കഥയില്ലായ്മയുള്ള കഥകളെഴുതാൻ ഗ്രേസിക്ക് സാധിക്കാത്തത് അടിസ്ഥാനപരമായി അവർ കാഥികയായതുകൊണ്ടാണ്. ഗ്രേസിയുടെ കഥകളിലെല്ലാം കഥാകാരിയുടെ നനുത്ത പുഞ്ചിരിയാർന്ന പതിഞ്ഞ ശബ്ദം കേൾക്കുന്നുണ്ട്. സമൂഹത്തിനുനേരെ തുറന്നുവെക്കുന്ന മറ്റൊരു കണ്ണുംകാതുമാണ് ഗ്രേസിക്ക് കഥകൾ നൽകുന്നത്. നല്ലൊരു നിരീക്ഷകയാണവർ. കാഴ്ചകളും കേൾവികളും മറുകഥയാക്കാനുള്ള മിടുക്കാണ് ഗ്രേസിയുടെ കഥനകലയുടെ കാതൽ. വിമർശനാത്മകമായ നർമചാരുതയിൽ അവരെ അതിശയിപ്പിക്കുന്ന കഥാകാരികളില്ല. സ്വച്ഛവും സാന്ദ്രവുമായി കഥപറയാൻ കെൽപുള്ള മനസ്സ് ഗ്രേസിയിൽ തുടരുന്നതിെൻറ സാക്ഷ്യമാണ് ഏറ്റവും പുതിയ കഥകളുടെ സമാഹാരമായ ‘പ്രണയം അഞ്ചടി ഏഴിഞ്ച്.’ ഇൗ ശീർഷകത്തിൽതന്നെ പ്രണായതുരതയുടെ കാപട്യങ്ങൾക്കുനേരെയുള്ള വിമർശനമുണ്ട്. ഇത് കാമുകിയുടെ പ്രണയത്തിെൻറ ആശാരിക്കോൽക്കണക്കാണ്. കാമുകന് അഞ്ചടി ഒരിഞ്ചാണ് കണക്ക്. ആറിഞ്ച് പ്രണയബാക്കിയിൽ അഭിരമിക്കുന്ന വീണയുടെയും (ദുർ)ഗുണ ശേഖരന്മാരുടെയും പ്രണയാസക്തരാവുന്ന ‘മൂർത്തി’മദ്ഭാവത്തിെൻറയും കഥയാണിത്. ജോലിസ്ഥലങ്ങൾ പുതുകാലത്ത് സ്ത്രീയുടെ ശരീരനിലയുടെ പ്രലോഭനങ്ങളിൽ പുലരുന്നതിെൻറയും പുരുഷെൻറ ഗൂഢാഭിനിവേശങ്ങൾക്കുമേൽ സ്ത്രീ അഭിനവതാത്രിയാവുന്നതിെൻറയും ദൃശ്യാത്മക വിവരണമാണ് ഇൗ കഥ. വിഷലിപ്തമായ മനോനിലയുമായി ജീവിക്കുന്ന നവലോകത്തെ അനാവരണം ചെയ്യുന്ന ശക്തമായ കഥയാണിത്. അലസമായി പറഞ്ഞുപോകുന്ന ആഖ്യാനത്തിെൻറ പരിണാമഗുപ്തിയിലാണ് ഗൗരവം നീരവസാന്നിധ്യമാവുന്നത്.
