മട്ടാഞ്ചേരി: തായ്ലൻഡിൽ നടന്ന ഏഷ്യൻ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി ഇരട്ട വെങ്കലം നേടിയ സംഘത്തിൽ അംഗമായതിന്റെ സന്തോഷത്തിലാണ് മട്ടാഞ്ചേരി സ്റ്റേഷനിലെ വനിത സിവിൽ പൊലീസ് ഓഫിസർ കെ.വി. ശാലിനി.ചൈന, തായ്ലൻഡ്, മലേഷ്യ, ഇന്തോനേഷ്യ ഉൾപ്പെടെ 11 ഏഷ്യൻ രാജ്യങ്ങളും പ്രത്യേക അനുമതിയോടെ മത്സരത്തിൽ പങ്കെടുത്ത ആസ്ട്രേലിയയും മാറ്റുരച്ച മത്സരത്തിലാണ് ഇന്ത്യ ഇരട്ട വെങ്കലം നേടിയത്.
ഇന്ത്യൻ വനിത ടീമിലെ ഏക മലയാളി കൂടിയായിരുന്നു ശാലിനി. ഇന്ത്യൻ പുരുഷ ടീമിലാകട്ടെ ഒമ്പത് മലയാളികൾ ഉണ്ടായിരുന്നു. 1000, 200 മീറ്റർ വനിത വിഭാഗം മത്സരങ്ങളിലാണ് ഇന്ത്യ വെങ്കലം കരസ്ഥമാക്കിയത്.
1000 മീറ്ററിൽ തായ്ലൻഡ്, ആസ്ട്രേലിയ എന്നീ രാജ്യങ്ങൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനം നേടിയപ്പോൾ 200 മീറ്ററിൽ ആസ്ട്രേലിയ ഒന്നും തായ്ലൻഡ് രണ്ടും സ്ഥാനം നേടി.ഇന്ത്യൻ ഡ്രാഗൺ ബോട്ട് ഫെഡറേഷൻ സെക്രട്ടറിയും കോച്ചുമായ റെജി സുധാകരനായിരുന്നു പരിശീലകൻ. 2018ൽ പൊലീസ് സേനയുടെ വനിത വിഭാഗത്തിൽ നെഹ്റു ട്രോഫി മത്സരത്തിൽ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടിയിരുന്നു.
2019ൽ നടന്ന നെഹ്റു ട്രോഫി മത്സരത്തിൽ വനിതകളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ശാലിനി അംഗമായ ടീം കരസ്ഥമാക്കി. ഏപ്രിലിൽ പുന്നമടയിൽ നടന്ന ദേശീയ മത്സരത്തിൽ ശാലിനി ഉൾപ്പെട്ട വനിത ടീം 1000, 200 മീറ്ററുകളിലായി രണ്ട് വെള്ളി മെഡൽ നേടിയിരുന്നു. ഈ പ്രകടനമാണ് ശാലിനിക്ക് ഇന്ത്യൻ ടീമിലേക്ക് അവസരമൊരുക്കിയത്. ശാലിനിക്ക് ഉചിതമായ വരവേൽപ് നൽകാനുള്ള ഒരുക്കത്തിലാണ് സഹപ്രവർത്തകർ. പിന്തുണയുമായി ഭർത്താവ് ഉല്ലാസും പിറകിലുണ്ട്. ആലപ്പുഴ വെട്ടക്കൽ സ്വദേശിനിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.