കൊടുവള്ളി: വാർഷിക പരീക്ഷ നടക്കുന്നതിന്റെ തൊട്ടുമുമ്പായി പുസ്തകത്തിലെ അവസാന പാഠത്തിൽ പഠിച്ച അറിവുകൾ അവസരോചിതമായി വിനിയോഗിച്ച മാനിപുരം എ.യു.പി.സ്കൂളിലെ ഏഴാം ക്ലാസുകാരി റിൻഷ ഫാത്തിമ പിതാവിന്റെ രക്ഷകയായി. വൈദ്യുതാഘാതമേറ്റ കരീറ്റിപറമ്പ് പാപ്പിനിക്കണ്ടി വി.കെ. അബ്ദുൽ റഷീദിനാണ് മകൾ രക്ഷകയായത്.
മാർച്ച് 21ന് രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. വീട് വൃത്തിയാക്കുന്നതിനിടെ വാട്ടർ ഗൺ മെഷീനിൽനിന്നും അബ്ദുൽ റഷീദിന് വൈദ്യുതാഘാതമേറ്റിരുന്നു. കുഴഞ്ഞുവീണ റഷീദിനെ ഭാര്യ മിന്നത്തും എളേറ്റിൽ എം.ജെ.എച്ച്.എസ്.എസ് ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മകൻ ഷാമിൽ അഹ്മദും ചേർന്ന് പിടിക്കാൻ ശ്രമിച്ചെങ്കിലും ഇരുവരും വൈദ്യുതാഘാതത്തെ തുടർന്ന് തെറിച്ചു വീഴുകയായിരുന്നു. മകന് പല്ലുകൾ നഷ്ടപ്പെടുകയും മുഖത്ത് പരിക്കേൽക്കുകയും ചെയ്തു.
ഉപ്പക്ക് വൈദ്യുതാഘാതമേറ്റതാണെന്ന് മനസ്സിലാക്കിയ റിൻഷ ഫാത്തിമ സ്കൂളിൽ നിന്നും സയൻസ് ക്ലാസിൽ പഠിച്ച പാഠം ഓർമയാക്കി സമീപത്തുണ്ടായിരുന്ന പിക്ആക്സ് തട്ടിമാറ്റുകയും റഷീദിന്റെ ശരീരത്തിലുണ്ടായിരുന്ന വൈദ്യുതി വയർ വേർപ്പെടുത്തുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായ റഷീദിന് ഭാര്യയും മക്കളും ചേർന്ന് പ്രാഥമിക ചികിത്സയും കൃത്രിമശ്വാസവും നൽകി ഓമശ്ശേരി ആശുപത്രിയിലെത്തിച്ചു.
റഷീദിന് ഹൃദയസ്തംഭനവും അനുഭവപ്പെട്ടു.അവസരോചിതമായി പ്രവർത്തിക്കുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്ത ഭാര്യയുടെയും മക്കളുടെയും ഇടപെടലാണ് തന്റെ ജീവൻ തിരിച്ചുകിട്ടാനിടയാക്കിയതെന്ന് റഷീദ് മാധ്യമത്തോട് പറഞ്ഞു. ഉപ്പയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് റിൻഷ ഫാത്തിമ. വിദ്യാർഥികളെ അധ്യാപകരും നാട്ടുകാരും അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.