ഇൗ കഥാപുസ്തകത്തിലെ പതിനേഴ് കഥകളും വ്യത്യസ്തമായ പ്രമേയംകൊണ്ടും ആഖ്യാനവൈവിധ്യംകൊണ്ടും വേറിട്ടുനിൽക്കുന്നു. കർക്കശക്കാരനായ അപ്പനെ കെട്ടജീവിതത്തിലൂടെ കോപിപ്പിക്കുന്ന മകളുടെ കഥയാണ് ഗവേഷണം. അപ്പെൻറ സ്നേഹരാഹിത്യത്തിനുനേരെ അരാജകജീവിത പശ്ചാത്തലം സൃഷ്ടിച്ച് പ്രതികരിക്കുന്ന മകൾ. അപ്പെൻറ പണപ്പെട്ടിക്ക് മൂത്താശാരിയെ സ്വാധീനിച്ച് ഇരട്ടത്താക്കോൽ പണിയിപ്പിച്ച് അത് അരഞ്ഞാച്ചരടിൽ സൂക്ഷിക്കുന്ന മകൾ. ‘‘കാശൊണ്ടാക്കാനുള്ള വഴി എെൻറ അരേലൊണ്ട്’’ എന്ന് ദ്വയാർഥത്തിൽ അപ്പനെ അസ്വസ്ഥനാക്കുകയാണ്. ദലിതനായ ബസിലെ കിളിയെ പ്രണയിച്ചപ്പോഴും അപ്പൻ എതിർത്തില്ല. പണാധിഷ്ഠിത സമൂഹത്തിൽ ബന്ധങ്ങൾ അന്യമാവുന്നതിനെക്കുറിച്ചുള്ള സരസൻ കഥയാണിത്. രണ്ട് മതദൈവങ്ങൾ തമ്മിലുള്ള സ്പർധക്ക് മനുഷ്യൻ കരുവാകുന്ന കഥയാണ് ‘തിരുമുമ്പാകെ’. മനുഷ്യജീവിതത്തിൽ ദൈവങ്ങൾ ഇടപെടുന്നു. ജാതിമത വിഭാഗീയ ചിന്തകൾക്കപ്പുറത്ത് വിശപ്പാണ് അടിസ്ഥാനപ്രശ്നം എന്ന മനുഷ്യാവസ്ഥക്കുമേൽ (‘വയറോളം വരുമോ ജാതി?’ എന്ന് കഥയിൽ ചോദിക്കുന്നുണ്ട് ) ദൈവം പരാജയപ്പെടുകയാണ് ‘മൂന്നാമൻ’ എന്ന കഥയിൽ. മകൻ നഷ്ടപ്പെട്ട അമ്മ. കാപ്പി ഒരു പ്രതീകമായി പുത്രസ്മരണ വരുന്നു. ചില ഭൂതകാല സംഭവങ്ങളിലേക്ക് ഒാർമകളെ നയിക്കുന്ന കഥയാണിത്. മാജിക്കൽ റിയലിസത്തിെൻറ ചില സേങ്കതങ്ങൾ ഇൗ കഥയുടെ ചാരുത വർധിപ്പിക്കുന്നു. വർത്തമാനകാല സ്ത്രീയവസ്ഥയുടെ നേർച്ചിത്രമാണ് ‘മരിച്ചവരുടെ സമയം’. പുരുഷൻ നിലനിർത്തുന്നത് സ്ത്രീ ഉന്മൂലനം ചെയ്യുന്ന ഗാർഹികാവസ്ഥ ഇൗ കഥയിൽ വ്യക്തമാണ്. ചുമരിലെ ഒാർമച്ചിത്രങ്ങൾക്കിടയിൽ നിലയ്ക്കുന്ന ക്ലോക്ക് എന്ന ബിംബത്തിലൂടെ കഥ നീങ്ങുേമ്പാൾ രണ്ട് മനസ്സുകളുടെ അനുരഞ്ജനം അസാധ്യമാവുന്ന മുഹൂർത്തങ്ങൾ ഗ്രേസി ഗംഭീരമാക്കുന്നു. ഭൂതകാലത്തോടുള്ള ആദരവുകൂടിയാണ് മരിച്ചവരുടെ ഛായാപടങ്ങൾ. പ്രായോഗികതയുടെ ആൾരൂപമായ ഭാര്യക്കും അവ അസ്വസ്ഥപ്പെടുത്തുന്ന മുഖങ്ങൾ മാത്രം. വയലിെൻറ ഛായയിലുള്ള ക്ലോക്ക് ഇൗ ചുമരിൽ ചലനാത്മകമാകുന്നില്ല. ‘‘മരണത്തെ ജീവിതംകൊണ്ടാണ് നേരിടേണ്ടത്’’ എന്ന ഭർത്താവിെൻറ തത്ത്വശാസ്ത്രത്തെ ഭാര്യ നേരിടുന്നുണ്ട്. ചുമരിനെ പരലോകമാക്കാൻ തയാറാകാത്ത ഭാര്യ ചിത്രങ്ങൾ മാറ്റി പുതിയ ചായമടിക്കുന്നു. കുടുംബജീവിതത്തിലെ പ്രതിസ്പന്ദങ്ങളാണ് ഇൗ കഥയുടെ ജീവൻ. ‘അഭയപുരാണം’ എലികൾ കഥാപാത്രമായി വരുന്ന കഥയാണ്. താളിയോലകളുടെ സംരക്ഷകനായ അയാൾ എലികളുടെ പക്ഷത്തുനിൽക്കുന്നു. പൂച്ചക്ക് എലിയുടെ തൂക്കം മാംസം തുടയിൽനിന്ന് മുറിച്ചെടുത്ത് നൽകുന്നു. വംശംവർധിപ്പിച്ച എലികൾ താളിയോലകൾ കരണ്ടുതീർത്ത് അയാളുടെ ശരീരത്തെ ഇല്ലാതാക്കുന്ന പശ്ചാത്തലത്തിൽ കഥ അവസാനിക്കുന്നു. അധിനിവേശവുമായി ബന്ധപ്പെട്ട പരികൽപനകളിലേക്ക് വെളിച്ചം നൽകുന്ന കഥയാണിത്. പൂച്ച വേട്ടക്കാരനും എലി ഇരയുമായിരുന്ന തട്ടിൻപുറ കഥകളിൽനിന്ന് പൂച്ചയെ വിഡ്ഢിയാക്കി വിജയിക്കുന്ന എലിയുടെ ബുദ്ധിയിലേക്ക് ടോം ആൻഡ് ജെറി പരമ്പര വിന്യസിക്കുന്ന കാലമാണ്. എലിക്കുമുന്നിൽ പൂച്ച ഭയക്കുന്ന പുതുകാലം. ഇൗ കഥ ലോകരാഷ്ട്രീയംവരെ ചർച്ചചെയ്യുന്നുണ്ട്. വികസനം, പുനരധിവാസം, രാഷ്ട്രീയം, ബുദ്ധിജീവികൾ, സാംസ്കാരിക നായകന്മാർ, അന്താരാഷ്ട്ര പ്രശ്നങ്ങൾ എല്ലാം ഉള്ളിലൊതുക്കാൻ ഇൗ ചെറിയ കഥക്ക് കഴിഞ്ഞിട്ടുണ്ട്.
