തിരൂര്‍: രണ്ടു രാപ്പകലുകള്‍ മാധ്യമം ലിറ്റററി ഫെസ്റ്റില്‍ ചര്‍ച്ചചെയ്യുന്നത് രാജ്യത്ത് സംഹാരനൃത്തമാടുന്ന ഫാഷിസം റദ്ദുചെയ്യുന്ന ആവിഷ്കാരങ്ങളെക്കുറിച്ചാണ്. ഫെസ്റ്റിന്‍െറ പ്രധാന വേദികളില്‍ ഒന്നായ തസ്രാക്കില്‍ ‘ആവിഷ്കാരത്തിന്‍െറ ശബ്ദങ്ങള്‍’ എന്ന മുഖ്യപ്രമേയത്തില്‍ നടന്ന സംവാദം ജനാധിപത്യം നേരിടുന്ന വെല്ലുവിളിയില്‍ ആശങ്ക പുലര്‍ത്തി. കവിയും ചിന്തകനുമായ സച്ചിദാനന്ദന്‍, ബംഗളൂരു എന്‍.എം.കെ.ആര്‍.വി കോളജിലെ ഇംഗ്ളീഷ് വിഭാഗം മേധാവിയും എഴുത്തുകാരനും നിരൂപകനും ചലച്ചിത്രനിരൂപകനുമായ മനു ചക്രവര്‍ത്തി, എഴുത്തുകാരായ സേതു, കല്‍പറ്റ നാരായണന്‍, ടി.ഡി. രാമകൃഷ്ണന്‍, അധ്യാപകനും ഗ്രന്ഥകാരനുമായ കൂട്ടില്‍ മുഹമ്മദലി എന്നിവര്‍ പങ്കെടുത്തു. മാധ്യമം അസോസിയേറ്റ് എഡിറ്റര്‍ യാസീന്‍ അശ്റഫ് മോഡറേറ്ററായി.
സച്ചിദാനന്ദന്‍
ആവിഷ്കാരങ്ങള്‍ മരണത്തിലേക്കുവരെ നയിക്കാവുന്ന സാഹചര്യമാണ് ഇന്ന് രാജ്യത്ത് നിലനില്‍ക്കുന്നത്. പ്രതിരോധം എന്ന കവചമാണ് നാം തീര്‍ക്കേണ്ടത്. കവിതക്ക് അനേകം ധര്‍മങ്ങളുണ്ട്. ചരിത്രത്തിന് സാക്ഷിയാകുക, കടന്നുപോയ ചരിത്രത്തെ ഓര്‍മിച്ചുകൊണ്ടിരിക്കുക, രൂപപ്പെട്ടുകൊണ്ടിരിക്കുന്നവക്ക് താക്കീത് നല്‍കുക തുടങ്ങിയവ. അനീതിക്കെതിരെ പ്രതിരോധം തീര്‍ത്താണ് കവിത എന്നും സംസാരിച്ചത്. അത്തരം പ്രതിരോധങ്ങള്‍ ലോകമെങ്ങുമുണ്ടായിട്ടുണ്ട്. സൈലന്‍റ് വാലിയിലും ചെങ്ങറയിലും മൂന്നാറിലുമെല്ലാം പ്രതിരോധം യാഥാസ്ഥിതികമായ പാര്‍ട്ടി ഘടകത്തിന് പുറത്തുനിന്നായിരുന്നു. അതിരപ്പിള്ളിയില്‍ നടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്ന പരിസ്ഥിതി സംരക്ഷണ കലാപത്തെയും ഞാന്‍ പ്രതിരോധത്തിന്‍െറ പരിധിയില്‍ ചേര്‍ക്കുന്നു.
മനു ചക്രവര്‍ത്തി
സമ്മര്‍ദങ്ങള്‍ക്ക് നടുവിലൂടെയാണ് ഇപ്പോള്‍ എഴുത്തുകാര്‍ സഞ്ചരിക്കുന്നത്. ആഗോള മൂലധനത്തിന്‍െറ സമ്മര്‍ദമാണ് അതില്‍ പ്രധാനം. രാഷ്ട്രീയ സമ്മര്‍ദങ്ങളിലൂടെയും എഴുത്തുകാരന് കടന്നുപോകേണ്ടിവരുന്നു. ഭരണകൂടം നിശ്ചയിച്ച ദേശീയത സങ്കല്‍പങ്ങളോട് ചേര്‍ന്നുപോയില്ളെങ്കില്‍ എഴുത്തുകാരന്‍ ദേശദ്രോഹി ആകുന്ന സ്ഥിതിയുണ്ട്. എന്‍െറ ഗുരുനാഥനായ യു.ആര്‍. അനന്തമൂര്‍ത്തി അവസാന നാളുകളില്‍ കടന്നുപോയത് ഇതുപോലുള്ള അതിഭീകര സാഹചര്യങ്ങളിലൂടെയാണ്. കപട മതേതരവാദികളും വലതുപക്ഷ മതവാദികളും എഴുത്തുകാരനുമേല്‍ താന്‍ മതേതരനാണ് എന്ന് നിരന്തരം സാക്ഷ്യപ്പെടുത്തേണ്ട സാഹചര്യം ഉണ്ടാക്കിയിരിക്കുന്നു. സര്‍ഗാത്മകതയെ കീഴ്പ്പെടുത്താനും ഒതുക്കാനുമുള്ള എല്ല ശ്രമങ്ങളോടും നോ പറയുക എന്നതാണ് പരിഹാരം.
