ഹൈദരാ ബാദ്: ഫാഷിസ്റ്റ് നയങ്ങൾക്കെതിരെ പോരാടുന്നവരെ ഗൂഢാലോചനക്കാർ എന്നു വിളിക്കുന്നതിലും വലിയൊരു ഗൂഢാലോചനയില്ലെന്ന് കവിയും മാവോവാദി ചിന്തകനുമായ വരവര റാവു പറഞ്ഞു.
ഹൈദരാബാദ് വിമാനത്താവളത്തിൽ വാർത്തലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീമ-കൊറേഗാവ് സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ വീട്ടുതടങ്കലിലായ വരവര റാവു കേന്ദ്ര സർക്കാറിനെതിരെ ആഞ്ഞടിച്ചു. കൊറേഗാവ് സംഘർഷത്തിൽ കേസെടുക്കേണ്ടത് മനുഷ്യാവകാശ പ്രവർത്തകർക്കെതിരെയല്ല. മറിച്ച്, മഹാരാഷ്ട്ര സംസ്ഥാനത്തിനും കേന്ദ്രത്തിനുമെതിരെയാണ്. കെട്ടിച്ചമച്ച കേസാണിത് -റാവു തുടർന്നു.
കഴിഞ്ഞ ദിവസം മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകരെ കോടതി ഇടപെട്ടാണ് വീട്ടുതടങ്കലിലാക്കിയത്. സെപ്റ്റംബർ ആറുവരെയാണ് വീട്ടുതടങ്കൽ. റാവുവിന് പുറമെ, സുധ ഭരദ്വാജ്, അരുൺ ഫെരേര, ഗൗതം നവ്ലഖ, വെർണൻ ഗൊൺസാൽവസ് എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു.
കോടതി ഉത്തരവ് കർശനമായി നടപ്പാക്കുമെന്നും റാവുവിെൻറ ഭാര്യയും കുട്ടികളും അദ്ദേഹത്തോടൊപ്പമാണ് കഴിയുന്നതെങ്കിൽ, അവരെ മാത്രമേ വീട്ടിലേക്ക് പ്രവേശിപ്പിക്കൂ എന്നും ഹൈദരാബാദ് പൊലീസ് ഡെപ്യൂട്ടി കമീഷണർ വിശ്വ പ്രസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.