‘ഡൽഹിയിൽനിന്ന് ഒരു വിവർത്തന കഥ’ കൊലപാതക രാഷ്ട്രീയം ചർച്ചചെയ്യുകയാണ്. കുറ്റവാളികൾക്ക് പശ്ചാത്താപ പരിസരമൊരുക്കേണ്ട നീതിശാസ്ത്രത്തെപ്പറ്റി ഇൗ കഥ ചർച്ചെചയ്യുന്നു. ക്രൂരമായ കുറ്റകൃത്യങ്ങൾ വാർത്താ പരമ്പരയാവുന്ന പത്ര^ദൃശ്യ മാധ്യമ സംസ്കാരത്തിലെ അപകടങ്ങളെ വിശകലനം ചെയ്യുന്ന കഥകൂടിയാണിത്. ജീവിതം ദൈവസമ്മാനമാണെന്ന് തോന്നിത്തുടങ്ങുന്നത് അറുപത് പിന്നിടുേമ്പാഴാണ്. പ്രകൃതിയാണ് നമ്മളെ സംരക്ഷിച്ചിരുന്നതെന്നും ആ പരിതഃസ്ഥിതിയെ നമ്മൾ സ്നേഹാദര സമന്വിതമായി നോക്കിക്കണ്ടില്ലെന്നും തിരിച്ചറിയുന്ന കാലം. പൂക്കളിൽ മനുഷ്യാവസ്ഥ ആരോപിച്ച് അരികുജീവിതകഥ പറയുന്ന ലഘുകഥയാണ് ‘എന്തതിശയമേ’. ‘ലളിതസങ്കീർണം’ കോളജിലെ പശ്ചാത്തലത്തിൽ രണ്ട് സംസ്കാര ധാരകളുടെ വിഘടനത്തിെൻറ കഥ പറയുകയാണ്. ജാതീയമായ അഭിമാനവും ദുരഭിമാനവും കൊണ്ടുനടക്കുന്ന സമൂഹം; സ്വത്വം വികസിപ്പിക്കാനാവാതെ ജാതിശ്രേണിയുടെ തടവിൽ കഴിയുന്നവർ തുടങ്ങി ദ്വന്ദ്വങ്ങളും സങ്കീർണതകളുമാണ് കഥയുടെ ജൈവികത. അനുഭവങ്ങൾക്ക് അലങ്കാരം നൽകി കഥമെനയാൻ, അതിനെ കാലാനുസാരിയാക്കി പുനഃസൃഷ്ടിക്കാൻ ഗ്രേസിക്കുള്ള മികവിന് ഉദാഹരണമാണ് ഇൗകഥ. ഭക്ഷണത്തിൽ നിലനിൽക്കുന്ന സവർണ ^അവർണ പ്രത്യയശാസ്ത്രങ്ങളെ വരെ ഇൗ കഥ വിശകലനം ചെയ്യുന്നുണ്ട്. നവോത്ഥാനം ഒരു വാക്ക് മാത്രമായി നിലനിൽക്കുമെന്നും അത് പ്രായോഗികമാക്കാൻ കെൽപ്പില്ലാത്ത നവകേരള സമൂഹമാണ് നിലവിലുള്ളതെന്നും ഒാർമിപ്പിക്കുന്ന കഥയാണ് ‘ലളിത സങ്കീർണം’. ‘നാലര വയസ്സുള്ള കുട്ടി’ സങ്കൽപത്തിെൻറയും യാഥാർഥ്യത്തിെൻറയും വിഭ്രമാവസ്ഥയുടെയും ഇടയിൽ ജീവിക്കുന്ന സ്ത്രീയുടെ കഥയാണ്. ഒരു അബോർഷൻ സൃഷ്ടിച്ച വിഹ്വലതയുടെ ബാക്കിപത്രത്തിെൻറ ആഖ്യാനമാണ് ഇൗ കഥ. ഷെർലക്ഹോംസിനെ ധ്യാനിക്കുന്ന ഒരാളുടെ വിചിത്രജീവിത കഥയാണ് കുറ്റച്ചിത്രങ്ങൾ. അവനവനിൽ ഷെർലക്ഹോംസിനെ പ്രതിഷ്ഠിച്ച് പരാജയപ്പെടുന്ന ദുരന്തം ഇൗ കഥയെ വായനാനുഭവമാക്കുന്നു. ചിത്രകാരനും കൊലയുമായി വിചിത്രമായ അന്തരീക്ഷമൊരുക്കുന്ന കഥ.
