നേപ്പാളിലെ അന്നപൂർണ കൊടുമുടിക്ക്

മുകളിൽ ശൈഖ അസ്മ ആൽഥാനി

അന്നപൂർണയും കാൽകീഴിലാക്കി ശൈഖ അസ്മ

ദോഹ: ​സ്വന്തം മണ്ണ് ആഘോഷമാക്കിയ ലോകകപ്പും കഴിഞ്ഞ് ഖത്തറിന്റെ പ്രിയപ്പെട്ട പർവതാരോഹക ശൈഖ അസ്മ ആൽഥാനി വീണ്ടും കൊടുമുടികൾ തേടി യാത്ര തുടങ്ങി. റമദാനിലെ ദിനങ്ങൾക്കിടയിൽ ഹിമാലയൻ മലനിരകളുടെ ഭാഗമായി നേപ്പാളി​ലുള്ള അന്നപൂർണ കൊടുമുടി കീഴടക്കിയെന്ന വാർത്തയാണ് എത്തിയത്.

8,091 മീ. ഉയരമുള്ള കൊടുമുടി കീഴടക്കിയ വിശേഷം ശൈഖ അസ്മ തന്നെയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. ഉയരത്തിൽ ലോകത്തിൽ പത്താം സ്ഥാനത്തുകൂടിയാണ് അന്നപൂർണ. എട്ടായിരം മീറ്ററിന് മുകളിലായി ശൈഖ അസ്മ കീഴടക്കുന്ന ഏഴാമത്തെ കൊടുമുടിയെന്ന വിശേഷം കൂടിയുണ്ട് ഈ നേട്ടത്തിന്.

‘അന്നപൂർണ ഹൃദയത്തെ മാത്രമല്ല ക്ഷീണിപ്പിക്കുക; ശരീരത്തെയും മനസ്സിനെയുംതന്നെ പരീക്ഷിക്കുന്നതാണ് ഈ ദൗത്യം’ -ലോകത്തുതന്നെ ഏറ്റവും ദുഷ്കരമായ പർവതശൃംഖങ്ങളിൽഒന്ന് കൂടിയായ അന്നപൂർണ കീഴടക്കിയശേഷം ശൈഖ അസ്മയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. 8000 മീറ്ററിനു മുകളിലുള്ള 14ൽ ഏഴും കീഴടക്കിയെന്നും അവർ കുറിച്ചു.

മാർച്ച് ആദ്യം മുതലുള്ള കാത്തിരിപ്പിനൊടുവിലാണ് മഞ്ഞു വിരിഞ്ഞ് ആകാശം മുട്ടിനിൽക്കുന്ന അന്നപൂർണക്ക് മുകളിൽ ശൈഖ അസ്മ കാലെടുത്തു വെക്കുന്നത്. ഏപ്രിൽ 15നായിരുന്നു കൊടുമുടിയുടെ ഉച്ചിയിലെത്തിയതെന്ന് ഇവർ അറിയിച്ചു. ശൈഖ അസ്‍മയുടെ നേ​ട്ടത്തെ ഖത്തർ ഒളിമ്പിക് കമ്മിറ്റി അഭിനന്ദിച്ചു.

നിർണായക സാഹസിക യാത്രകളിൽ തനിക്ക് എപ്പോഴും പിന്തുണ നൽകുന്നവർക്ക് നന്ദി പറഞ്ഞായിരുന്നു ശൈഖ അസ്മ സന്തോഷം പങ്കുവെച്ചത്. ‘ഓരോ കൊടുമുടിയേറ്റവും ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നമുക്ക് ചുറ്റുമുള്ളവരുടെ മൂല്യമാണ്.

അന്നപൂർണ കീഴടക്കാൻ സഹായിച്ച എല്ലാ​വരോടും നന്ദിയും കടപ്പാടും അറിയിക്കുന്നു. ​പർവതാരോഹകൻ ഷെർപയുടെ നേതൃത്വത്തിലുള്ള ​റോപ് ഫിക്സിങ് ടീമിനോടും ഒരു പാട് നന്ദി. അവരുടെ സഹായംകൊണ്ടാണ് സുരക്ഷിതമായ മടക്കയാത്രക്കും കഴിഞ്ഞത്’ -അസ്മ പറഞ്ഞു. 2022 ജൂലൈയിലായിരുന്ന 8611 മീ. ഉയരമുള്ള ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കൊടുമുടിയായ മൗണ്ട്​ കെ ടു ഇവർ കീഴടക്കിയത്.

8000ത്തിന്​ മുകളിൽ ഉയരമുള്ള ലോകത്തെ ഏഴ് കൊടുമുടികൾ കീഴടക്കുന്ന ആദ്യ അറബ്​ വനിത കൂടിയാണ് ഖത്തർ രാജകുടുംബാംഗം കൂടിയായ ശൈഖ അസ്മ. വർഷങ്ങളായി കൊടുമുടികളിൽനിന്ന് കൊടുമുടികളിലേക്ക്​ സാഹസികയാത്ര പതിവാക്കിയ ശൈഖ അസ്മ 2022 ജൂണിൽ​ വടക്കൻ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഡിനാലിയും മേയിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള എവറസ്റ്റ്​, ലോത്​സെ പർവതങ്ങളും കീഴടക്കിയിരുന്നു.

വിൻസൺ മാസിഫ്​, സൗത്​ പോൾ (2022), അകൊൻ​കാഗ്വേ (2019), ഉത്തര ധ്രുവം (2018), കിളിമഞ്ചാരോ (2014), മൗണ്ട്​ എൽബ്രസ്​ (2021) എന്നിവ കാൽകീഴിലാക്കിയാണ് അറബ് ലോകത്തിനുതന്നെ അഭിമാനമായ പർവതാരോഹകയായി മാറിയത്.

Tags:    
News Summary - Shaikha Asma's story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.