കോഴിക്കോട്: ആലത്തൂർ ലോക്സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിൻെറ പ്രചരണ രീതിയെ വിമർശിച്ചതുമായി ബന ്ധപ്പെട്ട് തുടങ്ങിയ വിവാദങ്ങൾ കത്തി പടർന്നതോടെ വാദപ്രതിവാദങ്ങളിൽ നിന്ന് താൻ സ്വയം പിൻവാങ്ങുകയാണെന്ന് അ റിയിച്ച് അധ്യാപികയും കവയത്രിയുമായ ദീപ നിശാന്ത്. തൻെറ രാഷ്ട്രീയ കാഴ്ചപ്പാടുകളെ കുറിച്ചും അനുഭവിച്ച ആത്മ സംഘർഷങ്ങളെ കുറിച്ചും ഫേസ്ബുക്ക് പേജിൽ വിശദമായി കുറിച്ചുകൊണ്ടാണ് ദീപ നിശാന്ത് നിലപാട് വ്യക്തമാക്കിയത്.
താനൊരു പാർട്ടികുടുംബത്തിൽ നിന്ന് വരുന്ന ആളല്ലെന്നും ഒരുതരത്തിലുള്ള രാഷ്ട്രീയ പാരമ്പര്യവും എവിടെയും അവകാശപ്പെട്ടിട്ടില്ലെന്നും ദീപ വ്യക്തമാക്കി. കേരളത്തിലെ ബഹുഭൂരിപക്ഷം കുടുംബങ്ങളേയും പോലെതന്നെ വീട്ടിലേക്ക് വോട്ടു ചോദിക്കാൻ വരുന്ന എല്ലാ പാർട്ടിക്കാരെയും ചിരിച്ച് സ്വീകരിക്കുന്ന, തെരഞ്ഞെടുപ്പ് വരുമ്പോൾ ഇഷ്ടമുള്ള വ്യക്തികൾക്ക് വോട്ട് രേഖപ്പെടുത്തുന്ന അരാഷ്ട്രീയ ചുറ്റുപാടിലാണ് വളർന്നത്. താനൊരു സമരത്തിലും പങ്കെടുത്തിട്ടില്ലെന്നും വ്യക്തിപരമായ സംഘർഷത്തിനപ്പുറം ഒരു സാമൂഹിക സംഘർഷത്തിലും ഭാഗഭാക്കായിട്ടില്ലെന്നും ദീപ വ്യക്തമാക്കുന്നു.
ഉറക്കെയുറക്കെ മുദ്രാവാക്യം വിളിക്കാനും തല്ലും കല്ലേറും കൊള്ളാനും പുറത്താക്കപ്പെടാനും മറ്റു കുട്ടികളുടെ ആവശ്യത്തിന് ഓടി നടക്കാനും കലോത്സവങ്ങളിൽ ഉറക്കമിളയ്ക്കാനും സ്റ്റേജിൻെറ പിന്നാമ്പുറങ്ങളിൽ കത്തുന്ന വയറിനെ വകവെക്കാതെ പാഞ്ഞു നടക്കാനും ഞാൻ മിനക്കെട്ടില്ല. ആ എന്നെ ഏറ്റവുമധികം വെറുക്കുന്നത് ഞാൻ തന്നെയാണ്. ചുറ്റുമുള്ളവർക്ക് എത്ര പ്രിയപ്പെട്ടവളായിരുന്നാലും ആ അരാഷ്ട്രീയ കാലഘട്ടം ഇന്നും ദേഹത്തിഴയുന്ന തേരട്ടയാണ്. രാഷ്ട്രീയം പടിക്കു പുറത്ത് നിർത്തേണ്ടുന്ന സംഗതിയാണെന്ന് വിശ്വസിക്കുന്ന ധാരാളം ആളുകൾ ഇപ്പോഴും വീട്ടിലുണ്ടെന്നും ദീപ പറയുന്നു.
രാഷ്ട്രീയം സംസാരിച്ചു തുടങ്ങിയതു മുതൽ താൻ നേരിട്ട ഓഡിറ്റിംഗ് അതിഭീകരമാണ്. 2015 ഒക്ടോബർ ആദ്യവാരം മുതലാണ് ഞാൻ മാധ്യമങ്ങൾക്ക് നല്ലൊരു ‘വിഭവ’മായത്. എനിക്ക് പറയാൻ വെയിലു കൊണ്ട കണക്കില്ല. എൻെറ എഴുത്ത് രാഷ്ട്രീയമാണെന്ന് ഞാൻ വിശ്വസിക്കുന്നു. കൃത്യമായി തിരഞ്ഞെടുപ്പുചട്ടങ്ങൾ നിലനിൽക്കുന്ന ഒരു നാട്ടിൽ, പ്രചരണായുധമാക്കരുതെന്ന് കർശന താക്കീതുള്ള ഒരു വിശ്വാസത്തിൻെറ പേരും പറഞ്ഞ് വോട്ടഭ്യർത്ഥന നടത്തിയതിനെതിരെയാണ് ഞാൻ പറഞ്ഞത്. വസ്തുതാപരമായ ഒരു പിഴവാണ് ചൂണ്ടിക്കാട്ടിയത്. മറ്റെല്ലാം ആരോപിതാർത്ഥങ്ങളും വ്യാഖ്യാനങ്ങളുമാണെന്നും അത് തുടരേണ്ടവർക്ക് തുടരാമെന്നും താൻ ഈ കളിയിൽ നിന്ന് പിൻവാങ്ങുകയാണെന്നും ദീപ നിശാന്ത് കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.