മലബാർ വിപ്ലവ ചരിത്രത്തിൽ പരാമർശിക്കാത്ത 246 പേർ കൊല്ലപ്പെട്ട മേൽമുറി-അധികാരത്തൊടി കൂട്ടക്കൊലയെക്കുറിച്ച് മാധ്യമം ലേഖകൻ നടത്തുന്ന അന്വേഷണം ഇൗ ലക്കം ആഴ്ചപതിപ്പിൽ
കോഴിക്കോട്: മലപ്പുറം പട്ടണത്തിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ അകലെയുള്ള മേൽമുറിയിലെയും അധികാരത്തൊടിയിലെയും ആ ഖബറുകൾക്ക് പറയാനുള്ളത് വലിയൊരു പോരാട്ടത്തിെൻറ കഥയാണ്. ബ്രിട്ടീഷ് രാജിനെതിരെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൻപട നടത്തിയ ധീരോദാത്തമായ പ്രതിരോധത്തിെൻറ കഥ. 1921 ഒക്ടോബർ 25 ന്, ബ്രിട്ടീഷ് സൈനിക വിഭാഗമായ ഡോർസെറ്റ് റെജിമെൻറ് നടത്തിയ സമാനതകളില്ലാത്ത നരഹത്യയുടെ ബാക്കിപത്രമാണ് ഇൗ ഖബറുകൾ.
പീരങ്കിയുൾപ്പെടെ വൻ സന്നാഹങ്ങളുമായി മേഖലയിലെത്തിയ സൈന്യം 246 പേരെയാണ് ഏതാനും മണിക്കൂറിനുള്ളിൽ കൊലചെയ്തത്. മലബാർ വിപ്ലവത്തിലെ സവിശേഷ ഏടുകളിലൊന്നായിട്ടും ചരിത്രകാരന്മാർ അവഗണിച്ച ഇൗ സംഭവത്തിെൻറ ഉള്ളറകൾതേടുകയാണ് ഇൗ ലക്കം മാധ്യമം ആഴ്ചപതിപ്പ്. 350ലേറെ പേർ കൊല്ലപ്പെട്ട പൂക്കോട്ടൂർ യുദ്ധത്തിെൻറ കണ്ണീരുണങ്ങും മുമ്പാണ് ഏതാനും കിലോമീറ്റർ അകലെ വീണ്ടും ബ്രിട്ടീഷ് സൈനിക നരഹത്യ അരങ്ങേറിയത്.ബ്രിട്ടീഷ് ലെഫ്റ്റനൻറുമാരായ ഹെവിക്, ഗോഫ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഒാപറേഷനിൽ ആളുകളെ വെടിവെച്ച് കൊല്ലുകയും വീട് കൊള്ളയടിച്ച ശേഷം ചുെട്ടരിക്കുകയുമായിരുന്നത്രെ.
വീട്ടുമുറ്റത്ത് വെച്ച് വെടിയേറ്റ് മരിച്ചവരെ അവിടെതന്നെ മറവ് ചെയ്യുകയായിരുന്നു. ഒരു ഖബറിൽ തന്നെ ഒന്നിലധികം പേരെ ഖബറടക്കിയിട്ടുണ്ട്. അത്തരത്തിലുള്ള ഒമ്പത് ഖബറുകളാണ് ഇപ്പോഴും പിന്മറുക്കാരാൽ സംരക്ഷിക്കപ്പെട്ടിട്ടുള്ളത്. ഇവിടെ അടക്കം ചെയ്യപ്പെട്ട 40 ആളുകളുടെ പേരുവിവവങ്ങൾ ശേഖരിക്കാനും ‘മാധ്യമം’ ലേഖകൻ െഎ.സമീൽ നടത്തിയ അന്വേഷണത്തിൽ സാധിച്ചു. ചരിത്രകാരന്മാർ അവഗണിച്ച ഇൗ സംഭവത്തിെൻറ സാമൂഹികവും രാഷ്ട്രീയവുമായ കാരണങ്ങൾ കൂടി ഇൗ പഠനത്തിലൂടെ അന്വേഷണ വിധേയമാക്കുന്നു. ആഴ്ചപതിപ്പ് തിങ്കളാഴ്ച വിപണിയിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.