ചേതൻ ഭഗത്തിന്‍റെ ഏറ്റവും പുതിയ പുസ്തകമായ 'ഒരു ഇന്ത്യൻ പെൺകുട്ടി' പ്രകാശനം ചെയ്തത് പ്രശസ്ത ഹോളിവുഡ് താരമായ കങ്കണ റാവത്താണ്. ഒക്ടോബർ ഒന്നിന് മുംബൈയിൽ വെച്ച് നടന്ന രാജ്യത്തെ സൂപ്പർ മെഗാ പുസ്തക പ്രകാശനത്തിന് മുൻപ് തന്നെ കങ്കണ തന്‍റെ ആഗ്രഹം തുറന്നു പറഞ്ഞു. ഇന്ത്യൻ ഗേളായി തനിക്ക് വേഷമിടണമെന്ന് നോവലിസ്റ്റിനോട് പരസ്യമായാണ് കങ്കണ ആവശ്യപ്പെട്ടത്. നോവൽ പ്രകാശിതമാകും മുൻപ് വായിക്കാൻ അവസരം ലഭിച്ചപ്പോഴാണ് നോവലിലെ രാധികയാകാനുള്ള അനുരാഗം കങ്കണ തുറന്നു പറഞ്ഞത്.
ചേതന്‍റെ മുൻനോവലുകളെല്ലാം ബോളിവുഡിൽ സിനിമയായിരുന്നു. അമീർ ഖാൻ അഭിനയിച്ച ത്രീ ഇഡിയറ്റ്സ് ബോളിവുഡിൽ മെഗാ ഹിറ്റായിരുന്നു.
പല സിനിമകളിലും സ്ത്രീ കേന്ദ്രിത കഥാപാത്രങ്ങൾ കൈകാര്യം ചെയ്തയാളാണ് കങ്കണ റാവത്ത്. ഫെമ്നിസ്റ്റ് പുസ്തകം എന്ന് നോവലിസ്റ്റ് തന്നെ വിശേഷിപ്പിച്ച പുസ്തകത്തിലെ നോവലിലെ കേന്ദ്ര കഥാപാത്രത്തോട് കങ്കണക്ക് താൽപര്യം തോന്നിയിതിൽ അദ്ഭുതമില്ല.
ചേതന്‍റെ മറ്റു നോവലുകളിൽ നിന്ന് വ്യത്യസ്തമായി സ്ത്രീയാണ് ഈ നോവലിൽ നരേറ്റർ. നിങ്ങൾക്ക് എന്നെ ഏറെയൊന്നും ഇഷ്ടമാവില്ല എന്ന ആമുഖത്തോടെയാണ് കഥാപാത്രമായ രാധിക മേത്ത സംസാരിക്കുന്നത്. ബാങ്ക് ഉദ്യോഗസ്ഥയായ തനിക്ക് എല്ലാ വിഷയങ്ങളിലും തനിക്ക് സ്വന്തം അഭിപ്രായം ഉണ്ടെന്നും താൻ ഇതിനു മുൻപ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും രാധിക പറയുന്നു. ഇതൊക്കെ ഒരു പുരുഷനാണ് ചെയ്തതെങ്കിൽ ഒരുപക്ഷെ വായനക്കാർ ക്ഷമിച്ചേനെ, എന്നാൽ സ്ത്രീ ആയതിനാൽ തനിക്ക് വായനക്കാരുടെ ഇഷ്ടകഥാപാത്രമാകില്ലെന്നും രാധിക തിരിച്ചറിയുന്നു. ഇന്ത്യൻ സമൂഹത്തിലെ സ്ത്രീ വിരുദ്ധമായ ആശയങ്ങൾക്ക് നേരെയും കപട സദാചാര മൂല്യങ്ങൾക്ക് നേരെയും തിരിയുന്ന ശക്തമായ കഥാപാത്രമാണ് ഈ നോവലിലെ രാധിക മേത്ത.
ലോകം ആണിനും പെണ്ണിനും തുല്യമായ അവകാശം നൽകുന്നു, അതിനാൽ തന്നെയാണ് ഒരു സ്ത്രീയുടെ കാഴ്ചപ്പാടിൽ നോവൽ എഴുതിയതെന്ന് ചേതൻ ഭഗത് പറയുന്നു. പലരും സ്ത്രീയുടെ അവകാശങ്ങളെ കുറിച്ച് ബോധവാന്മാരോ ബോധവതികളോ അല്ല. എന്നാൽ ഒരു സ്ത്രീയെ ഫസ്റ്റ്പേഴ്‌സൺ ആയി എഴുതുമ്പോൾ താൻ ഏറ്റെടുത്ത വെല്ലുവിളിയെ കുറിച്ച് ബോധവാനായിരുന്നുവെന്നും നോവലിസ്റ്റ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.