ന്യൂഡൽഹി: പ്രശസ്ത എഴുത്തുകാരി ക്രിഷ്ണ സോബ്തി അന്തരിച്ചു. 93 വയസായിരുന്നു. ആധുനിക ഹിന്ദി സാഹിത്യത്തിലെ സ് ത്രീ നോവലിസ്റ്റുകളിൽ ഏറ്റവും ശ്രദ്ധേയയായിരുന്നു സോബ്തി. 2017ൽ 53ാമത് ജ്ഞാനപീഠപുരസ്കാരം നൽകി രാ ജ്യം ആദരിച്ചിട്ടുണ്ട്. ഇന്തോ-ആര്യൻ ഭാഷയായ ഡോഗ്രി എഴുത്തുകാരൻ ശിവ്നാഥാണ് ഭർത്താവ്.
സോബ്തിയുടെ നോവൽ ‘സിന്ദഗി നാമ’ 1980ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടി. 1996ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പും ല ഭിച്ചു. അഭിപ്രായസ്വാതന്ത്ര്യം അടിച്ചമർത്തുന്നതിൽ കേന്ദ്ര സാഹിത്യ അക്കാദമി പുലർത്തുന്ന മൗനത്തിൽ പ്രതിഷേധിച്ച് എഴുത്തുകാർക്കൊപ്പം ചേർന്ന് ഇരു ബഹുമതികളും അവർ തിരിച്ചുനൽകുകയും ചെയ്തിരുന്നു. 2010ൽ പ്രഖ്യാപിക്കപ്പെട്ട പത്മഭൂഷണും അവർ നിരസിക്കുകയുണ്ടായി.
മിത്രോ മർജാനി, സിന്ധഗിനാമ, ടിൻ പഹദ്, ക്ലൗഡ് സർക്കിൾസൺ ഫ്ലവേഴ്സ് ഒാഫ് ഡാർക്ക്നസ്, ലൈഫ്, ഹം ഹഷ്മത് ബാഗ്, ദർവാരി, മനൻ കി മാൻ എന്നിവയാണ് പ്രധാന കൃതികൾ.
വിഭജനത്തിനു മുമ്പും ശേഷവുമുള്ള കാലഘട്ടങ്ങളിൽ ജീവിച്ച അവർ പഞ്ചാബി, ഉർദു, ഹിന്ദി ഭാഷകളുടെ അസംസ്കൃതമായ തനിമയുടെ കരുത്ത് പുനരാവിഷ്കരിച്ചു. കൃഷ്ണ സോബ്തിയുടെ എഴുത്തിെൻറ അന്തർധാരയും കലഹമായിരുന്നു. ആണത്തമുള്ള എഴുത്ത് എന്നാണ് ഹിന്ദി വിമർശകൻ മദൻ സോണി അവരുടെ കൃതികളെ വിശേഷിപ്പിച്ചത്. ഇൗ വിശേഷണത്തെ അവർ കഠിനമായി എതിർത്തിരുന്നു. മഹത്തായ കൃതികൾ ആണത്തവും പെണ്ണത്തവും നിറഞ്ഞതാണെന്ന് അവർ തിരുത്തുകയും ചെയ്തിരുന്നു.
പഞ്ചാബിയിലെയും ഉർദുവിലെയും ഹിന്ദിയിലെയും നാടൻപ്രയോഗമായിരുന്നു അവരുടെ പ്രമേയത്തിെൻറ കരുത്ത്. ശരീരവും ആത്മാവുമുള്ള പച്ചയായ ഭാഷ. അതുകൊണ്ടുതന്നെ അസഭ്യം എന്ന് ഇൗ ഭാഷ വിമർശിക്കപ്പെട്ടിരുന്നു. ഭർത്താവ് ശിവ്നാഥ് വർഷങ്ങൾക്കുമുമ്പ് മരിച്ചതിനുശേഷം കിഴക്കൻ ഡൽഹിയിലെ അപ്പാർട്മെൻറിൽ ഏകയായി കഴിയുകയായിരുന്നു അവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.