തൃപ്പൂണിത്തുറ: വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമിക്കാന്‍ ശ്രമിച്ചയാളെ ധീരമായി നേരിട്ട പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് അഭിനന്ദനപ്രവാഹം. കരിങ്ങാച്ചിറ പറപ്പിള്ളി റോഡില്‍ ശ്രീനിലയത്തില്‍ എസ്. അരുണിന്റെയും നിഷയുടെയും മകള്‍ അനഘയാണ് ആക്രമിക്കാനെത്തിയയാളെ സാഹസികമായി നേരിട്ടത്. വീട്ടില്‍ അതിക്രമിച്ചു കയറിയ അക്രമിയെ മനോധൈര്യത്തോടെ നേരിട്ട് അടിച്ചോടിച്ച അനഘയെ വിദ്യാഭ്യാസ മന്ത്രി ഫോണിലൂടെ വിളിച്ച് അഭിനന്ദനവും ആശംസയുമറിയിച്ചു.
ചൊവ്വാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. അനഘ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുന്‍വശത്തെ വാതിലടച്ചശേഷം അടുക്കള വാതിലടയ്ക്കാന്‍ പോകുമ്പോഴാണ് ട്രാക്ക് സ്യൂട്ട് ധരിച്ച് ഹെഡ് ഫോണും വെച്ച് ഒരാള്‍ അടുക്കളയുടെ അകത്തു നില്ക്കുന്നതായി കണ്ടത്. പതറിപ്പോയ അനഘ ഒച്ചയെടുത്തപ്പോള്‍ ആക്രമി അടുക്കളയിലുണ്ടായിരുന്ന കറിക്കത്തിയെടുത്ത് അനഘയുടെ കഴുത്തിനു നേരേ വീശിയെങ്കിലും അനഘ ഒഴിഞ്ഞുമാറി.
തുടര്‍ന്ന് അനഘയുടെ വായ് ഇയാൾ പൊത്തിപ്പിടിച്ചു. ഈ സമയം ആക്രമിയുടെ കൈയിലുണ്ടായിരുന്ന കത്തിയില്‍ അനഘ പിടിത്തമിട്ടതോടെ അനഘയുടെ കൈക്ക് ചെറിയ മുറിവേറ്റു. എന്നാല്‍, കരാട്ടെ ബ്ലാക്ക് ബെല്‍റ്റായ അനഘ സധൈര്യം അക്രമിയെ ചവിട്ടി വീഴ്ത്തുകയായിരുന്നു.
കൈയില്‍ കിട്ടിയ തേങ്ങയെടുത്ത് ഇയാളുടെ തലയ്ക്കടിച്ചതോടെ അക്രമി അടുക്കള വഴി മതില്‍ചാടി രക്ഷപ്പെട്ടുപോയി. തൃപ്പൂണിത്തുറ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അനഘ. ഹിൽപാലസ് പൊലീസെത്തി സമീപത്തെ സി.സി.ടി.വി ദ്യശ്യങ്ങള്‍ ശേഖരിച്ച് പ്രതിക്കായി അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.