കൊച്ചി: അടിയന്തരാവസ്ഥക്കാലവുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുമായി മുൻ എം.പിയും പ്രമുഖ അഭിഭാഷകനും തൊഴിലാളി നേതാവുമായ തമ്പാൻ തോമസിെൻറ ആത്മകഥ. ‘തൂലിക, തൂമ്പ, ജയിൽ പിന്നെ പാർലമെൻറ്’ എന്ന പേരിലുള്ള ആത്മകഥയിൽ അടിയന്തരാവസ്ഥയുടെ നേർച്ചിത്രം 10 അധ്യായങ്ങളിലായി വിവരിക്കുന്നു.
അടിയന്തരാവസ്ഥക്കാലത്ത് സി.ജി. ജനാർദനനെ ഉപയോഗിച്ച് കേരള കോൺഗ്രസ് ഭരണകൂടവുമായി ധാരണയുണ്ടാക്കി മന്ത്രിസഭയിലെത്തിയതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. ജോർജ് ഫെർണാണ്ടസ് പാതിരിയുടെ വേഷത്തിൽ ചെന്നൈയിലെ സാന്തോം ചർച്ച് പള്ളിയിലിരുന്ന് അടിയന്തരാവസ്ഥക്കെതിരെ സമരം നയിക്കുമ്പോൾ അദ്ദേഹത്തെ പൊലീസ് പിന്തുടർന്നതിെൻറ വിവരണവുമുണ്ട്. 1952ൽ സോഷ്യലിസ്റ്റ് പാർട്ടി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടശേഷം പാച്മാരിയിൽ ചേർന്ന സമ്മേളനത്തിൽ ഡോ. രാംമനോഹർ ലോഹ്യ അവതരിപ്പിച്ച സോഷ്യലിസ്റ്റ് പാർട്ടിയുടെ രൂപരേഖയിൽ നിന്നാണ് ആത്മകഥയുടെ പേര് കണ്ടെത്തിയത്.
സമരങ്ങൾ നയിച്ച് ജയിലിൽ പോകുകയും തുടർന്ന് പാർലമെൻറിലേക്കോ നേതൃനിരയിലേക്കോ കടന്നുവരുകയും വേണം എന്നാണ് ഡോ.ലോഹ്യ പറഞ്ഞിട്ടുള്ളത്. എന്നാൽ, ഇന്ന് പാർലമെൻറിൽ പോയശേഷം അഴിമതി നടത്തി ജയിലിൽ പോകുന്നവരുമാണ് ഭൂരിഭാഗവും. ആശയത്തെക്കുറിച്ചുള്ള പഠനം നടത്താൻ ഒരു സോഷ്യലിസ്റ്റ് ബാധ്യസ്ഥനാണ്. ഇന്ന് അത്തരം കാര്യങ്ങൾക്ക് പകരം അധികാരങ്ങൾക്ക് വേണ്ടി പാർട്ടികൾ സോഷ്യലിസ്റ്റായി മാറുകയോ ആ പരിവേഷം എടുത്തണിയുകയോ ആണെന്ന് തമ്പാൻ തോമസ് പറയുന്നു. സമദൂരസിദ്ധാന്തമെന്ന പേരിൽ അധികാരത്തിന് വേണ്ടി കാലാകാലങ്ങളിൽ സോഷ്യലിസ്റ്റ് നേതാക്കൾ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. പട്ടം താണുപിള്ളയാണ് ഇതിന് തുടക്കമിട്ടത്. ദേശീയ തലത്തിൽ അവസാനമായി നിതീഷ്കുമാറും കേരളത്തിൽ വീരേന്ദ്രകുമാറും ഇതുതന്നെ നടപ്പാക്കി. ഇതിെൻറ വ്യക്തമായ ചിത്രം അനുഭവങ്ങളിലൂടെ വിശദീകരിക്കുന്നുണ്ട്. കോടതികളിലെ അപചയങ്ങളും ധർമഭ്രംശവും പുസ്തകത്തിൽ വിവരിക്കുന്നു.
പ്രഫ എം.കെ. സാനുവിേൻറതാണ് അവതാരിക. പത്രജീവനക്കാരുടെ അവകാശങ്ങളെ സംബന്ധിച്ച പോരാട്ടങ്ങളെക്കുറിച്ചും മാധ്യമങ്ങളാണ് ജനാധിപത്യത്തിലെ ഫോർത്ത് എസ്റ്റേറ്റ് എന്ന് സുപ്രീംകോടതിയെക്കൊണ്ട് അംഗീകരിപ്പിച്ചതും മജീദിയ വേജ്ബോർഡ് നടപ്പാക്കിയതിെൻറ വിശദാംശങ്ങളും വിവരിക്കുന്നുണ്ട്. 500 പേജുള്ള ആത്മകഥയിൽ 101 അധ്യായങ്ങളുണ്ട്. ഞായറാഴ്ച എറണാകുളം ടൗൺഹാളിൽ രാവിലെ 10ന് ഗൗരീദാസൻ നായർക്ക് നൽകി ജസ്റ്റിസ് കുര്യൻ ജോസഫ് പുസ്തകം പ്രകാശനം ചെയ്യും. പ്രഫ.കെ.വി. തോമസ് എം.പി അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.