തിരൂര്‍: മലയാള സാഹിത്യലോകത്ത് മലപ്പുറത്തിന്‍െറ ഇടവും അരികുവത്കരണവും അടയാളപ്പെടുത്തി ‘മലയാളത്തിലെ മലപ്പുറം’ സംവാദം. ‘തലയോലപ്പറമ്പ്’ വേദിയില്‍ നടന്ന ചര്‍ച്ച വാദങ്ങളും മറുവാദങ്ങളും കൊണ്ട് സജീവമായി. മനുഷ്യനില്‍ വിശ്വസിക്കുകയും ജീവിതത്തോട് പ്രതിബദ്ധത പുലര്‍ത്തുകയും ചെയ്യുന്ന സാഹിത്യമാണ് മലപ്പുറത്തിന്‍െറ സംഭാവനയെന്ന വാദം സദസ്സും വേദിയും മുന്നോട്ടുവെച്ചപ്പോള്‍, ദേശത്തെക്കുറിച്ച് എഴുത്തിലും സമീപനത്തിലുമുള്ള മുന്‍വിധിയും വിമര്‍ശിക്കപ്പെട്ടു.
മലപ്പുറം എന്ന പേരില്‍ ജില്ല രൂപവത്കരിച്ചത് അടുത്തകാലത്താണെന്നും അതുകൊണ്ടുതന്നെ അവകാശപ്പെടുന്നതരത്തില്‍ സാഹിത്യപാരമ്പര്യമില്ളെന്നും എന്നാല്‍, ജില്ലയുടെ ഭാഗങ്ങളായ പ്രദേശങ്ങള്‍ക്ക് സാഹിത്യപാരമ്പര്യമുണ്ടെന്നും ചരിത്രകാരന്‍ എം.ജി.എസ്. നാരായണന്‍ അഭിപ്രായപ്പെട്ടു. തുഞ്ചത്തെഴുത്തച്ഛന്‍ മുതലുള്ള ചരിത്രത്തില്‍നിന്നാണ് തുടങ്ങേണ്ടത്. മഹാഭാരതവും രാമായണവും ഭാഗവതവും അദ്ദേഹമെഴുതിയെങ്കിലും ആ കൃതികളുടെ സ്വതന്ത്ര വിവര്‍ത്തനത്തിനാണ് അദ്ദേഹം ശ്രമിച്ചത്.
രാമായണത്തെ ഒരു കാവ്യമെന്ന നിലക്കാണ് പൂര്‍വികന്മാരൊക്കെ കരുതിയിരുന്നത്. ധര്‍മാധര്‍മങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താനാണ് രാമായണത്തിലൂടെ അദ്ദേഹം ശ്രമിച്ചത്. അതുവഴി കേരളീയരെ ഭാരതീയരാക്കി മാറ്റുകയും ചെയ്തു. കൂടുതല്‍ വിശാലമായ സാംസ്കാരിക ലോകത്തേക്ക് അദ്ദേഹം മലയാളികളെ എത്തിച്ചു. എന്നാല്‍, അടുത്തകാലത്തായി ചിലര്‍ രാമായണം ചരിത്രകൃതിയാണെന്ന് പറയുന്നുണ്ട്. അത് സങ്കുചിത താല്‍പര്യങ്ങള്‍ക്കും സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കും വേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആനന്ദത്തിനും സൗന്ദര്യത്തിനും വേണ്ടിയല്ല, ജീവിതത്തിനുവേണ്ടിയുള്ള എഴുത്താണ് വേണ്ടതെന്ന് കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. പൊന്നാനിക്കളരിയുടെ സംസ്കാരമാണ് മലപ്പുറം ജില്ലക്ക് ഭൂരിപക്ഷമുള്ളത്. ഏറ്റവും മനോഹരവും മനസ്സിനെ ആകര്‍ഷിക്കുന്നതും മനുഷ്യപ്പറ്റുമുള്ള ഭാഷയാണ് മലപ്പുറത്തിന്‍െറത്. ഭാരതപ്പുഴയുടെ നനവാണ് മലപ്പുറത്തിന്‍െറ എഴുത്തിലും പ്രകൃതത്തിലും. മലപ്പുറം ജില്ലയാണ് കേരളത്തില്‍ ഏറ്റവും അധികം സാഹിത്യകാരന്മാരെ സംഭാവന ചെയ്തതെന്ന് എം. ഗംഗാധരന്‍ പറഞ്ഞതായും രാമനുണ്ണി സൂചിപ്പിച്ചു.
ചരിത്രം പരിശോധിക്കുമ്പോള്‍ എന്തുകൊണ്ട് മലപ്പുറത്തുനിന്നുള്ള എഴുത്തുകളും എഴുത്തുകാരുടെയും പ്രതിനിധാനങ്ങള്‍ ഇല്ലാതെ പോകുന്നുവെന്നത് പരിശോധിക്കേണ്ടതാണെന്ന് ഗവേഷകനും അധ്യാപകനുമായ ഡോ.എം.എച്ച്. ഇല്യാസ് പറഞ്ഞു. മലയാളം എന്നത് പല ഭാഷകളുടെയും സങ്കരഭാഷയാകുമ്പോള്‍, ചിലയിടങ്ങളിലെ ഭാഷകള്‍ അശുദ്ധമാകുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
മലപ്പുറം ഉള്‍ക്കൊള്ളുന്ന ഒരു പ്രദേശത്തിന്‍െറ ഭാഷയും സംസ്കാരവും മുഖ്യധാര ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്നത് പരിശോധിക്കേണ്ടതാണെന്ന് എഴുത്തുകാരന്‍ എ.പി. കുഞ്ഞാമു പറഞ്ഞു. വയലാര്‍ പുരസ്കാരം ഒരു മുസ്ലിം എഴുത്തുകാരനും ലഭിക്കാതെ പോയത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. മലപ്പുറത്തിന്‍െറ ഭാഷയെ ശുദ്ധഭാഷയെന്നും അശുദ്ധഭാഷയെന്നും അടയാളപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മോഡറേറ്റര്‍ ജമീല്‍ അഹ്മദ് പറഞ്ഞു.
പങ്കെടുത്തവര്‍ക്ക് മാധ്യമം ന്യൂസ് എഡിറ്റര്‍ എന്‍. രാജേഷും സീനിയര്‍ ചീഫ് പ്രൂഫ് റീഡര്‍ സൂഫി മുഹമ്മദും ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. മാധ്യമം ന്യൂസ് എഡിറ്റര്‍ മൊയ്തു വാണിമേല്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.