കോഴിക്കോട്: കെ.എ. കൊടുങ്ങല്ലൂർ കഥാപുരസ്കാരം ജി.ആർ. ഇന്ദുഗോപന്. പടിഞ്ഞാറെ കൊല്ലം, ചോരക്കാലം എന്ന കഥക്കാണ് അവാർഡ്. 2018ൽ വാരികകളിലും മലയാള പത്രങ്ങളുടെ വാരാന്ത പതിപ്പുകളിലും വാർഷിക പതിപ്പുകളിലും പ്രസിദ്ധീകരിച്ച കഥകളാണ് അവാർഡിനു പരിഗണിച്ചത്. എഴുത്തുകാരനും വാരാദ്യ മാധ്യമം പ്രഥമ പത്രാധിപരുമായിരുന്ന കെ.എ. കൊടുങ്ങല്ലൂരിെൻറ സ്മരണക്കായി മാധ്യമം റിക്രിയേഷൻ ക്ലബ് ഏർപ്പെടുത്തിയതാണ് പുരസ്കാരം. പ്രശസ്ത കഥാകാരന്മാരായ അയ്മനം ജോൺ, പി.കെ. പാറക്കടവ്, നിരൂപകൻ രാഹുൽ രാധാകൃഷ്ണൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.
10,001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങിയ അവാർഡ് ഡിസംബർ മൂന്നാം വാരം നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ക്ലബ് പ്രസിഡൻറ് എൻ. രാജേഷ്, ജനറൽ സെക്രട്ടറി എൻ. രാജീവ്, പുരസ്കാരസമിതി കൺവീനർ കെ.പി. റജി എന്നിവർ അറിയിച്ചു. കൊല്ലം ഇരവിപുരം വാളത്തുംഗൽ ടി. ഗോപിനാഥ പിള്ളയുടെയും കെ. രാധയമ്മയുടെയും മകനായ ഇന്ദുഗോപൻ മലയാള മനോരമയിൽ ദീർഘകാലം പത്രപ്രവർത്തകനായിരുന്നു. ഭാര്യ: വിധുബാൽ ചിത്ര. മക്കൾ: ചാരു സൂര്യൻ, ചാരു അഗ്നി. കഥ, നോവൽ, ജീവചരിത്രം, അപസർപ്പക നോവൽ പരമ്പര, യാത്രാവിവരണം, ആത്മകഥ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി 24 കൃതികൾ രചിച്ചിട്ടുണ്ട്.
പദ്മരാജൻ പുരസ്കാരം, സംസ്ഥാന ടെലിവിഷൻ പുരസ്കാരം, വി.പി. ശിവകുമാർ കേളി അവാർഡ്, കേരള സാഹിത്യ അക്കാദമി ഗീത ഹിരണ്യൻ പുരസ്കാരം, കുങ്കുമം നോവൽ-കഥ അവാർഡുകൾ, ആശാൻ പ്രൈസ്, അബൂദബി ശക്തി അവാർഡ്, നൂറനാട് ഹനീഫ് സ്മാരക പുരസ്കാരം, മികച്ച നവാഗത സംവിധായകനുള്ള ജേസി ഫൗണ്ടേഷൻ അവാർഡ് എന്നിവ നേടിയിട്ടുണ്ട്. ഒറ്റക്കൈയ്യൻ സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.