കുവൈത്ത് സിറ്റി: രാഷ്ട്രീയസ്ഥിരത വീണ്ടെടുക്കാൻ ശ്രമിക്കുന്ന കുവൈത്തിൽ മാറ്റത്തിന് വോട്ട് നൽകി ജനങ്ങൾ. പ്രതിപക്ഷത്തിന് മുന്നേറ്റം നൽകുകയും സർക്കാർ അനുകൂല ക്യാമ്പിന് തിരിച്ചടി നൽകുകയും ചെയ്തു എന്ന് നിരീക്ഷിക്കപ്പെടുന്ന വിധിയിൽ, ദേശീയ അസംബ്ലിയിൽ ഇടവേളക്കുശേഷം വീണ്ടും വനിത സാന്നിധ്യവുമുണ്ടായി. ആലീ അൽ ഖാലിദ് രണ്ടാം മണ്ഡലത്തിലും, ജിനാൻ ബുഷെഹ്രി മൂന്നാം മണ്ഡലത്തിലും വിജയിച്ചു.
16 പുതുമുഖങ്ങളാണ് പുതിയ നിയമസഭയിലുള്ളത്. പിരിച്ചുവിട്ട നിയമസഭയിലെ 23 അംഗങ്ങളും മുൻ സഭകളിൽ നിന്ന് 11 മുൻ എം.പിമാരും വിജയിച്ചവരിൽ ഉൾപ്പെടുന്നു. വിജയിച്ചവരിൽ യുവാക്കളുടെയും പ്രഫഷനലുകളുടെയും സാന്നിധ്യം കൂടുതലാണ്. പ്രമുഖ പ്രതിപക്ഷ നേതാവും മൂന്ന് തവണ സ്പീക്കറുമായ അഹ്മദ് അൽ സദൂൻ വിജയിച്ചവരിൽ പ്രധാനിയാണ്. റെക്കോഡ് വോട്ടുകൾ നേടിയാണ് ഇദ്ദേഹത്തിന്റെ വിജയം. 87കാരനായ സദൂൻ അടുത്ത സ്പീക്കറാകുമെന്ന് സൂചനയുണ്ട്.
കക്ഷിരാഷ്ട്രീയത്തിന്റെ അടിസഥാനത്തിലല്ല മൽസരമെങ്കിലും അനൗദ്യോഗികമായി പല വിഭാഗങ്ങളും മൽസര രംഗത്തുണ്ടായിരുന്നു.12 പേരെ വിജയിപ്പിച്ചു ഇസ്ലാമിസ്റ്റ് ആശയക്കാർ മുൻ അസംബ്ലയിലെ അതേ എണ്ണം നിലനിർത്തി. ഇസ്ലാമിക് കോൺസ്റ്റിറ്റ്യൂഷണൽ മൂവ്മെന്റിന്റെ അഞ്ച് സ്ഥാനാർത്ഥികളിൽ മൂന്നു പേർ വിജയികളായി. ഷിയാ ഇസ്ലാമിക സഖ്യത്തിന് ഒരു സീറ്റുണ്ടായിരുന്നത് മൂന്നായി ഉയർന്നു.
മറ്റൊരു ഷിയാ ഗ്രൂപ്പായ ജസ്റ്റിസ് ആൻഡ് പീസ് രണ്ട് സീറ്റുകൾ നേടി. ലിബറൽ ഡെമോക്രാറ്റിക് ഫോറവും, നാഷണലിസ്റ്റ് പോപ്പുലർ ആക്ഷൻ മൂവ്മെന്റും 2012 ൽ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിന് ശേഷം ഇത്തവണ വീണ്ടും മൽസരിച്ചെങ്കിലും സീറ്റുകൾ നേടാനായില്ല. ഔദ്യോഗികമായി മത്സരിച്ചില്ലെങ്കിലും ഇസ്ലാമിക് സലഫി സഖ്യത്തിന്റെ അനുയായികൾ രണ്ട് സീറ്റുകൾ നേടി.
പുതിയ എം.പിമാർ ഫലത്തെ സ്വാഗതം ചെയ്തു. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും സ്ഥാനാർഥികൾ വിജയം ആഘോഷിച്ചു. ജനങ്ങൾ സ്ഥിരതയും നേട്ടങ്ങളും വികസനവും ആഗ്രഹിക്കുന്നു എന്ന സന്ദേശം നൽകുന്നതാണ് വിധിയെന്ന് വിജയിച്ചവർ ചൂണ്ടിക്കാട്ടി.
