സി​നി​മോ​ൾ

സി​നി​മോ​ളു​ടെ നേ​ട്ട​ത്തി​ന്​​ പത്തരമാറ്റ്

തൊടുപുഴ: പഠിച്ചുകൊണ്ടിരിക്കെ പല മത്സരത്തിലും പങ്കെടുക്കണമെന്ന അതിയായ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പോരായ്മകൾ ചൂണ്ടിക്കാട്ടി പലരും പിന്തിരിപ്പിച്ചു. എന്നാൽ, പരിമിതികളിൽ നിന്നുകൊണ്ടുതന്നെ ഉയരങ്ങൾ താണ്ടുകയാണ് സിനിമോൾ. അസമിലെ ഗുവാഹത്തിയിൽ ഡോ. സക്കീർ ഹുസൈൻ അക്വാട്ടിക് സെന്‍ററിൽ നടന്ന ഭിന്നശേഷിക്കാർക്കുള്ള ദേശീയ ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ മത്സരത്തിൽ വെള്ളി മെഡൽ നേടിയാണ് വണ്ണപ്പുറം സ്വദേശിനിയായ ഈ മിടുക്കി അഭിമാനമായത്.

വണ്ണപ്പുറം ഒടിയപാറ കോട്ടപ്പുറത്ത് സെബാസ്റ്റ്യൻ- മേരി ദമ്പതികളുടെ മകളാണ് 38കാരിയായ സിനിമോൾ. ഭിന്നശേഷിക്കാരായ പത്ത് കായികതാരങ്ങളാണ് കേരളത്തെ പ്രതിനിധാനം ചെയ്ത് വിവിധ നീന്തൽ മത്സരങ്ങളിൽ പങ്കെടുത്തത്. മത്സരിച്ച ഏക ഇടുക്കിക്കാരിയും സിനിമോളായിരുന്നു. വീട്ടിൽ മാതാവും മൂന്ന് സഹോദരങ്ങളുമുണ്ട്. പിതാവ് ഒരുവർഷം മുമ്പ് മരിച്ചു. കാളിയാർ സെന്‍റ് മേരീസ് സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. ജന്മന ലഭിച്ച പൊക്കക്കുറവായിരുന്നു നേരിട്ട വെല്ലുവിളി.

സ്കൂളിലൊക്കെ പപ്പയാണ് കൊണ്ടുപോയതെന്ന് സിനിമോൾ പറയുന്നു. ബസിലൊക്കെ കയറുമ്പോൾ പൊക്കക്കുറവായതിനാൽ ഒരാളുടെ സഹായം വേണമായിരുന്നു. തൃശൂരിലെ ഭിന്നശേഷിക്കാരുടെ കൂട്ടായ്മയിലെത്തിയ ശേഷമാണ് ഞങ്ങൾക്കും ഒരു ലോകം ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. അവിടെ നീന്തൽ പരിശീലനം നടക്കുന്നുവെന്ന് പറഞ്ഞ് പോയതാണ്.

അങ്ങനെ നീന്തലിനാടുള്ള ഇഷ്ടം കയറി. വണ്ടമറ്റം അക്വാട്ടിക് സെന്‍ററിലും തൃശൂരിലുമൊക്കെയായി പരിശീലനത്തിനായി പോയി. രാജസ്ഥാനിൽ ആദ്യം മത്സരിച്ചപ്പോൾ മൂന്നാം സ്ഥാനമാണ് ലഭിച്ചത്. പക്ഷേ, പിന്മാറിയില്ല. ആ വാശിയാണ് ഇപ്പോൾ വെള്ളി സ്വന്തമാക്കാൻ കഴിഞ്ഞത്. അടുത്ത തവണ സ്വർണവുമായി മടങ്ങുമെന്നാണ് സിനിമോൾ പറയുന്നത്.

വിവിധ സംഘടനകളുടെയും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയുമൊക്കെ സഹായത്താലാണ് മത്സരങ്ങളിലും മറ്റും പങ്കെടുക്കാൻ പോകുന്നത്.സ്പോർട്സ് അസോസിയേഷൻ ഫോർ ഡിഫറന്‍റ്ലി ഏബിൾഡ് ഓഫ് കരള മാനേജർ ഫാ. സോളമൻ കടമ്പാട്ടുപറമ്പിൽ, അസി. മാനേജർ അഡ്വ. വിനോദ് കുമാർ, വനിത വിഭാഗം മാനേജർ സന്ധ്യ, ലീന തോംസൺ പരിശീലകരായ ലൂക്വിൻ കെ. തോംസൺ, അജിൽ ജോസഫ്, വണ്ടമറ്റം അക്വാട്ടിക് സെന്‍ററിലെ ബേബി സാർ എന്നിവരുടെ ഇടപെടലുകളൊക്കെ തന്‍റെ വിജയത്തിന് ചിറകു നൽകിയിട്ടുണ്ട്.

ഭിന്നശേഷിക്കാരായ കുട്ടികളെ വീട്ടിൽത്തന്നെ തളച്ചിടരുതെന്നാണ് മാതാപിതാക്കളോട് പറയാനുള്ളത്. അവരുടെ ഇഷ്ടങ്ങൾക്കൊപ്പം ഒന്നു ചേർത്തുപിടിച്ച് നടന്നാൽ ഒരുനാൾ അവരാരാണെന്ന് കാണിച്ചുതരുമെന്നും സിനിമോൾ പറയുന്നു.

Tags:    
News Summary - Shine on Cinemol's achievement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.