിച്ച ഇനങ്ങളായ ഹൈജംപ്, 14 x 400 മീറ്റർ റിലേ എന്നിവയിൽ സ്വർണം, 100 മീറ്ററിൽ വെള്ളി, ലോങ് ജംപിലും 4 x100 മീറ്റർ റിലേയിലും വെങ്കലവുമടക്കം അഞ്ചു മെഡലുകളാണ് കേരളത്തിനുവേണ്ടി നേടിയത്. പ്രതിസന്ധികൾ ഒന്നിനുപിറകെ വന്നതോടെ മത്സരത്തിൽ പങ്കെടുക്കാൻ കഴിയുമോ എന്ന ആശങ്കയിലായിരുന്നു.
ജന്മനാടായ താമരശ്ശേരി പൂനൂർ ജി.എം.യു.പി സ്കൂളിൽനിന്നാണ് തുടക്കം. 2002ൽ വിവാഹിതയായശേഷം ഭർത്താവ് അബ്ദുൽ റഹ്മാനും ഏറെ പ്രോത്സാഹനം നൽകി. മാളിക്കടവ് എം.എസ്.എസ് സീനിയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപികയാണ് ഇവർ. ദേശീയ, അന്തർദേശീയ തലത്തിൽ മെഡലുകൾ നേടിയ സാബിറ കഴിഞ്ഞ തവണ ദേശീയ മീറ്റിൽ മൂന്നു മെഡലുകൾ നേടി. ഐ.എ.എ.എഫ് ലെവൽ വൺ കോച്ചും അത് ലറ്റിക്സ് ടെക്സിക്കൽ ഒഫീഷ്യലും ഹിന്ദുസ്ഥാൻ സ്കൗട്ട് ആൻഡ് ഗൈഡ് സംസ്ഥാന ട്രെയ്നിങ് കമീഷണറുമാണ്. രണ്ടു തവണ ബെസ്റ്റ് ട്രെയ്നർക്കുള്ള അവാർഡും ഒരു തവണ ദേശീയ അവാർഡും നേടിയിട്ടുണ്ട്. മക്കൾ: സൈനു നിത, ദിലു നിബദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.