1963ലാണ് രാജ്യത്ത് ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ അഭിപ്രായ ഭിന്നതകളെ തുടർന്ന് അടിക്കടി പാർലമെൻറ് പിരിച്ചുവിടുന്നതും തുടർച്ചയായ തെരഞ്ഞെടുപ്പുകൾക്കും നിരവധി തവണ കുവൈത്ത് സാക്ഷിയായി. 2006നും 2022നും ഇടയിൽ, അമീർ അഞ്ച് തവണ പാർലമെന്റ് പിരിച്ചുവിടുകയും ഭരണഘടന കോടതി രണ്ട് അസംബ്ലികൾ റദ്ദാക്കുകയും ചെയ്തു. 2003 മുതൽ രാജ്യത്ത് 10 പൊതുതെരഞ്ഞെടുപ്പുകൾ നടന്നു.
2006 മുതൽ, നിരവധി മന്ത്രിസഭകൾ രൂപവത്കരിക്കപ്പെടുകയും മൂന്ന് പ്രധാനമന്ത്രിമാർ രാജിവെക്കാൻ നിർബന്ധിതരാവുകയും ചെയ്തു. പുതിയ അസംബ്ലിയോടെ ഇതിനൊരു മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിജയിച്ചവരും സർക്കാറും പൊതുജനങ്ങളും.
കുവൈത്ത് സിറ്റി: കുവൈത്ത് ഭരണഘടന പ്രകാരം പൊതുതെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭ രാജിവെക്കണം. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് ഞായറാഴ്ച തന്റെ സർക്കാറിന്റെ രാജി സമർപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടുത്ത പ്രധാനമന്ത്രിയായി അദ്ദേഹം തന്നെ തെരഞ്ഞെടുക്കപ്പെടുമെന്നാണ് പ്രതീക്ഷ. രണ്ടാഴ്ചക്കുള്ളിൽ ഇതിൽ വ്യക്തതവരും. പുതിയ എം.പിമാരുടെയുടെയും പ്രതിപക്ഷത്തിന്റെയും പിന്തുണ അദ്ദേഹത്തിനുണ്ട്.
രാജ്യത്തിന്റെ സാമ്പത്തിക, രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ക്രിയാത്മക പദ്ധതികൾ നടപ്പാക്കുന്നിടത്തോളം കാലം പ്രധാനമന്ത്രിയുമായി സഹകരിക്കുമെന്ന് പ്രതിപക്ഷ എം.പിമാർ വ്യക്തമാക്കി. അതേസമയം, പാർലമെന്ററിലെ ഭൂരിപക്ഷം മന്ത്രിസഭ രൂപവത്കരിക്കുന്നതിന് തടസ്സമാകില്ല. കാരണം പ്രധാനമന്ത്രിയും പ്രധാന വകുപ്പുകളും അസ്സബ ഭരണകുടുംബത്തിലെ മുതിർന്ന അംഗങ്ങളാണ് വഹിക്കുന്നത്.
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ 60 വർഷത്തെ ജനാധിപത്യത്തിൽ അഭൂതപൂർവമായ രണ്ട് വിജയങ്ങൾക്കും ഈ തെരഞ്ഞെടുപ്പ് സാക്ഷിയായി. ജയിലിൽ മത്സരിച്ച രണ്ടുപേർ വിജയിച്ചു. നാലാം മണ്ഡലത്തിൽ നിന്നു മർസൂഖ് അൽ ഖലീഫ, രണ്ടാം മണ്ഡലത്തിൽ നിന്ന് ഹമദ് അൽ ബതാലി എന്നിവരാണ് അസംബ്ലിയിലേക്ക് യോഗ്യത നേടിയത്. നിയമവിരുദ്ധമായ ട്രൈബൽ പ്രൈമറി തെരഞ്ഞെടുപ്പിൽ പങ്കെടുത്തതിനാണ് ഇരുവരെയും കോടതി ശിക്ഷിച്ചത്.