പകൽ മന്ദഗതിക്കാരനും രാവിൽ ആക്രാന്തനുമായ ഒരു പുരുഷെൻറ ആലസ്യത്തിെൻറയും ആസക്തിയുടെയും കഥയാണ് ‘മന്ദാക്രാന്താ’. വൃത്തഘടനയെ കൂട്ടുപിടിച്ചുള്ള മനുഷ്യചിത്രം മലയാളകഥയിൽ ആദ്യമാണ്. എട്ടക്ഷരമുള്ള അനുഷ്ടുപ്പ്വൃത്തത്തിലാണ് ഇൗ വിദ്വാൻ കിടപ്പറയിലേക്ക് പ്രവേശിക്കുന്നതുതന്നെ. എന്നെ തൊടുന്നപാടേ ‘രംനരം ല ഗുരുവും രഥോദ്ധതാ’ എന്നാവും. പന്ത്രണ്ടാൽ മസജം സതംത ഗുരുവും ശാർദൂലവിക്രീഡിതം എന്ന് കടിച്ചുകുടയും. യകാരങ്ങൾ നാലോ ഭുജംഗപ്രയാതം എന്ന് ബാത്ത്റൂമിലേക്ക് പോവുകയും ചെയ്യും. വീട്ടുകാര്യങ്ങൾ ചെയ്യുേമ്പാഴോ? മന്ദാക്രാന്താ മദനതതഗം നാലുമാറേഴുമായ്ഗം’ എന്ന മട്ട്. (പുറം: 82). ഇൗ പുരുഷെൻറ കൂടെ പാർക്കുന്ന പെണ്ണിന് ഭ്രാന്തുപിടിക്കാതിരിക്കാൻ സ്വപ്നങ്ങളിൽചെന്ന് പാർക്കുകയല്ലാതെ പോംവഴിയില്ലെന്ന് ഭാര്യ അസന്ദിഗ്ധയാവുന്നിടത്ത് കഥ അവസാനിക്കുന്നു.
കാലം എല്ലാ കഥകളിലും പതിഞ്ഞുകിടപ്പുണ്ട്. കാലമുദ്രകൾ പുലരുന്ന ഇൗ കഥകളിൽ ഗ്രേസിയുടെ ജീവിതവീക്ഷണവും ഉൾച്ചേർത്തിട്ടുണ്ട്. നർമനിർമമതയോടെ ജീവിതത്തെ നോക്കിക്കാണുന്ന മനസ്സാണ് ഗ്രേസിയുടേത്. ചുറ്റുപാടുകൾ നൽകുന്ന അസ്വസ്ഥതകളാണ് ഗ്രേസിക്ക് കഥാവിഷയം. മനസ്സിലെഴുതി പാകപ്പെടുത്തി പകർത്തിയെഴുതി മാറ്റിയെഴുതി മിനുക്കിയെടുക്കുന്ന സൂക്ഷ്മമായ തച്ചുശാസ്ത്രം പല കഥകളിലും കാണുന്നില്ല. മുൻകാല കഥകളിലെ സൂക്ഷ്മതയുമായി താരതമ്യപ്പെടുത്തുേമ്പാഴുണ്ടാകുന്ന നേരിയ വിമർശനമാണിത്. എന്നിട്ടും പുതിയ കഥാകാരികളിൽനിന്ന് കഥാത്മകതയിൽ അഞ്ചടി ഏഴിഞ്ചല്ല അതിലും എത്രയോ അളവിെൻറ ബഹുദൂരത്തിലാണ് ഗ്രേസിയുടെ നില.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.