കോഴിക്കോട്: സംഘ്പരിവാർ സംഘടനകളുടെ ഭീഷണിയെ തുടർന്ന് പാതിവഴിയിൽ നിർത്തേണ്ടിവന്ന ‘മീശ’ നോവലിന് പിന്തുണയുമായി സൈബർ ലോകം. എഴുത്തുകാരനൊപ്പം നിലകൊണ്ടതിനൊപ്പം ആവിഷ്കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണത്തിെല ആശങ്കയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. രാജ്യത്ത് വളർന്നുവരുന്ന അസഹിഷ്ണുത കേരളക്കരയിലുമെത്തിയതിെൻറ വേവലാതികളാണ് വേറെ ചിലർ ഉന്നയിക്കുന്നത്. സാംസ്കാരിക മേഖലക്കു പുറമെ രാഷ്ട്രീയകേരളവും എഴുത്തുകാരനൊപ്പം േചർന്നുനിന്ന അപൂർവ കാഴ്ച.
ലോകംകണ്ട എക്കാലത്തെയും സ്വേച്ഛാധിപതി പാതി മീശക്കാരൻ ഹിറ്റ്ലറുടെ ചിത്രം വരച്ചാണ് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ് നോവൽ പിൻവലിച്ചതിനെതിരായ രോഷം പ്രകടിപ്പിക്കുന്നത്. ഹിറ്റ്ലറുടെ മീശയിലേക്ക് ചൂണ്ടി ‘ഇനി മുതൽ ഇൗ മീശ മതി’യെന്ന ചിത്രസഹിതമുള്ള ഫേസ്ബുക്ക് പോസ്റ്റ് നൂറുകണക്കിന് പേരാണ് ഷെയർ ചെയ്തത്.
‘‘നല്ല പ്രതിഭയുള്ള നട്ടെല്ലുള്ള മനുഷ്യനാണ് എസ്. ഹരീഷ്. അയാള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ പ്രതിരോധിക്കേണ്ട പ്രസാധകര് പിന്‍വലിഞ്ഞു. അത് മാത്രമാണ് നടന്നത്. മാതൃഭൂമിക്ക് ‘മീശ’ വേണ്ടെങ്കില്‍ അതേറ്റെടുക്കാന്‍ ആയിരം പ്രസാധകര് വേറെ വരും’’ -സംവിധായകൻ ആഷിക് അബു കുറിച്ചു.
‘‘എഴുത്തും വായനയും സാർവത്രികമായതോടെ സ്വന്തം സമുദായത്തിലെയും മതത്തിലെയും അനാചാരങ്ങളെ വിമർശിച്ചുകൊണ്ട് എത്രയോ എഴുത്തുകാർ രംഗത്തുവന്നു. പൊൻകുന്നം വർക്കി, എം.പി. പോൾ, സി.ജെ. തോമസ്, വൈക്കം മുഹമ്മദ് ബഷീർ, കെ.ടി. മുഹമ്മദ്, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങി എത്രയോ പേർ. ആ മഹത്തായ പാരമ്പര്യത്തിന് മുറിവേറ്റിരിക്കുന്നു’’ എന്ന് കവി പി. രാമൻ.
സദാചാരത്തിെൻറ പേരിൽ അമ്പലത്തെയും കാമത്തെയും തമ്മിൽ ബന്ധപ്പെടുത്തിയതിനെപ്പറ്റി പുസ്തകം പിൻവലിക്കണമെങ്കിൽ വി.ടിയുടെ ‘കണ്ണീരും കിനാവും’ അല്ലേ ആദ്യം പിൻവലിക്കേണ്ടതെന്നാണ് തനൂജ ഭട്ടതിരി ചോദിക്കുന്നത്.
അമ്പലക്കമ്മിറ്റി പ്രസിഡൻറിനും പൂജാരിക്കും പള്ളിക്കമ്മിറ്റി പ്രസിഡൻറിനും വികാരിയച്ചനും കാണിച്ചശേഷം നോവൽ പ്രസിദ്ധീകരണത്തിന് അയക്കുന്ന പാവം എഴുത്തുകാരെൻറ ഗതിയാണ് പി.കെ. പാറക്കടവ് ഫേസ്ബുക്കിൽ കുറിച്ചത്.
നോവൽ പിൻവലിച്ച വാർത്ത കൈകാര്യം ചെയ്ത പ്രമുഖ പത്രങ്ങളുടെ രീതിയെയും പരിഹസിച്ചു ചിലർ. സംഘ്പരിവാർ ഭീഷണിയാണ് നോവല്‍ പിന്‍വലിക്കുന്നതിന് കാരണമെന്ന് പറയാൻ മടിച്ച പ്രമുഖ പത്രങ്ങൾ ഒറ്റക്കോളത്തിൽ വാർത്ത ഒതുക്കിയതായി ഇവർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.