ഉന്നത കോടതിയുടെ അന്തിമ വിധിക്കായി അവർ കാത്തിരിക്കുകയാണ്. ഇത് ഇവരുടെ വിജയത്തിന് തടസ്സമായില്ല. മർസൂഖ് അൽ ഖലീഫ ആറാം സ്ഥാനക്കാരനായും ഹമദ് അൽ ബതാലി നാലാം സ്ഥാനത്തെത്തിയും യോഗ്യത നേടുകയായിരുന്നു.
കുവൈത്ത് സിറ്റി: പിരിച്ചുവിട്ട സഭയിലെ മുൻ എം.പിമാരായ അഹ്മദ് അൽ സദൂൻ, ഹസൻ ജൗഹർ, അബ്ദുല്ല അൽ മുദാഫ്, അബ്ദുൽകരീം അൽ-കന്ദരി, മുഹൽഹൽ അൽ മുദാഫ്, ബദർ അൽ മുല്ല, മുഹമ്മദ് അൽ മുതൈർ, ഖലീൽ അൽ സാലിഹ് എന്നിവരാണ് പ്രധാന വിജയികൾ. ഷുഐബ് അൽ മുവൈസ്രി, ഉബൈദ് അൽ വാസ്മി, മുബാറക് അൽ ഹജ്റഫ്, താമർ അൽ സുവൈത്ത് എന്നിവരും വിജയിച്ചവരിൽ ഉൾപ്പെടുന്നു. ഹംദാൻ അൽ അസെമി, ഖാലിദ് അൽ ഉതൈബി, സൈഫി അൽ സൈഫി എന്നിവരും ശ്രദ്ധേയരാണ്.
മുൻ ഡെപ്യൂട്ടി സ്പീക്കർ അഹ്മദ് അൽ ഷുഹൂമി, മുൻ മന്ത്രി ഹമദ് റൂഹ് എൽ ദിൻ, ബാദർ അൽ ഹുമൈദി, ഹമദ് അൽ ഹറഷാനി, മുബാറക് അൽ അജ്മി, ഹുമൂദ് അൽ അസെമി എന്നിവർ പരാജയപ്പെട്ടവരിൽ പ്രമുഖരാണ്. സാർസ് സിംപ്സ്, ഫയീസ് അൽ മുതൈരി, സദീൻ ഹമദ്, അഹമ്മദ് അൽ ഹമദ്, ഉസാമ അൽ മാനവർ, മൊസാദ് അൽ മുതൈരി, മുഹമ്മദ് അൽ റാഷിദി, ഫാർസ് അൽ മുതൈരി എന്നിവരും പരാജയത്തിന്റെ രുചിയറിഞ്ഞു.
കുവൈത്ത് സിറ്റി: രണ്ടാം മണ്ഡലത്തിൽ നിന്ന് 2,472 വോട്ട് നേടിയാണ് ആലീ അൽ ഖാലിദ് തെരഞ്ഞെടുക്കപ്പെട്ടത്. 1974 ൽ ജനിച്ച ആലീ അൽ ഖാലിദ് കുവൈത്ത് യൂനിവേഴ്സിറ്റിയിൽ നിന്ന് കമ്യൂണിക്കേഷനിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും ബിരുദം നേടിയിട്ടുണ്ട്. മൂന്നാം മണ്ഡലത്തിൽ നിന്ന് 4,301 വോട്ടുകൾ നേടിയാണ് ജിനാൻ ബുഷെഹ്രി ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1973ൽ ജനിച്ച ഇവർ, കുവൈത്ത് യൂനിവേഴ്സിറ്റിയിൽനിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
ഈജിപ്തിൽനിന്ന് ഡോക്ടറേറ്റും നേടി. 2009ൽ മുനിസിപ്പൽ കൗൺസിൽ അംഗമായി തെരഞ്ഞെടുത്തിരുന്നു. ദേശീയ അസംബ്ലി ഉപദേശക പദവിയും വഹിച്ചിട്ടുണ്ട്. 2018ൽ കേന്ദ്ര ടെൻഡർ അതോറിറ്റി അംഗമായി നിയമിതയായി. പൊതുമരാമത്ത് മന്ത്രിയും പാർപ്പിടകാര്യ സഹമന്ത്രിയും ആയി ചുമതല നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.