കേന്ദ്ര സാഹിത്യ അക്കാദമി അക്ഷരോത്സവം 15ന് കൊടിയേറും


ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ വാര്‍ഷിക അക്ഷരോത്സവം ഈ മാസം 15 മുതല്‍ 20 വരെ ഡല്‍ഹിയില്‍ നടക്കും. ഗോത്ര-വാമൊഴി സാഹിത്യങ്ങളും വടക്കുകിഴക്കന്‍ ഭാഷകളുമാണ് ഉത്സവ പ്രമേയം. എഴുതപ്പെടാത്ത സാഹിത്യശാഖകളുടെ സംരക്ഷണവും പ്രോത്സാഹനവും ഉദ്ദേശിച്ചാണ് പ്രമേയം സ്വീകരിച്ചതെന്ന് അക്കാദമി സെക്രട്ടറി കെ. ശ്രീനിവാസ റാവു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ വര്‍ഷത്തെ അക്കാദമി അവാര്‍ഡുകളുടെ വിതരണം 16ന്  വൈകീട്ട് 5.30ന് ഫിക്കി ഓഡിറ്റോറിയത്തില്‍ പ്രസിഡന്‍റ് ഡോ. വിശ്വനാഥ പ്രസാദ് തിവാരി നിര്‍വഹിക്കും. ഡോ. ഗോപി ചന്ദ് നാരങ് മുഖ്യാതിഥിയാവും. മലയാളത്തില്‍ കെ.ആര്‍. മീരയാണ് പുരസ്കാര ജേതാവ്. വാര്‍ഷിക പ്രഭാഷണം 17ന് നിയമവിദഗ്ധന്‍ ഡോ. ചന്ദ്രശേഖര്‍ ധര്‍മാധികാരി നിര്‍വഹിക്കും. ഗാന്ധി, അംബേദ്കര്‍, നെഹ്റു-തുടര്‍ച്ചകളും മുറിഞ്ഞുപോക്കും എന്ന പ്രമേയത്തിലെ ത്രിദിന സെമിനാര്‍ 18ന് ഡോ. കപില വാത്സ്യായനന്‍ ഉദ്ഘാടനം ചെയ്യും.
യുവ സാഹിത്യ സമ്മേളനം, കവിയരങ്ങ്, കലാപ്രകടനങ്ങള്‍ എന്നിവയുണ്ടാകും. 18ന് സാഹിത്യഗീതങ്ങള്‍ ഉള്‍ക്കൊള്ളിച്ച് നിസാമിയ സഹോദരങ്ങളുടെ ഖവാലിയും 19ന് ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഫോര്‍ കഥകളി ഒഥല്ളോയുടെ കഥകളി ആവിഷ്കാരവും അരങ്ങേറും. പ്രഫ. കെ. സച്ചിദാനന്ദന്‍ ഉള്‍പ്പെടെ 170 ലേറെ സാഹിത്യകാര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.