സേതു
സാഹിത്യോത്സവങ്ങളില്‍ എഴുത്തിന്‍െറ ലാവണ്യമല്ല, സ്വാതന്ത്ര്യം ചര്‍ച്ചചെയ്യേണ്ട സാഹചര്യമാണുണ്ടായിരിക്കുന്നത്. എഴുത്തുകാരന്‍െറ മൊഴിയടയ്ക്കാനും തകര്‍ക്കാനും ശ്രമങ്ങള്‍ ശക്തമാകുമ്പോള്‍ പ്രതിരോധത്തിന്‍െറ പ്രസക്തി വര്‍ധിക്കുന്നതാണ് കാരണം.
ചിന്തിക്കുന്ന തലച്ചോറിനെയാണ് ഏകാധിപതികള്‍ എക്കാലത്തും ഭയപ്പെട്ടത്. എതിരെ വരുന്ന വാളിനെക്കള്‍ കേള്‍ക്കാന്‍ ഒരാളെങ്കിലും കൂടെയുള്ള എഴുത്തുകാരനെ അവര്‍ ഭയപ്പെട്ടുപോന്നു. എഴുത്തുകാരന്‍ തന്‍െറ ഇടം വിട്ടുകൊടുക്കാതെ സൂക്ഷിക്കുന്നതിനൊപ്പം കൂടെ നില്‍ക്കാന്‍ പാകത്തില്‍ സമൂഹത്തെ പാകപ്പെടുത്തുകയും വേണം.
കല്‍പറ്റ നാരായണന്‍
വേറെ ഒരു അഭിമാനവും പറയാന്‍ ഇല്ലാത്തവരാണ് ദേശാഭിമാനത്തെക്കുറിച്ച് അമിതമായി സംസാരിക്കുന്നത്. അതുപയോഗിച്ച് ഭരണകൂടം ജനതയെ ഭീകരമായി കൊള്ളയടിക്കുകയാണ്. ബാബരി മസ്ജിദ് തകര്‍ത്ത കാലത്ത് ‘ഭാരതത്തില്‍ ഭയത്തിന് മാത്രമാണ് ഭയം കൂടാതെ സഞ്ചരിക്കാന്‍ കഴിയുന്നത്’ എന്ന് സുകുമാര്‍ അഴീക്കോട് പറഞ്ഞു. ഇത് ഇന്ന് ശരിയായി വന്നിരിക്കുന്നു. ദേശീയഗാനം ചൊല്ലുമ്പോള്‍ എഴുന്നേറ്റുനിന്നാല്‍ മാത്രം പോരാ, നില്‍ക്കുന്നു എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍കൂടി നിര്‍ബന്ധിതനാകുന്നു. കമലിനെ കമാലുദ്ദീന്‍ എന്ന് വിളിക്കുന്നതിലൂടെ ‘നീ മുസ്ലിം അല്ലാതെ വേറൊന്നുമല്ല’ എന്നാണ് അവര്‍ പറഞ്ഞുവെക്കുന്നത്.
ടി.ഡി. രാമകൃഷ്ണന്‍
വര്‍ഗീയ ഫാഷിസ്റ്റുകള്‍ക്കെതിരെ തീര്‍ക്കുന്ന പ്രതിരോധങ്ങള്‍ ഭിന്നിക്കപ്പെടുന്നത് ആശങ്കജനകമാണ്. കൂട്ടമായ പ്രതിരോധരീതി സാധ്യമാകാതെ വരുന്നു. അറിഞ്ഞോ അറിയാതെയോ എഴുത്തുകള്‍ അരാഷ്ട്രീയ സ്വഭാവം കൈവരിക്കുന്നതും വളരെ ഗൗരവമേറിയ ഒന്നാണ്. അക്ഷരങ്ങളെ ഭയക്കുന്ന ഈ വിഭാഗത്തിനെതിരെ വലിയതോതിലുള്ള സര്‍ഗാത്മക പ്രതിരോധമാണ് ഉയര്‍ന്നുവരേണ്ടത്.
കൂട്ടില്‍ മുഹമ്മദലി
കലാകാരനെ സംബന്ധിച്ചം ഡി.എന്‍.എ ടെസ്റ്റ് ആണ് ഇപ്പോള്‍ നടക്കുന്നത്. യഥാര്‍ഥ എഴുത്തുകാര്‍ ആരെന്ന് കാലം തെളിയിക്കും. കമ്യൂണിസ്റ്റുകാര്‍ മുമ്പ് അനുഭവിച്ച പ്രശ്നമാണ് ഇപ്പോള്‍ മുസ്ലിം ലോകം അനുഭവിക്കുന്നത്. ഇരകളുടെ പക്ഷത്ത് നിന്നുകൊണ്ട് ഞങ്ങള്‍ നിങ്ങളുടെ കൂടെയാണ് എന്നു പറയാനുള്ള ധൈര്യം എഴുത്തുകാര്‍ കാണിക്കണം. ജീവന്‍ പണയം വെച്ചുപോലും അവര്‍ ഇരകളോടൊപ്പം നില്‍ക്കണം. ആ രക്തസാക്ഷിത്വമാണ് ഏറ്റവും വലിയ ആവിഷ്കാരം.
ഡോ. യാസീന്‍ അശ്റഫ്
ആവിഷ്കാരങ്ങളെ എത്ര തകര്‍ക്കാന്‍ ശ്രമിച്ചാലും അക്ഷരം ബാക്കിയാകും. സര്‍ഗശേഷിയില്ലാത്ത ആള്‍ക്കൂട്ടത്തെയല്ല, സര്‍ഗശേഷിയുള്ള മനുഷ്യരെയാണ് നമുക്ക് വേണ്ടത്. ഫാഷിസവും അസ്വാതന്ത്ര്യവും മുറ്റത്തത്തെിനില്‍ക്കുമ്പോള്‍ മനുഷ്യരാവുക എന്നതാണ് നമുക്ക് ചെയ്യാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.