തിരൂര്‍: പത്തി വിടർത്തിയാടുന്ന ഏതുപാമ്പും തിരൂര്‍ പുറത്തൂര്‍ സ്വദേശിനി ടി.പി. ഉഷക്ക് മുന്നിൽ പത്തി താഴ്ത്തും. മൂര്‍ഖന്‍ അടക്കമുള്ള പാമ്പുകളെ പിടിക്കുന്നതില്‍ വിദഗ്ധയായ ഉഷ 1000 പാമ്പുകളെയാണ് ഇതിനകം പിടിച്ചത്. തിരൂരിലെ ഡ്രൈവിങ് സ്കൂള്‍ അധ്യാപികയായ ഉഷക്ക് 2021ലാണ് പാമ്പുകളെ പിടിക്കാനുള്ള ലൈസന്‍സ് ലഭിച്ചത്. ചെറുപ്പം തൊട്ടേ ഇഴജന്തുക്കളോട് ഭയമുണ്ടായിരുന്നില്ലെന്നും ഈ ധൈര്യമാണ് പിന്നീട് പാമ്പുകളെ പിടിക്കുന്നതിലേക്ക് തന്നെ നയിച്ചതെന്നും ഉഷ പറഞ്ഞു. ജില്ലക്കകത്തും പ്രത്യേകിച്ച് തിരൂരിലും സമീപപ്രദേശങ്ങളിലും പാമ്പുകളെ കണ്ടാല്‍ ഉടൻ ഏതൊരാളും ഇവരെയാണ് ആശ്രയിക്കാറ്.
ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ രണ്ടര വയസ്സുകാരിയെ പാമ്പില്‍നിന്ന് രക്ഷിച്ചാണ് തുടക്കം. തൊട്ടടുെത്ത വീട്ടിലെ കുട്ടിയുടെയും വീട്ടുകാരുടെയും കരച്ചില് കേട്ട് ഓടിയെത്തിയ ഉഷ കണ്ടത് അടുക്കളയില്‍ രണ്ടര വയസ്സുകാരിയെയും വാതില്പടിയില് പാമ്പിനെയും. വെള്ളിയാഴ്ച ജുമുഅ നമസ്കാര സമയമായതിനാല്‍ ആണുങ്ങളുടെ സാന്നിധ്യവും ഉണ്ടായിരുന്നില്ല. ഉടൻ തോട്ടി പോലുള്ള മരക്കഷ്ണം ഉപയോഗിച്ച് പാമ്പിനെ ദൂരേക്ക് എടുത്തെറിഞ്ഞു.
പാമ്പിനെ പിടിക്കാനായി പത്തിയുടെ ആകൃതിയിലുള്ള ഹുക്ക് ഉഷ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഒറ്റക്കൊളുത്തിന് പകരം രണ്ട് കൊളുത്ത് വിടവിട്ട് കൂട്ടിയോജിപ്പിച്ചാണ് ഉരുക്കുകൊണ്ടുള്ള ഈ ഉപകരണം തയാറാക്കിയിട്ടുള്ളത്. സാധാരണ കൊളുത്ത് ഉപയോഗിച്ച് അമര്ത്തിപ്പിടിക്കുമ്പോള് പാമ്പിന്റെ ശരീരത്തില്‍ ബലം പ്രയോഗിക്കുന്നത് എങ്ങനെ ഒഴിവാക്കാമെന്ന ചിന്തയില്‍നിന്നാണ് ഉഷയുടെ പുതിയ കണ്ടുപിടിത്തം.
ഈ ഉപകരണത്തിലൂടെ പിടിക്കുന്നയാള്‍ക്ക് പാമ്പിന്റെ കടിയേല്ക്കലില്നിന്ന് ഒരു പരിധിവരെ രക്ഷപ്പെടാനാവും. സുഹൃത്തിന്റെ സഹായത്തോടെയാണ് ഉപകരണം നിർമിച്ചതെന്ന് ഉഷ പറഞ്ഞു. പെരുമ്പാമ്പിനെപോലുള്ള വലിയ പാമ്പുകളെ പൈപ്പിന് പകരം തുണി തുന്നിച്ചേര്‍ത്ത ഫ്രെയിം ഉപയോഗിച്ചാണ് പിടികൂടാറ്. പിടിക്കുന്ന പാമ്പുകളെ വനം വകുപ്പിന് കൈമാറും.
ഒരുതവണ ചേര കടിച്ചതൊഴിച്ചാല് ഇതുവരെ മറ്റുപ്രശ്നങ്ങളൊന്നും 38കാരിക്ക് നേരിടേണ്ടിവന്നിട്ടില്ല. പാമ്പുപിടിത്തത്തിന് പുറമെ ബസ്, ലോറി തുടങ്ങിയ വലിയ വാഹനങ്ങൾ ഡ്രൈവിങ് സ്കൂള്‍ അധ്യാപികയായ ഉഷക്ക് ഓടിക്കാനറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.